പടച്ചവനോടുള്ള സ്നേഹത്തിൽ പടപ്പുകളെ സേവിക്കുക
text_fieldsഅബ്ദുശ്ശുക്കൂർ മൗലവി അൽ ഖാസിമി (ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് അംഗം)
റമദാൻ അതിമഹത്തായ ആരാധനകളുടെ കാലമായതിനോടൊപ്പം സമുന്നത ഗുണങ്ങളുടെ പാഠശാല കൂടിയാണ്. പടച്ചവനെ സ്നേഹിച്ചാരാധിക്കുകയും ആ സ്നേഹത്തെ കരുതി പടപ്പുകെളയും സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുകയെന്നതാണ് ഈ മാസത്തിന്റെ പാഠം. പടച്ചവന്റെ പ്രീതിക്കായി പകലന്തിയോളം നോമ്പനുഷ്ഠിക്കുകയും ഇരവുകളിൽ നമസ്കരിക്കുകയും ചെയ്യുന്ന നോമ്പുകാരൻ പൈദാഹക്കാരുടെ വേദനകൾ മനസ്സിലാക്കി അവർക്ക് അന്നപാനീയങ്ങൾ എത്തിച്ചുകൊടുക്കുന്നു. രോഗികളുടെയും മാനസികദുഃഖിതരുടെയും വേദന തിരിച്ചറിഞ്ഞ് അവരെ ആശ്വസിപ്പിക്കുന്നതിലേക്കു തിരിയുന്നു.
മുഹമ്മദ് നബി അരുളി: നാളെ പരലോകത്ത് പടച്ചവൻ ചോദിക്കുന്നു: അല്ലയോ ദാസാ, ഞാൻ രോഗിയായിട്ടും നീ എന്തേ സന്ദർശിച്ചില്ല? അടിമ പറയും: പടച്ചവനേ, നീ എപ്പോഴാണ് രോഗിയായത്? നീ രോഗങ്ങൾ ഭേദമാക്കുന്നവനാണല്ലോ? പടച്ചവൻ പറയും: എന്റെ ഒരു ദാസൻ രോഗിയായിരുന്നു. നീ അവനെ സന്ദർശിച്ചിരുെന്നങ്കിൽ എന്നെ അവിടെ കാണാമായിരുന്നു. ശേഷം ചോദിക്കും: ഞാൻ വിശന്നപ്പോൾ നീ ഭക്ഷിപ്പിക്കാതിരുന്നത് എന്താണ്? അടിമ പറയും: പടച്ചവനേ, നീ എപ്പോഴാണ് വിശന്നവനായത്? നീ ആഹാരം നൽകുന്നവനല്ലേ? പടച്ചവൻ പറയും: എന്റെ ഒരു ദാസന് വിശന്നിരുന്നു. അവനെ ആഹരിപ്പിച്ചിരുന്നുവെങ്കിൽ അതിന്റെ പ്രതിഫലം ഇവിടെ കാണാമായിരുന്നു.
ഈ തിരുവചനത്തിൽ പരാമർശിച്ച രോഗീസന്ദർശനവും അന്നദാനവും പ്രതീകാത്മകമാണ്. പടച്ചവന്റെ പൊരുത്തം കരുതി ആവശ്യക്കാരെ സേവിക്കുന്നതും സ്നേഹിക്കുന്നതുമെല്ലാം ഇതിൽപെടും. റമദാൻ മാസത്തിന്റെ ഈ രണ്ടു പ്രധാന ഗുണങ്ങളും പരമാവധി ഉണ്ടാക്കിയെടുക്കുക. പ്രാർഥനകൾ അധികരിപ്പിക്കുന്നതിനൊപ്പം പടച്ചവന്റെ ഗ്രന്ഥമായ പരിശുദ്ധ ഖുർആൻ പാരായണവും ശ്രവണവും പഠനവും പ്രബോധനവും വർധിപ്പിക്കുക. സൃഷ്ടികളെയെല്ലാം സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക.
കൺസേൺ വേൾഡ് വൈഡ് എന്ന അന്താരാഷ്ട്ര ഗവേഷണ കേന്ദ്രം വെൽത്ത് ഹംഗർ ലൈഫ് എന്ന സംഘടനയുമായി സഹകരിച്ച് എല്ലാ വർഷവും ലോകത്തെ വിശന്നവരുടെ കണക്കെടുപ്പ് നടത്താറുണ്ട്. അവരുടെ ഈ വർഷത്തെ റിപ്പോർട്ടനുസരിച്ച് വിശന്ന പൗരന്മാർ ധാരാളം അധിവസിക്കുന്ന 116 രാജ്യങ്ങളിൽ ഇന്ത്യയുമുണ്ട്.
ഖുർആൻ പ്രസ്താവിക്കുന്നു: അല്ലാഹുവിനോടുള്ള പ്രിയത്തിന്റെ പേരിൽ സാധുക്കൾക്കും അനാഥർക്കും തടവുകാർക്കും അവർ ആഹാരം നൽകുന്നു. അവർ പറയുന്നു: അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി മാത്രമാണ് ഞങ്ങൾ നിങ്ങൾക്ക് ആഹാരം നൽകുന്നത്. നിങ്ങളിൽനിന്ന് പ്രത്യുപകാരമോ നന്ദിയോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല (ദഹ്ർ 8-9). നിഷ്കളങ്ക മനസ്സോടെ സാധുക്കൾക്ക് ആഹാരം കൊടുക്കുന്നതിനെ അടിസ്ഥാന നന്മയായാണ് ഈ വചനങ്ങൾ ഉണർത്തുന്നത്. വിശന്നവർക്ക് ആഹാരം കൊടുക്കാതിരിക്കുന്നതും അതിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കാതിരിക്കുന്നതും കടുത്ത കുറ്റമായി വിവിധ സ്ഥലങ്ങളിൽ ഉണർത്തിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.