ആത്മീയതയും പോരാട്ടവും
text_fieldsറമദാൻ ആത്മീയതയിൽ കുളിച്ചുനിൽക്കുന്ന മാസമാണ്. ആത്മീയതയുടെ ഉയരങ്ങളിലേക്ക് വിശ്വാസിയെ കൈപിടിച്ചു നടത്തുന്ന രാപ്പകലുകൾ. എന്നാൽ, അതേ റമദാനിൽതന്നെയാണ് ചരിത്രത്തിലെ ഏറ്റവും നിർണായകപോരാട്ടമായ ബദ്ർ യുദ്ധം നടന്നത്. ബദ്ർ മാത്രമല്ല, ഇസ്‌ലാമിലെ പല സുപ്രധാന വിമോചനപോരാട്ടങ്ങളും അരങ്ങേറിയത് റമദാനിലാണ്.
മക്ക വിജയം, താരിഖ് ബിൻ സിയാദിെൻറ നേതൃത്വത്തിലുള്ള സ്പെയിൻ വിജയം, സലാഹുദ്ദീൻ അയ്യൂബിയുടെ നായകത്വത്തിൽ ബൈത്തുൽ മുഖ്ദിസ് വിമോചനം തുടങ്ങിയവ ഉദാഹരണം. അഥവാ, ആത്മീയതയും പോരാട്ടവും തമ്മിൽ വലിയ ബന്ധമുണ്ട്. ലോകത്ത് നടന്ന ഇസ്‌ലാമിക വിപ്ലവങ്ങളെല്ലാം ആഴത്തിലുള്ള ആത്മീയ കരുത്തിെൻറ പിന്‍ബലത്തിലാണ് വിജയം വരിച്ചത്.
ആത്മീയതയും വിമോചനവും സമ്മേളിക്കുന്ന ദർശനമാണ് ഇസ്‌ലാം. മനുഷ്യരുടെ പരലോകമോക്ഷം ഇസ്‌ലാമിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. അതോടൊപ്പം ഇഹലോകത്തെ അനീതി, അക്രമം, വിവേചനം, അടിമത്തം തുടങ്ങിയവയിൽനിന്നുള്ള വിമോചനവും ഇസ്‌ലാമിലൂടെ സാധ്യമാകുന്നു.
എത്രത്തോളം നമ്മൾ ആത്മീയമായ കരുത്ത് നേടുന്നുവോ, നമ്മുടെ മനസ്സ് അല്ലാഹുവിലേക്ക് അടുക്കുന്നുവോ അത്രകണ്ട് നമ്മൾ സാമൂഹികപ്രവർത്തനങ്ങളിലൂടെയും വിമോചനപോരാട്ടങ്ങളിലൂടെ കർമനിരതരാവും. ആത്മീയത സാമൂഹിക കെട്ടുപാടുകളിൽ നിന്നു ഒളിച്ചോടാനുള്ള പ്രേരണയല്ല നൽകുന്നത്. മറിച്ച്, അല്ലാഹുവിെൻറ മാർഗത്തിൽ കർമനിരതനാവാനും പോരാട്ടങ്ങളിൽ സധൈര്യം മുന്നോട്ടുപോകാനുള്ള ഊർജമാണ് സമ്മാനിക്കുന്നത്.
മുസ്ലിംസമൂഹം ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന പുതിയ കാലത്ത് അതിജീവനപാതയിൽ ആത്മാഭിമാനത്തോടെ സധൈര്യം മുന്നോട്ടുപോകാൻ റമദാനിലെ ആത്മീയത നമ്മളെ പ്രേരിപ്പിക്കുന്നു. പോരാട്ടഭൂമിയിൽ ഉറച്ചുനിൽക്കാനുള്ള കരുത്തും ഈ ആത്മീയതന്നെയാണ് നൽകുന്നത്. പോരാട്ടം എല്ലാവർക്കും സാധ്യമല്ല. അതു സാധ്യമാകണമെങ്കിൽ സ്വന്തം ഇച്ഛയോട് പോരാടി ദേഹേച്ഛയെ മെരുക്കിയെടുക്കണം. അതിനു സാധിക്കുന്നവർക്കേ മറ്റേതു പോരാട്ടത്തിനും കരുത്ത് ലഭിക്കുകയുള്ളൂ. ഇച്ഛയെ മെരുക്കിയെടുക്കാനാണ് റമദാനിലൂടെ വിശ്വാസികൾ പരിശീലിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.