Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഖൽബിലെന്നും പെരുന്നാൾ...

ഖൽബിലെന്നും പെരുന്നാൾ തീർക്കുന്നവർ

text_fields
bookmark_border
ഖൽബിലെന്നും പെരുന്നാൾ തീർക്കുന്നവർ
cancel
camera_alt

മെഡിക്കൽ കോളജിൽ സേവനസന്നദ്ധരായി പ്രവർത്തിക്കുന്ന വളണ്ടിയർമാർ

​നാടൊട്ടുക്കും ആഘോഷം പൊലിയുന്ന പെരുന്നാളെത്തു​മ്പോൾ ഈ ആശുപത്രിയിലുള്ള രോഗികൾ, ​​​​​​​ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരെ പരിഗണിച്ച് ഇവിടെ ആയിരങ്ങൾക്ക് പെരുന്നാൾ ഭക്ഷണക്കിറ്റ് ഒരുങ്ങും. രോഗവും വേദനയുമായി പുറത്തെ ആഘോഷങ്ങളിൽനിന്നു മാറിനിൽക്കേണ്ടി വരുന്നവർക്ക് സുഭിക്ഷതയുടെ ദിനമാക്കി പെരുന്നാളടക്കമുള്ള എല്ലാ ആഘോഷങ്ങളെയും അവർ കെ​​ങ്കേമമാക്കും. നാട് ഒന്നിച്ചുണരുന്ന സന്തോഷ​ത്തിൽ അന്ന് പങ്കുചേരാത്തവർ ആരുമുണ്ടാകില്ലെന്ന് ഇവർ ഉറപ്പു വരുത്തും. കോഴിക്കോട് മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയിലെത്തുന്ന ഒാരോരുത്തർക്കും നീല യൂനി​ഫോമണിഞ്ഞ കുറെ ‘മാലാഖ’മാരെ കാണാം. രാവെന്നോ പകലെന്നോ ഇവർക്ക് ഇവിടെ നിന്നു മാറിനിൽക്കാൻ സമയം ലഭിക്കാറില്ല. പകലന്തിയോളം കൂലിപ്പണിയെടുത്തു രാ​ത്രി സ്വയംസേവന സന്നദ്ധരായി എത്തുന്നവർ വരെ ഇവരുടെ കൂട്ടത്തിലുണ്ട്. ഖൽബിലെന്നും അന്യന്റെ വേദനയൊപ്പാൻ പെരുന്നാൾ തീർക്കുന്ന കുറെ മനുഷ്യരാണിവർ.

ആൾത്തിരക്കിൽ ബുദ്ധിമുട്ടിയവനും ആശുപത്രിക്കിടക്കയിലാകുമ്പോൾ ചുറ്റുമുണ്ടായിരുന്നവർ പതിയെ കുറയും. രോഗം അൽപം പ്രയാസമുള്ളതാകുമ്പോൾ വിശേഷിച്ചും. രോഗിക്ക് ആവശ്യം കൂടുതലാണെന്നും അവൻ ഏതുസമയവും കരുതലും കൂട്ടും വേണ്ടവനാണെന്നും തിരിച്ചറിഞ്ഞവർക്കേ ഇവർക്കൊപ്പം നിൽക്കാൻ പറ്റൂ, എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന ഉറ്റവർക്ക് ആശ്വാസമാകാൻ കഴിയൂ. തിരിച്ചൊന്നും ലഭിക്കില്ലെന്ന ഉറപ്പിലും ഇക്കൂട്ടർ മുന്നിലുണ്ടാകും. ഭക്ഷണവും മരുന്നും എത്തിച്ചുനൽകും. ഒറ്റക്ക് ചെയ്യാനാകാത്ത അത്യാവശ്യങ്ങൾ കൂടെനിന്ന് ചെയ്തുകൊടുക്കും. സാമ്പത്തികമായി കുടുങ്ങിയവർക്ക് വേണ്ടത് ചെയ്തുനൽകും. ഏതു പാതിരാത്രിയിലും വിളിപ്പുറത്തെ വലിയ സാന്നിധ്യമാകും. അവർക്ക് സംഘടനകളുടെ മേൽവിലാസവുമുണ്ട്.

