പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ
text_fieldsമസ്കത്ത്: പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവസമൂഹം ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കും. യേശുക്രിസ്തു കുരിശിലേറിയ ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമപുതുക്കലാണ് ഈസ്റ്റർ. യേശുവിനെ ജനക്കൂട്ടം ജറൂസലമിലേക്ക് വരവേറ്റതിന്റെ ഓര്മ പുതുക്കുന്ന ഓശാനയോടെ ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധവാരാചരണത്തിനു തുടക്കമായിരുന്നു.
അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദു:ഖവെള്ളി എന്നീ ആത്മീയ ദിനങ്ങൾ കടന്നാണ് യേശുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ ഓർമ പുതുക്കുന്ന ഈസ്റ്റർ. ഇതോടെ വിശുദ്ധവാരാചരണം പൂർത്തിയാകും.
വിശ്വാസികളുടെ അൻപത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റർ. ഈസ്റ്ററിന്റെ ഭാഗമായി വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ശനിയാഴ്ച രാത്രി ശുശ്രൂഷകളും പ്രാർഥനയും നടന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓർമയിൽ വെള്ളിയാഴ്ച ദുഃഖവെള്ളി ആചരിച്ചു.
മസ്കത്ത്, ഗാലാ, സലാല, സുഹാർ എന്നിവടങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളിൽ രാവിലെ മുതൽ നടന്ന ഭക്തിനിർഭരമായ ശുശ്രൂഷകൾക്ക് മെത്രാപ്പോലീത്താമാരും വൈദികരും കാർമികത്വം വഹിച്ചു.
യാമ പ്രാർഥനകൾ, പ്രദക്ഷിണം, കുരിശിന്റെ വഴി, സ്ലീബാ വന്ദനവ് തുടങ്ങി വിവിധങ്ങളായ ശുശ്രൂഷകളാണ് ദുഖവെള്ളിയുടെ ഭാഗമായി നടത്തപ്പെട്ടത്. പ്രത്യേക പ്രാർഥനകളിലും ആരാധനയിലും പങ്കെടുക്കാൻ ഒമാന്റെ ഉൾപ്രദേശങ്ങളിൽനിന്നടക്കം ധാരാളം വിശ്വാസികളാണ് ദേവാലയങ്ങളിൽ എത്തിച്ചേർന്നത്.
മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയില്‍ സഭയുടെ മുംബൈ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ഹോണവർ മിഷന്റെ മെത്രാപ്പൊലീത്താ യാക്കോബ് മാർ അന്തോണിയോസ്, ഗാലാ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ തുമ്പമണ്‍ ഭദ്രാസനാധിപന്‍ ഡോ. ഏബ്രഹാം മാര്‍ സെറാഫിം, ഗാലാ മൊര്‍ത്ത്ശ്മൂനി യാക്കോബായ സുറിയാനി പള്ളിയില്‍ തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് തുടങ്ങിയ മെത്രാപ്പോലീത്താമാരുടെയും വൈദികരുടെയും കാർമികത്വത്തിലാണ് ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷകള്‍ നടന്നത്. മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയിലെ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. വർഗീസ് റ്റിജു ഐപ്പ്, സഹ വികാരി ഫാ. എബി ചാക്കോ ഫാ. വൈ. തോമസ് എന്നിവർ സഹകാർമികത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.