ആകാശത്തിലും ഭൂമിയിലും മനുഷ്യനായവന്‍
text_fieldsഅത്ഭുതങ്ങളുടെ ഇടയനായിരിക്കുമ്പോഴും മനുഷ്യപുത്രന്‍ എന്നേ സ്വയം വിശേഷിപ്പിച്ചിട്ടുള്ളൂ. ഒരേയൊരു ചുംബനംകൊണ്ട് ഒറ്റു കൊടുക്കപ്പെടുമെന്നുറപ്പിച്ച രാത്രിയില്‍പോലും ഒപ്പമുള്ളവര്‍ക്ക് അപ്പവും വീഞ്ഞുമായി സ്വയമേ പകുത്തുനല്‍കാനുറപ്പിച്ച ആത്മബലം മാനുഷ്യജീവിതത്തില്‍ അനിവാര്യമായ അതിജീവനത്തിന്റെ തന്നെ പരീക്ഷണകാലങ്ങളിലേക്കു വിരല്‍ചൂണ്ടുന്നു.
ശുദ്ധമലയാളത്തില്‍ പറഞ്ഞാല്‍ വരാനിരിക്കുന്ന ദിവസങ്ങളെല്ലാംതന്നെ പ്രതികൂലമായി ഭവിക്കുമെന്ന് ഒരാള്‍ തിരിച്ചറിഞ്ഞ കാലം. ഒരുവേള മാറിനില്‍ക്കാനോ ഒഴിഞ്ഞുമാറാനോ അതിലുമൊക്കെ അപ്പുറം അതിസാഹസികമായി അപ്പുറം ചാടിക്കടക്കാനും ആകുമായിരുന്ന കഴിവും മികവും ഉണ്ടായിരുന്നൊരാള്‍. ഒരൊറ്റ ചുവടുകൊണ്ടുമാത്രം ഇതാ ഞാനാണു ദൈവം, എല്ലാ പരീക്ഷകളെയും ഒരൊറ്റ മുദ്രയാല്‍ ഞാന്‍ അതിജീവിച്ചിരിക്കുന്നു എന്നു പ്രഖ്യാപിക്കാന്‍പോലും അവസരം ഉണ്ടായിരുന്നൊരാള്‍. പരസ്യജീവിതത്തില്‍ ഇനിയും പലവിധ പരീക്ഷണങ്ങളും സാധ്യമായിരുന്നൊരാള്‍. അതുവരെയുള്ള, കാലങ്ങളില്‍ ഇതിനെല്ലാമുതകും വിധത്തില്‍ അത്രമാത്രം അത്ഭുതം എന്നടയാളപ്പെടുത്തപ്പെട്ടുകഴിഞ്ഞ സംഭവങ്ങള്‍ക്ക് ഹേതുവായവന്‍.
കാനായിലെ കല്യാണത്തലേന്ന് വറ്റിപ്പോകലിന്റെ ക്ഷാമകാലത്തുനിന്ന് അത്ഭുതമെന്നപോലെ വീഞ്ഞു ഭരണികളെ നിറച്ചവന്‍. ചളിയില്‍ തുപ്പല്‍ കുഴച്ചു പുരട്ടി കുരുടന്റെ മിഴികളില്‍ പ്രകാശംപരത്തിയവന്‍. ദേവാലയങ്ങളിലെ കച്ചവട ദേഹങ്ങളെ ചാട്ടയാലടിച്ചു പുറംതള്ളിയവന്‍. അഞ്ചപ്പവും രണ്ടു മീനുംകൊണ്ട് വിശക്കുന്ന അയ്യായിരത്തിന്റെ വയര്‍ നിറച്ചവന്‍. കടലിനുമീതെ കാല്‍വെച്ച് അടി നടന്നവന്‍. ഇതിനെല്ലാമപ്പുറം അത്യാഡംബര ജീവിത വാഗ്ദാനങ്ങളുടെ സാത്താന്‍ പ്രേരണകളെ കുറിക്കുകൊള്ളുന്ന മറുപടികളാല്‍ മറികടന്നവന്‍. ഗിരിപ്രഭാഷണങ്ങളുടെ ഇടയനില്‍നിന്നും മനുഷ്യനെന്നപോലെയുള്ള ഒരു പെരുമാറ്റമോ ഉദാഹരണങ്ങളോ അല്ലാതെ മറ്റെന്ത് നാം പ്രതീക്ഷിക്കേണ്ടതുള്ളൂ.
യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നത് വെറും അത്ഭുത വിചാരമായി മാത്രം കാണേണ്ട ഒരു കാലമല്ലിത്. ഭരണകൂട വിചാരണകളെയും പക്ഷപാത ഭരണാധികാരികളുടെയും ഭൂരിപക്ഷ പ്രീണിതരുടെയും പ്രീതി പാത്രമാകാതിരുന്ന ഒരു മനുഷ്യന്‍ എല്ലാ കാലത്തേക്കും എല്ലാ ലോകത്തേക്കും പാകമാകുന്ന ഒരു ജീവിതവും മരണവും കാഴ്ചവെച്ചു കടന്നുപോയ ഒരടയാള ചിത്രം കൂടിയാണത്. എഴുതപ്പെട്ടതു പോലെയും പ്രവചിക്കപ്പെട്ടതുപോലെയും യേശുക്രിസ്തു മറിയത്തിന്റെ ഗര്‍ഭപാത്രത്തില്‍ ഉരുവം കൊള്ളുകയും ജോസഫ് എന്ന പിതാവിന്റെ രക്ഷകര്‍തൃത്വത്തിലേക്കും പിറക്കുന്നു.
പിന്നീട് കാണുന്നതൊക്കെയും മാനുഷികമെന്നോ മഹാഭാരത ചരിത്രത്തില്‍ കംസന്‍ എന്ന രാജാവിനെപോലും അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഭാവിയില്‍ വളര്‍ന്നു തനിക്കെതിരാകാന്‍ സാധ്യതയുള്ള പിഞ്ചു പൈതങ്ങളെയെല്ലാം തന്നെ കൊന്നൊടുക്കാന്‍ കല്‍പിക്കുന്ന ഹേറോദോസ് എന്ന രാജാവിനെയുമാണ്. വിപ്ലവ വെല്ലുവിളികളില്‍, സാധാരണ ജനത്തെ, അടിച്ചമര്‍ത്തപ്പെട്ടവന്റെ വികാരങ്ങളെയും അവകാശങ്ങളെയും ഉണര്‍ത്താന്‍ ഇടയായേക്കാവുന്ന ഒരുണ്ണിയെപോലും ഭയക്കുന്ന ഭരണകൂട ഭീതിയാണ് നാം അവിടെ കാണുന്നത്. ബാല്യവും കൗമാരത്തിന്റെ ഒരു പാതിയും മാതാപിതാക്കള്‍ക്കു വിട്ടുകൊടുത്ത് യൗവനം പരസ്യജീവിതത്തിനും വിട്ടുകൊടുത്ത ക്രിസ്തു സൈദ്ധാന്തിക ഭദ്രതയെന്ന അപൂര്‍വ മലയാളത്തിനും പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്ന പരിചിത പരിസരങ്ങളോടും പലപ്പോഴും ചേര്‍ന്നുനിന്നിട്ടുണ്ട്.
