Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപ്രവാസത്തിലെ ...

പ്രവാസത്തിലെ പെണ്ണടയാളങ്ങൾ

text_fields
bookmark_border
പ്രവാസത്തിലെ  പെണ്ണടയാളങ്ങൾ
cancel

രാഷ്ട്ര ഭരണതലത്തിൽ ഒരുപാട്​ സ്ത്രീസാന്നിധ്യങ്ങൾകൊണ്ട്​ സമ്പന്നമാണ്​ ഖത്തർ. അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുടെ മാതാവ്​ ശൈഖ മൗസ ബിൻത് നാസർ മുതൽ മന്ത്രിസഭയിലും ഉദ്യോഗസ്ഥതലത്തിലും സാംസ്കാരിക സാഹിത്യ മേഖലകളിലുമെല്ലാം സജീവമായ നാട്​. അവിടെ, പ്രവാസികളും മോശക്കാരല്ല. 195 രാജ്യക്കാരായ 14,000ത്തിലധികം പ്രവാസികളിൽ നടത്തിയ സർവേ റിപ്പോർട്ട്​ പ്രകാരം പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കൂടുതൽ അനുകൂലമായ ഇടം​ ഖത്തറെന്നാണ്​ കണ്ടെത്തൽ.

സ്ത്രീ സുരക്ഷയുടെ കാര്യത്തിലും ഏറെ മുന്നിൽ. ഖത്തറിലെ വികസന-ആസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രാലയം അതിന്റെ റെഗുലർ ലേബർ ഫോഴ്‌സ് സർവേയിൽ നൽകിയ 2015 രണ്ടാം പാദത്തിലെ കണക്കുകൾ പ്രകാരം ഏകദേശം മൂന്നിൽ രണ്ട് (64 ശതമാനം) പ്രവാസി സ്ത്രീകൾ ജോലിചെയ്യുന്നതായി വെളിപ്പെടുത്തുന്നു. ഖത്തറി സ്ത്രീകളിൽ മൂന്നിലൊന്ന് (36 ശതമാനം) മാത്രമാണ് ജോലി ചെയ്യുന്നത്. വിദ്യാഭ്യാസ രംഗത്ത് വൻ പുരോഗതി നേടിയ രാജ്യമായും കണക്കാക്കുന്നു. ജനങ്ങളിൽ പ്രത്യേകിച്ചും സ്ത്രീകളിൽ ഭൂരിഭാഗം പേരും ബിരുദധാരികളാണ്.

എത്രമാത്രം ഖത്തറിൽ സ്വദേശി വനിതകൾ മുന്നിട്ടുനിൽക്കുന്നുവോ അതുപോലെ തന്നെ പ്രവാസി സ്ത്രീകളും ഈ മണ്ണിൽ അവരുടെ കഴിവുകൾ പ്രകടമാക്കുന്നു. കലാ കായിക സാംസ്കാരിക രംഗങ്ങളിലും സജീവമാണ്. എഴുത്തിനോടും വായനയോടും താൽപര്യമുള്ളവർക്കുവേണ്ടിയുള്ള കൂട്ടായ്മകൾ. പുസ്തകാസ്വാദനവും നിരൂപണങ്ങളും അടങ്ങിയ ചർച്ചാസദസ്സുകൾ, 'അക്ഷരപ്രവാസ' ശിൽപശാലകൾ തുടങ്ങിയ പരിപാടികൾ കൊണ്ട് തങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കാനുള്ള അവസരങ്ങളാൽ സമ്പുഷ്‌ടമാണ് ഖത്തർ.

വനിതകളിൽ മലയാള സാഹിത്യലോകത്തിന് സംഭാവന നൽകിയ എഴുത്തുകാരികളുമുണ്ട്. ഇംഗ്ലീഷ് കവിതകളടങ്ങിയ പുസ്തകങ്ങൾ രചിച്ചവരുമുണ്ട്. ചിത്ര രചന കൊണ്ട് സമൂഹത്തോട് സംവദിക്കുന്നവർക്ക്, കാലിഗ്രഫി, പെയിന്റിങ് തുടങ്ങിയ മേഖലകളിലും കഴിവ് പ്രകടിപ്പിക്കാൻ കത്താറ പോലുള്ള ഖത്തറിന്റെ സാംസ്കാരിക കേന്ദ്രങ്ങളിൽ സൃഷ്ടികൾ പ്രദർശിപ്പിക്കാൻ സ്വദേശികളോടൊപ്പം പ്രവാസികൾക്കും ഇടം നൽകുന്നു.

