കാരുണ്യത്തിന്റെ പ്രയോഗങ്ങൾ
text_fieldsലോകത്തെ മുഴുവൻ സൃഷ്ടികൾക്കും കാരുണ്യമായാണ് പ്രവാചകനെ അല്ലാഹു ഈ ലോകത്തേക്ക് പറഞ്ഞയക്കുന്നത്. ഈ കാരുണ്യത്തെ സമൂഹത്തിലേക്ക് എത്തിക്കാനുള്ള മാർഗരേഖയാണ് തിരുനബിയുടെ ജീവിതം. ലോകാവസാനം വരെയുള്ള വിശ്വാസികളുടെ ലൈഫ് മാനിഫെസ്റ്റോ. അതിന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരമാണ് വിശുദ്ധ റമദാനിലെ ആദ്യ പത്തു ദിവസങ്ങൾ. കാരുണ്യത്തിന്റെ പത്ത് എന്നാണ് അതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. നമുക്ക് അല്ലാഹു നൽകിയ കാരുണ്യത്തെയോർത്ത് നന്ദി പ്രകടിപ്പിക്കുക. ആ കാരുണ്യത്തെ ഏതെങ്കിലും വിധേന നമുക്ക് ചുറ്റുമുള്ള സൃഷ്ടികളിലേക്കുകൂടിയെത്തിക്കുക. ഈ പത്തു ദിനങ്ങൾ നാം ഉപയോഗിച്ചത് ഇതിനാണ്.
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുന്ന പക്ഷം അവരുടെ അധിപനായ അല്ലാഹു നിങ്ങളോട് കരുണ കാണിക്കുമെന്ന തിരുനബിയുടെ വാക്കുകൾ നൽകുന്ന ആത്മവിശ്വാസമാണ് വിശ്വാസിയെ എന്നും പോസിറ്റിവ് ആയി ജീവിക്കാൻ പഠിപ്പിക്കുന്നത്. നമ്മുടെ സന്തോഷം സമൂഹത്തിന്റെ കൂടി സന്തോഷമാകണമെന്നാണ് അതിന്റെ ഉൾസാരം.
മനുഷ്യർ ഹൃദയം കൊണ്ട് ഒന്നാവണം. എന്റെ ഇഷ്ടങ്ങൾ എന്ന തലത്തിൽനിന്നു മാറി നമ്മുടെ ഇഷ്ടങ്ങൾ എന്ന ബഹുസ്വര സമീപനത്തിലേക്ക് ഉയർന്നുവരുമ്പോഴാണ് ശരിയായ വിശ്വാസം ഉണ്ടാകുന്നത്. കേവലം ആരാധനാ കർമങ്ങൾ കൊണ്ട് തൃപ്തി അടയുന്നതിനു പകരം അപരന്റെ ദുഃഖങ്ങൾ അറിയാനും അതു പരിഹരിക്കാനും വിശ്വാസികൾ മുന്നോട്ടുവരുന്നു. സകാത് പോലെയുള്ള കർമങ്ങൾ അവനെ അതിന് പര്യാപ്തമാക്കുന്നു. അന്യായമായി ആരുടെ സ്വത്തും അപഹരിക്കാതിരിക്കുന്നു. കച്ചവടങ്ങളിൽ മിതമായ വില ഏർപ്പെടുത്തി ഉപഭോക്താക്കളോട് കരുണ കാണിക്കുന്നു. അവരെ വഞ്ചിക്കാതിരിക്കുന്നു. എന്തിനു കച്ചവടം നടത്തുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം പോലും സമൂഹനന്മയായി മാറുന്നു. എവിടെയൊക്കെ നമ്മൾ കരുണ കാണിക്കണം? ജീവിതത്തിൽ ഒന്നാകെയെന്നാണ് ഉത്തരം. നമ്മൾ ജീവിക്കുന്ന ആവാസവ്യവസ്ഥയോട് ഓരോ നിമിഷാർധത്തിലും സ്നേഹത്തോടെ സഹവസിക്കാൻ സാധിക്കുമ്പോഴാണ് കരുണയെ ഒരു ജീവിത വ്യവസ്ഥിതിയാക്കി മാറ്റാൻ സാധിക്കുന്നത്. നമ്മുടെ ഓരോ ഇടപെടലുകളുടെയും ലക്ഷ്യം നിർണയിക്കുന്നിടത്ത് അത് മറ്റുള്ളവർക്കുകൂടിയാണെന്നു കരുതുമ്പോൾ കാരുണ്യത്തെ കൂടുതൽ പ്രാക്ടിക്കലായി കാണാൻ സാധിക്കും. റമദാൻ മാസത്തിലെ കാരുണ്യത്തിന്റെ പത്തു കഴിയുമ്പോൾ നമ്മെ മുന്നോട്ടു നയിക്കേണ്ടതും ഈ ലക്ഷ്യബോധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.