പൊതുസമൂഹത്തില്‍നിന്നു പുറന്തള്ളപ്പെട്ടവരും ദരിദ്രരും മഗ്ദലനമറിയം എന്ന് സ്ഥലപ്പേരുകൊണ്ട് ജീവിതത്തെ അടയാളപ്പെടുത്തേണ്ടിവന്ന വനിതയും ചുങ്കക്കാരനും മരക്കൊമ്പിലെ കുതുകിയുമായ സഖേവൂസും ഉള്‍പ്പെടെ തന്റെ സൗഹൃദ വലയങ്ങളിലെല്ലാംതന്നെ യേശു എന്ന മനുഷ്യന്‍ ഓരോരുത്തരെയും സമൂഹത്തിന്റെ നാനാതുറകളില്‍നിന്നു തെരഞ്ഞെടുത്തുവെക്കുന്നുണ്ട്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ കഷ്ടതകളുടെ ഭൂപടത്തിലെ ഓരോ രാജ്യങ്ങളില്‍നിന്നും ഒരു പ്രതിനിധിയെങ്കിലും യേശു എന്ന മനുഷ്യനൊപ്പമുണ്ടായിരുന്നു. അവികസിത രാഷ്ട്രങ്ങളുടെ ഒരു ഐക്യരാഷ്ട്ര സംഘടന എന്നുപോലും വിശേഷിപ്പിക്കാവുന്ന ഒരു ശിഷ്യ ഗണം.
ഉയിര്‍ത്തെഴുന്നേറ്റു, എന്ന വാക്കിനാല്‍ യേശുക്രിസ്തു ലോകമാകെയുള്ള ക്രൈസ്തവര്‍ക്കൊപ്പം ഇന്ന് ആഘോഷ പുരുഷനായിരിക്കുമ്പോള്‍ നമുക്കും പലതും ഓര്‍ക്കാനുണ്ട്. ഒരുതരം വേര്‍തിരിവും ഇല്ലാതിരുന്ന ഒരു പുരുഷന്‍, സൗഹൃദങ്ങളിലും കൂട്ടായ്മകളിലും വിവേചനമേയില്ലാതെ ഏവരെയും ചേർത്തുനിർത്തിയ മഹോന്നതൻ, അപരന്റെ വേദനയിൽ നിറഞ്ഞൊഴുകിയ കൺകളും മറ്റുള്ളവർക്കായി തുടിച്ച തിരുഹൃദയവും. കുരിശു യാത്രയില്‍ ഒരിടത്ത് വെറോണിക്കയുടെ തൂവാലയിലേക്ക് രക്തമുഖ ചിത്രമായി പതിഞ്ഞവന്‍. ജറൂസലമിലെ കന്യകമാരെ നിങ്ങളിന്നെന്നെയോര്‍ത്തെന്തിനേവം നിങ്ങളുടെ കുഞ്ഞുങ്ങളെയോര്‍ത്ത് കരയുക എന്ന് ആഹ്വാനം ചെയ്തവന്‍. ഒടുവില്‍ മരണം ആണിയുടച്ചുറപ്പിച്ച കുരിശില്‍ കിടന്ന് യോഹന്നാന്‍ എന്ന ശിഷ്യനെ ചൂണ്ടി ഇതാ നിന്റെ മകന്‍ എന്ന് തന്റെ മാതൃവിലാപത്തിന് ഉത്തരം നല്‍കിയവന്‍.
ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്നാല്‍, ഒരു മനുഷ്യന്‍ ഉയരങ്ങളിലൊരു നക്ഷത്രമായി മാറുക എന്നുകൂടി അര്‍ഥമുണ്ട്. കാലപ്രവാഹങ്ങളില്‍ തന്നെ ഇനിയും പിന്തുടരേണ്ടിയിരുന്നവര്‍ക്ക് അതുവരെയോ അതിനപ്പുറമോ ഇനിയൊരു അടയാളമില്ലാത്തവിധം ഇരുകൈകളും വിരിച്ച് ഒരൊറ്റ ശുഭ്രവസ്ത്രത്തിന്‍ ശോഭയാല്‍ ഉയിര്‍ത്തുനില്‍ക്കുന്ന ക്രിസ്തു എന്ന മനുഷ്യന്‍ ഓരോരോ മുഖങ്ങളില്‍ എന്നും നമ്മുടെ അരികുകളില്‍ ജീവിക്കുന്നു.
(സമാധാന പ്രവർത്തകനും സംഗീതജ്ഞനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.