ഖത്തർ പ്രവാസി വനിതകളിൽ നല്ലൊരു ഭാഗം വിദ്യാസമ്പന്നരാണ്. അധ്യാപനം, ആതുരസേവനം തുടങ്ങിയ മേഖലകൾ ഒഴിച്ചുനിർത്തിയാൽ വിദ്യാഭ്യാസം നേടിയ മേഖലകളിൽ തന്നെ ജോലി കണ്ടെത്താൻ സ്ത്രീകൾക്ക് പുരുഷന്മാരുടെയത്ര എളുപ്പമല്ല. എൻജിനീയറിങ് പോലുള്ള ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ വനിതകളിൽ ഭൂരിഭാഗവും ഭരണപരമായ തലത്തിൽ സ്വകാര്യ, ഗവൺമെന്റ്‌ കമ്പനികളിലും ജോലി ചെയ്യുന്നു.

ബിസിനസ് മേഖലകൾ ഏറെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും അതിലും പൊരുതി വിജയിച്ച മാതൃക വനിത സംരംഭകർ ഖത്തറിലുണ്ട്. അക്കാദമികതലത്തിലും പ്രവാസി വനിതകൾ പുരുഷന്മാരേക്കാൾ മുന്നിട്ടുനിൽക്കുന്നു. ഖത്തർ യൂനിവേഴ്‌സിറ്റി, ഹമദ് ബിൻ ഖലീഫ തുടങ്ങിയ യൂനിവേഴ്സിറ്റികളിൽനിന്നും റിസർച് പഠനം നടത്തി പിഎച്ച്.ഡി. കരസ്ഥമാക്കുന്ന പ്രവാസി വനിതകളുമുണ്ട്.

വീട്, കുടുംബം, കുട്ടികളുടെ പഠനം, തൊഴിൽ തുടങ്ങിയവയിലൊക്കെയും സജീവമാകുന്നതോടൊപ്പം ഒരേസമയം സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകുന്ന വനിതകളും ഖത്തറിന്റെ സവിശേഷതയാണ്. മൾട്ടി ടാസ്കിങ് ശേഷി ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുന്നവർ തന്നെയാണ് ഖത്തറിലെ മിടുക്കികളായ പ്രവാസി വനിതകളെന്നുതന്നെ പറയാം.

കർമനിരതരാണ്​ പ്രവാസി വനിതകൾ

സാമൂഹിക പ്രവർത്തനങ്ങൾക്ക് പ്രവാസിയായിരിക്കുമ്പോൾ അത്ര സാധ്യതകൾ ഉണ്ടാകില്ല എന്ന പൊതുവായ ധാരണകളെല്ലാം മിഥ്യയാണെന്ന് സദാ കർമനിരതരായ പ്രവാസി സ്ത്രീകളുടെ പ്രവർത്തനമേഖലകൾ തെളിയിക്കുന്നു. ദേശ-ഭാഷകൾക്കതീതമായി രോഗംമൂലം പ്രയാസപ്പെടുന്നവരെ, ഒറ്റപ്പെടൽ അനുഭവിക്കുന്നവരെ തുടങ്ങി സഹായം ആവശ്യമുള്ളവരെ നിരന്തരം അകമഴിഞ്ഞു സഹായിക്കുന്ന ചടുലതയുള്ള മലയാളി വനിതകൾ ഖത്തറിന്റെ എല്ലാ കോണിലുമുണ്ട്. കോവിഡ്​ കാലത്ത് ഇത്തരം പ്രവർത്തനങ്ങൾ ഏറെ വാർത്താപ്രാധാന്യം നേടിയെങ്കിലും എക്കാലവും ഈ രംഗത്ത് സജീവമായ സ്ത്രീകൾ ഖത്തറിന്റെ മണ്ണിലുണ്ട്.

സ്ത്രീകളുടെ പ്രസംഗകല നൈപുണ്യം വളർത്തിയെടുക്കാൻ സഹായിക്കുന്ന ടോസ്റ്റ്‌മാസ്റ്റർ ക്ലബുകൾ, വൈജ്ഞാനിക വളർച്ചക്കായുള്ള ചെറുതും വലുതുമായ പാഠ്യപദ്ധതികൾ തുടങ്ങി പ്രവാസി വനിതകൾക്കായി ഖത്തറിൽ അനേകം സാധ്യതകൾ ഉണ്ട്. അക്കാദമികതലത്തിൽ ബിരുദാനന്തര ബിരുദവും കഴിഞ്ഞ് കുട്ടികളുടെയും കുടുംബത്തിന്റെയും സംരക്ഷണത്തിനായി തൊഴിൽ തേടുന്നതിൽനിന്നും തൽക്കാലത്തേക്ക് വിട്ടുനിൽക്കുകയും ശേഷം പ്രഫഷനൽ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ കരസ്ഥമാക്കി തൊഴിൽ മേഖലകളിലേക്ക് തിരിച്ചുപോവുകയും ചെയ്യുന്ന വനിതകളൂം പ്രവാസി സ്ത്രീകളിൽ ധാരാളമായിട്ടുണ്ട്.

