താരരാവിന് നക്ഷത്രത്തിളക്കം
text_fieldsനൂറ്റാണ്ടോളം പഴക്കമുണ്ട് ഇന്ത്യയും ഖത്തറും തമ്മിലെ ഇഴയടുപ്പത്തിന്. പായ് വഞ്ചിയും കപ്പലും കയറിവന്ന പൂർവികരിലൂടെ തുടങ്ങിയ ബന്ധം, 60 വർഷം മുമ്പ് സജീവമായ പ്രവാസത്തിലൂടെ ഊഷ്മളമായി. നാട്ടിലുള്ള കുടുംബത്തിന്‍റെ പട്ടിണിമാറ്റി, നല്ലൊരു ജീവിതം സ്വപ്നംകണ്ടെത്തിയവർക്ക് പിന്നെ ഈ നാട് പിറന്നമണ്ണോളം തന്നെ പ്രിയപ്പെട്ടതായി. ഒറ്റയാൻ പ്രവാസത്തിൽനിന്നും കാലക്രമേണ കുടുംബവും പ്രവാസത്തിൽ ഒന്നിച്ചായി. ബാച്‍ലർ മുറിയുടെ വിരസതയിൽനിന്നും കുടുംബ ജീവിതത്തിന്‍റെ ഊഷ്മളതയിലേക്ക് അധികം വൈകാതെ തന്നെ വലിയൊരു പങ്കും മാറി.
ഭാര്യയും മക്കളും മാതാപിതാക്കളുമെല്ലാമായി മരുഭൂമിയെ അവർ തങ്ങളുടെ പ്രിയപ്പെട്ട മരുപ്പച്ചയാക്കി മാറ്റി. സ്കൂൾ പഠനവും സർവകലാശാല വിദ്യാഭ്യസവും ഇവിടത്തന്നെ, ജീവിതപങ്കാളികളായെത്തിയവർ ജോലിക്കാരും പ്രഫഷനലുകളുമായി. ജീവിതം തേടിയെത്തിയവർ ഇവിടെ വളർന്നു പന്തലിച്ചു. വിത്തെറിഞ്ഞ് നല്ല കൃഷിക്കാരായും അറിവ് പകർന്നുനൽകി മികച്ച അധ്യാപകരായും ആതുരശുശ്രൂഷകൊണ്ട് സാന്ത്വനം പകർന്നും അങ്ങനെയങ്ങനെ തൊട്ടതെല്ലാം പൊന്നാക്കി അവർ അറേബ്യൻ മണലാരണ്യത്തിൽ വജ്രങ്ങളായി മാറി.
ഖത്തറിന്‍റെ മണ്ണിൽ തിളങ്ങിയ ഇന്ത്യൻ വനിതാരത്നങ്ങളാണ് ഈ ദിനങ്ങളിലെ താരം. അവർക്കുള്ള ആദരവാണ് 'ഗൾഫ് മാധ്യമം' പ്രഥമ ഷി ക്യൂ പുരസ്കാരം. എട്ടു വിഭാഗങ്ങളിലായി സമ്മാനിക്കുന്ന പുരസ്കാരത്തിന് നാനാതുറകളിൽനിന്നായി 700ഓളം അപേക്ഷകളാണ് ലഭിച്ചത്. സാമൂഹിക സേവനം, കൃഷി, ആരോഗ്യം, കല-സാഹിത്യം, അധ്യാപനം, സംരംഭക, കായികം, സോഷ്യൽ ഇൻഫ്ലുവൻസർ തുടങ്ങി എട്ടു വിഭാഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ പങ്കാളിത്തം. ഏറെ ദുഷ്കരമായ ദൗത്യത്തിനൊടുവിലാണ് വിദഗ്ധസമിതി അവരിൽനിന്നും 26 പേരെ ഫൈനൽ റൗണ്ടിലേക്ക് തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.