നോമ്പുകാലത്തും വ്യായാമം മുടങ്ങേണ്ട
text_fieldsശരീരത്തിനും ആത്മാവിനും നവോന്മേഷം നൽകാനുള്ള അവസരമാണ് റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം. ശരീരത്തെ പോഷിപ്പിക്കുന്നതിനൊപ്പം വ്യക്തിപരമായ ആരോഗ്യം പരിപാലിക്കുന്നതിനും അനുയോജ്യമായ സമയമാണ് റമദാൻ. റമദാനിലെ വ്യായാമത്തിന് ഒരിക്കലും ‘മികച്ച സമയം’ ഇല്ല. അത് ഒരുവ്യക്തിയിൽനിന്ന് മറ്റൊരുവ്യക്തിയിലേക്ക് വ്യത്യാസപ്പെട്ടിരിക്കുന്നു. വ്യായാമത്തിൽ നിന്നു വിട്ടുനിൽക്കുന്നതിനു പകരം ലളിതമായ വ്യായാമത്തിലെങ്കിലും ഏർപ്പെടുക എന്നതാണ് പ്രധാനം. സമയം ഒരു പ്രശ്നമല്ലെന്ന് ചുരുക്കം.
റമദാൻമാസം കാർഡിയോ ചെയ്യുന്നതിനുള്ള സമയക്രമങ്ങൾ
റമദാനിൽ ‘കാർഡിയോ എക്സർസൈസ്’ ചെയ്യാൻ കഴിയുന്ന നിരവധി സമയങ്ങളുണ്ട്. പ്രഭാതം മുതൽ സൂര്യാസ്തമയം വരെ ഭക്ഷണം കഴിക്കാൻ അനുവാദമില്ല. അതിനാൽ, റമദാനിൽ നിങ്ങളുടെ വ്യായാമങ്ങളുടെ സമയം വളരെ പ്രധാനമാണ്. അവ ജിമ്മിലോ വീട്ടിലോ ചെയ്യാൻ ശ്രമിക്കുക. പുറത്ത് വെയിലത്ത് വ്യായാമം ചെയ്യുന്നത് വഴി ശരീരം വിയർക്കുകയും കൂടുതൽ ജലം നഷ്ടപ്പെടുകയും ചെയ്യും.
പലരും രാവിലെ വ്യായാമം ചെയ്ത് ദിവസം തുടങ്ങാനാണ് ഇഷ്ടപ്പെടുന്നത്. ഉറക്കമുണർന്നയുടൻ കാർഡിയോ വർക്ക്ഔട്ട് ചെയ്യുന്നതുകൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. റമദാനിൽ കാർഡിയോ ചെയ്യുന്നത് അതിന്റേതായ നേട്ടങ്ങളും അനന്തരഫലങ്ങളും നൽകുന്നു. വൈകുന്നേരങ്ങളിലെ നോമ്പുതുറ സമയങ്ങളിൽ കഴിച്ച എല്ലാ കലോറികളും വ്യായാമത്തിലൂടെ എളുപ്പത്തിൽ കത്തിച്ചുകളയാം. ഇത് സുരക്ഷിതമായി ചെയ്യാൻ, നിങ്ങൾ വിയർക്കുന്നത് കുറക്കണം. അതിനാൽ, നിങ്ങളുടെ വ്യായാമങ്ങൾ എളുപ്പമാണെന്ന് ഉറപ്പാക്കുക.
ഇഫ്താറിന് മുമ്പ് നല്ല സമയം
റമദാനിൽ കാർഡിയോ ചെയ്യാനുള്ള രണ്ടാമത്തെ മാർഗം ഇഫ്താറിന് ഒരു മണിക്കൂർ മുമ്പായി വ്യായാമങ്ങൾ ഷെഡ്യൂൾ ചെയ്യുക എന്നതാണ്. അതുവഴി നോമ്പ് തുറക്കുന്നതോടെ സമയത്ത് സമൃദ്ധമായി ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കും. റമദാനിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വളരെ നല്ലതാണ്. നിങ്ങൾ അമിതമായി അധ്വാനിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഒഴിഞ്ഞ വയറ്റിൽ കൂടുതൽ പരിശീലനം നടത്തുന്നത് ചില ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം. എന്നാൽ, വ്യായാമത്തിൽ മിതത്വം പാലിക്കുന്നത് നല്ലതാണ്.
ഇഫ്താറിനുശേഷം
ഇഫ്താറിന് ശേഷം വ്യായാമം ചെയ്യുക എന്നതാണ് മൂന്നാമത്തെ വഴി. പലരും ഈ സമയം തിരഞ്ഞെടുക്കാറുണ്ട്. പകൽ സമയം മുഴുവൻ ഭക്ഷണം ഉപേക്ഷിച്ച ശേഷം, സൂര്യാസ്തമയ സമയത്ത് വലിയ അളവിൽ ഭക്ഷണം കഴിക്കാൻ സാധ്യതയുണ്ട്. എന്നാൽ, വയറുനിറച്ച് ഭക്ഷണം കഴിച്ച ശേഷം വ്യായാമം നടത്തുന്നത് പ്രതികൂല ഫലങ്ങൾക്ക് ഇടയാക്കിയേക്കും.
അതിനാൽ ഇഫ്താറിനുശേഷം വ്യായാമം ചെയ്യാൻ പദ്ധതിയുണ്ടെങ്കിൽ ഒന്നുകിൽ നോമ്പ് തുറക്കുമ്പോൾ ലഘുഭക്ഷണം കഴിക്കുക, അല്ലെങ്കിൽ വേണ്ടത്ര സമയം കഴിഞ്ഞുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രം വ്യായാമം ചെയ്യുക. റമദാനിലെ വ്യായാമമുറകൾ ശാരീരികമായി മാത്രമല്ല ആത്മീയമായും മെച്ചപ്പെടാനും നല്ലതാണ്.
തയാറാക്കിയത് ബാലു ജെ. അൽതാഫ് (ജനറൽ മാനേജർ, സിറ്റി ജിം ദോഹ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.