തൊഴിൽ, വീട്, കുടുംബം എന്നതിനോടൊപ്പം തന്റെ അഭിനിവേശത്തിനായി ദിവസവും അൽപസമയം ചെലവഴിക്കുന്ന സ്ത്രീകൾ കൃഷി, പാചകം, ബേക്കിങ് -കുക്കറി ക്ലാസുകൾ, ടെയ്‍ലറിങ് ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിച്ച് മറ്റു സ്ത്രീകളെ 'സ്വയം തൊഴിൽ' പര്യാപ്തരാക്കുന്നതിലും സജീവമായുണ്ട്​. പാചകത്തിൽ താൽപര്യമുള്ളവർക്ക് അതിനായുള്ള വാട്സ്ആപ് കൂട്ടായ്മയും കൃഷിയിൽ താൽപര്യമുള്ളവർക്ക് സംശയനിവാരണത്തിനായി സജീവമായുള്ള കൂട്ടായ്മയും തൊഴിൽ അന്വേഷിക്കുന്നവർക്ക് അതിനായുള്ള വാട്സ്ആപ് കൂട്ടായ്മയും തുടങ്ങി സ്ത്രീകൾ അഡ്മിനുകളായിട്ട് നയിക്കുന്ന സ്ത്രീകൾക്കുവേണ്ടിയുള്ള വിവിധ മേഖലയിലുള്ള ധാരാളം സംരംഭങ്ങളും ഖത്തർ പ്രവാസികൾക്കിടയിൽ സജീവമാണ്.

'മൈഗ്രേഷൻ ആൻഡ് ​ഡെവലപ്മെന്‍റ്​' എന്ന ഓൺലൈൻ ജേണലിൽ 'ലിംഗഭേദവും ചലനാത്മകതയും: ഖത്തറിലെ ഉയർന്ന വൈദഗ്ധ്യമുള്ള സ്ത്രീ' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പഠന ലേഖനത്തിൽ സർവേയിൽ പ്രതികരിച്ച പ്രവാസി വനിതകൾ അവരുടെ മാതൃരാജ്യത്തെക്കാൾ ഖത്തറിൽ ആരോഗ്യകരമായ തൊഴിൽ-ജീവിത സന്തുലിതാവസ്ഥ കൈവരിക്കുന്നു എന്നും അവരുടെ പ്രഫഷനൽ ആവശ്യങ്ങൾ വ്യക്തിപരവും കുടുംബപരവുമായ പ്രതിബദ്ധതകളുടെകൂടെ കൂടുതൽ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുകയും ചെയ്യുന്നു എന്നും പറയുന്നു.

ജോലിയും കുടുംബവും തമ്മിലെ സന്തുലിതാവസ്ഥ ഖത്തർ തൊഴിൽ നിയമം ഉറപ്പാക്കുന്നു. ഫ്ലക്സിബിൾ ജോലി സമയം, വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള അവസരം നൽകൽ, പ്രസവാവധി, നഴ്സിങ് സമയം വാഗ്ദാനം ചെയ്യൽ എന്നിവ ഉൾപ്പെടെ നിരവധി മാർഗങ്ങളിലൂടെ എല്ലാ അംഗങ്ങൾക്കുമിടയിൽ കുടുംബ ഉത്തരവാദിത്തം പങ്കിടാൻ ഖത്തർ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം നയങ്ങൾ നയതന്ത്രം, വൈദ്യശാസ്ത്രം, അക്കാദമിക്, പൊലീസ് എന്നീ മേഖലകളിൽ ഖത്തറിലെ സ്ത്രീകൾക്ക് ഉയർന്ന നിരക്കിൽ തൊഴിൽ ശക്തിയിൽ പങ്കാളികളാകാനുള്ള അവസരം നൽകുന്നുണ്ട്. വിദ്യാസമ്പന്നരായിട്ടും തൊഴിൽരഹിതരായ പ്രവാസി വനിതകൾക്കായി ഫിഫ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി അനവധി ജോലിസാധ്യതകൾ ഖത്തർ മുന്നോട്ടുവെക്കുന്നു.

വീടിനെയും കുടുംബത്തെയും കൈകാര്യം ചെയ്യാനുള്ള കഴിവുപോലെ തന്നെ അവളുടെ ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും ഉയർന്ന വിജയത്തിലും കാര്യക്ഷമതയിലും തന്റെ കഴിവ് പ്രകടിപ്പിക്കാൻ പ്രവാസി വനിതകൾക്കാകുന്നു എന്നത് ഖത്തർ പ്രവാസി വനിതകളുടെ സവിശേഷതയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:she#q#excellence#award#sheqexcellenceaward#excellenceaward
News Summary - Female signs of exile
Next Story