ഈസ്റ്ററും ആയിരം വർണങ്ങളും
text_fieldsഈസ്റ്റർ ആഘോഷങ്ങളുടെ രസകരമായ വിശേഷങ്ങൾ
വർണപ്പകിട്ടാർന്ന ഈസ്റ്റർ ആഘോഷങ്ങളാണ് ഡെന്മാർക്കിലെ പ്രത്യേകത. ഡെന്മാർക്കിലെ ദേശീയ ദേവാലയമായ ഇവാഞ്ചലിക്കൽ ലൂറൻ ചർച്ചിലാണ് ഈസ്റ്ററിന്റെ പ്രധാന ആഘോഷങ്ങൾ അരങ്ങേറുന്നത്. പേരു വെക്കാതെ സുഹൃത്തുക്കൾക്ക് ഈസ്റ്റർ സന്ദേശമയക്കുന്ന പതിവുമുണ്ട്.
ഇംഗ്ലണ്ടിൽ ഈസ്റ്റർ ദിവസം പ്രശസ്തമായ ‘മോറിസ്’ നൃത്തം അരങ്ങേറാറുണ്ട്. വെള്ളയും ചുവപ്പും കറുപ്പും ചേർന്ന വസ്ത്രങ്ങൾ ധരിച്ച് പുരുഷ നർത്തകരായിരിക്കും നൃത്തം അവതരിപ്പിക്കുക. അവർ ധരിക്കുന്ന തൊപ്പിയിൽ റിബണും ചെറിയ മണികളും തയ്ച്ചുപിടിപ്പിക്കാറുണ്ട്. വിപുലമായ രീതിയിൽ ഈസ്റ്റർ ആഘോഷിക്കുന്ന രാജ്യമാണ് ആസ്ട്രേലിയ. ചോക്ലറ്റ് കൊണ്ടുള്ള ഈസ്റ്റർ മുട്ടകളാണ് ആഘോഷത്തിൽ പ്രധാനം. വിവിധ നിറങ്ങൾകൊണ്ട് അലങ്കരിക്കുന്ന ഈസ്റ്റർ മുട്ടകൾ വീടുകളിലും ദേവാലയങ്ങളിലും പ്രദർശനത്തിനു വെക്കും. കുട്ടികൾക്കായി ‘ഈസ്റ്റർ മുട്ട വേട്ട’ (Ester egg hunting) മത്സരവും നടത്താറുണ്ട്.
ഈസ്റ്റർ മുട്ട- ഭാരം 2500 കിലോ
കാനഡയിലെ വെഗ്രുവിൽ എന്ന പട്ടണത്തിൽ ഈസ്റ്റർ മുട്ടയുടെ ഒരു ശിൽപമുണ്ട്. വെഗ്രുവിൽ മുട്ട എന്നറിയപ്പെടുന്ന ലോകപ്രശസ്ത ശിൽപത്തിന് ഏകദേശം 2500 കി.ഗ്രാം ഭാരവും ഒമ്പതുമീറ്റർ ഉയരവുമുണ്ട്. പോൾ മാക്സം സെംബാലിയുക് എന്ന ചിത്രകാരനാണ് ഇത് രൂപകൽപന ചെയ്തത്.
ഫ്രാൻസിൽ ഈസ്റ്റർ ആഘോഷത്തിലെ പ്രധാന ഘടകം ഈസ്റ്റർ മത്സ്യമാണ് (Ester fish). ഈ മത്സ്യത്തിന് ഫ്രഞ്ചുകാർ നൽകിയിരിക്കുന്ന പേര് ‘ഏപ്രിൽ മത്സ്യം’ (April fish) എന്നാണ്. ദുഃഖവെള്ളിയിൽ ഫ്രാൻസിൽ ദേവാലയ മണികൾ മുഴങ്ങാറില്ല. കാരണമെന്തെന്നോ? ദുഃഖവെള്ളിയാഴ്ച ഫ്രാൻസിലെ പള്ളിമണികൾ വത്തിക്കാനിലേക്ക് പോകുന്നുവെന്നാണ് വിശ്വാസം.
ഈസ്റ്റർ തിങ്കളാഴ്ചയും
ഹംഗറിയിൽ ഈസ്റ്ററിന് മാത്രമായി രണ്ടു ദിവസത്തെ പൊതു അവധിയാണ് സർക്കാർ പ്രഖ്യാപിക്കാറ്. തിങ്കളാഴ്ചയും ഈസ്റ്റർ കൊണ്ടാടുന്ന ലോകത്തിലെ ഏക രാജ്യം ഒരുപക്ഷേ ഹംഗറിയായിരിക്കും. മെക്സികോയിൽ ഈസ്റ്റർ ദിവസം വീടുകളിൽ കുരുത്തോലകൾ തൂക്കിയിടും. വൈദികർ വെഞ്ചരിച്ചു നൽകുന്ന കുരുത്തോലകൾ ദുഷ്ടശക്തികളിൽനിന്ന് രക്ഷിക്കുമെന്നാണ് വിശ്വാസം. റഷ്യയിലെ ഈസ്റ്റർ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ഈസ്റ്റർ മുട്ടകളുടെ അലങ്കാരമാണ്. മുട്ടകളുടെ നിറം ചുവപ്പായിരിക്കും. ക്രിസ്തുവിന്റെ രക്തത്തെ ഓർമിപ്പിക്കുന്നതാണ് ഈ നിറം.
മുട്ട വില 894 ദശലക്ഷം രൂപ
ഒരു ഈസ്റ്റർ മുട്ടയുടെ വില കേൾക്കണോ? 894 ദശലക്ഷം രൂപ. വജ്രങ്ങൾകൊണ്ട് ഉണ്ടാക്കിയതാണ് ഈ മുട്ട. ഓരോ മണിക്കൂറിലും മുട്ടക്കുള്ളിൽനിന്ന് ഒരു സ്വർണക്കോഴി പുറത്തുവരും. ചിറകുകൾ അനക്കുകയും തല തിരിക്കുകയും മൂന്നുതവണ കൂവുകയും ചെയ്തിട്ടേ ഈ സ്വർണപ്പൂവൻ മുട്ടക്കുള്ളിലേക്ക് മടങ്ങുകയുള്ളൂ. പോളണ്ടിലെ ഈസ്റ്റർ ചടങ്ങുകളിൽ ഒന്നിന്റെ പേരു കേൾക്കണോ? ‘അനുഗ്രഹിക്കപ്പെട്ട കൂട’ (Blessed Basket). ഇത് യഥാർഥത്തിൽ ഒരു കൂട തന്നെയാണ്. ഈ കൂടയിൽ നിറമുള്ള മുട്ടകൾ, ബ്രഡ്, കേക്ക്, ഉച്ച്, കുരുമുളക് എന്നിവയെല്ലാം ഉണ്ടായിരിക്കും. നോർവേയിൽ ഈസ്റ്റർ അറിയപ്പെടുന്നത് ‘പാസ്കെ’ എന്ന പേരിലാണ്. മറ്റ് യൂറോപ്യൻ രാജ്യങ്ങളേക്കാൾ കൂടുതൽ ദിവസം നീണ്ടുനിൽക്കുന്നു ഇവരുടെ ഈസ്റ്റർ ആഘോഷങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.