റമദാനിൽ പ്രമേഹരോഗികൾ ശ്രദ്ധിക്കണം
text_fieldsകുവൈത്ത് സിറ്റി: റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം പ്രമേഹത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുമെന്ന് കുവൈത്ത് ഡയബറ്റിസ് സൊസൈറ്റി മേധാവിയും മുബാറക് ഹോസ്പിറ്റലിലെ എന്റോക്രൈനോളജിസ്റ്റുമായ ഡോ. വലീദ് അൽഥാനി. മിക്ക പ്രമേഹരോഗികൾക്കും റമദാനിൽ വ്രതം അനുഷ്ഠിക്കാമെന്നും കുവൈത്തിലെ എൻഡോക്രൈൻ ഫെല്ലോഷിപ് പ്രോഗ്രാം ഡയറക്ടർ കൂടിയായ ഡോ. വലീദ് അൽഥാനി പറഞ്ഞു. ഫർവാനിയ ഹോസ്പിറ്റലിലെ എന്റോക്രൈനോളജി വിഭാഗം സംഘടിപ്പിച്ച പ്രമേഹ ബോധവത്കരണ ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റമദാനിന് മുമ്പുള്ള മൂന്നു മാസങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവർത്തിച്ച് കുറയുന്നവർ ഹൃദയം, കണ്ണ്, നാഡി, കരൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ, ദിവസവും ഒന്നിലധികം തവണ കുത്തിവെപ്പ് എടുക്കുന്ന പ്രമേഹരോഗികൾ, പ്രമേഹമുള്ള ഗർഭിണികൾ എന്നിവർ ഉപവാസം ഒഴിവാക്കുന്നതാണ് നല്ലത്.
പ്രമേഹം, രോഗിയുടെ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന വിട്ടുമാറാത്ത രോഗമാണെന്നും മരുന്ന് കഴിക്കുന്നതിനൊപ്പം ജീവിതശൈലിയിൽ ക്രമീകരണം വരുത്തലും നിർദേശങ്ങൾ പാലിക്കേണ്ടതും ആവശ്യമാണെന്നും ഡോ. വലീദ് അൽഥാനി പറഞ്ഞു. അമിതവണ്ണം, ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ തുടങ്ങിയ മറ്റ് രോഗങ്ങളോടൊപ്പം പ്രമേഹം ഉണ്ടാകാം. കുവൈത്തിൽ 25 ശതമാനമാണ് രോഗനിരക്ക്.
പ്രമേഹമുള്ളവർ നോമ്പെടുക്കാൻ കഴിയുമോ എന്നറിയാൻ ഡോക്ടറെ സന്ദർശിക്കണമെന്ന് ഫർവാനിയ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ മേധാവി ഡോ. നൈല അൽ മസീദി പറഞ്ഞു. കൃത്യസമയത്ത് നോമ്പ് തുറക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, നിർജ്ജലീകരണം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ നോമ്പെടുക്കുന്ന രോഗികൾ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.
ഭക്ഷണത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതൽ ഉൾപ്പെടുത്തണം. പഞ്ചസാരയും കഫീനും കൂടുതലുള്ള മധുരപലഹാരങ്ങളും പാനീയങ്ങളും കഴിക്കുന്നത് ഒഴിവാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.