ത​ലശ്ശേരിയിൽ പാർട്ടികൾ പടപ്പുറപ്പാടുമായി ഇറങ്ങിയ കാലം. ഒരു നാൾ ആംബുലൻസ് എത്തുമ്പോൾ കൂടെ പൊലീസുണ്ട്. ആദ്യമിറങ്ങിയ പൊലീസുകാരൻ ആളെ ഇറക്കാൻ സഹായിക്കാമോയെന്ന് ചോദിച്ചു. സ്ട്രച്ചറുമായി എത്തുമ്പോൾ തലയറ്റ ശരീരം. ചോരയിൽ കുളിച്ച മൃതദേഹം രണ്ടു പാതിയായി സ്ട്രച്ചറിലേക്ക് കയറ്റുമ്പോൾ ഹൃദയം ഒന്നുപിടഞ്ഞു. ജീവിതത്തിലാദ്യമായാണ് ഉടലും തലയും വേർപെട്ട, അമ്മ പെറ്റ മനുഷ്യനെ കാണുന്നത്. രാഷ്ട്രീയക്കലി തലക്കു പിടിച്ച് മനുഷ്യർ വെറുതെ വെട്ടിനുറുക്കിയ നിരായുധനായ ഒരു മനുഷ്യൻ എന്തു തെറ്റായിരിക്കും ചെയ്തിട്ടുണ്ടാവുക- സേവനകാലത്തെ പഴയകാല കഥകളിലൊന്ന് ഓർത്തെടുക്കുകയാണ് സി.എച്ച് സെന്ററിലെ മൊയ്തീൻക്ക.

ഒരിക്കൽ അപകടത്തിൽ കാലു മുറിഞ്ഞുപോയൊരാളെ ആശുപത്രിയിലെത്തിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് പാതിയായ കാൽ കെട്ടിവെച്ച ഭാഗത്ത് അനസ്തേഷ്യയുടെ സമയം കഴിഞ്ഞ് വേദന പെരുത്തുവന്നപ്പോൾ പാദഭാഗം ഒന്ന് കയറ്റിവെക്കാൻ സഹായിക്കാമോ എന്നായി അഭ്യർഥന. അവിടെയിപ്പോൾ ഒന്നുമില്ലെന്നറിയാത്ത ആ പാവത്തോട് ഒന്നും മിണ്ടാതെ മുഖത്തുനോക്കിനിന്നുവെന്ന് പറയുന്നു ‘കനിവി’​ലെ കുറ്റിക്കാട്ടൂരുകാരൻ അബ്ദുസ്സമദ്. മൂന്നുമക്കളുമായി പരീക്ഷയെഴുതാൻ തലശ്ശേരിയിൽനിന്ന് വന്ന മാതാവ് ഫറോക്കിൽ ട്രെയിനിറങ്ങുമ്പോൾ കാൽതെറ്റി വീണ് മരിച്ച് ആശുപത്രിയിലെത്തിച്ചപ്പോൾ ഞെട്ടൽ മാറാത്ത കുരുന്നുമക്കളെ കണ്ട് കണ്ണീരണിഞ്ഞതടക്കം അദ്ദേഹത്തിന് ഓർമകൾ പലത്.

ഏഴു വർഷമായി മകന് ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന, അത്രയും കാലം ഇവിടെനിന്നുതന്നെ ഭക്ഷണം വാങ്ങിയ ഒരു സ്ത്രീയുടെ കഥ കനിവിലെ തന്നെ ഷംസീർ ഓർത്തെടുക്കുന്നുണ്ട്. പ്രായമുള്ള ആ സ്ത്രീയും രോഗിയായതോടെയാണ് കോഴിക്കോട് മെഡിക്കൽ കോളജിനു പകരം അവർ മകനെയും കൂട്ടി മ​ഞ്ചേരിയിലേക്ക് മാറിയത്. ആശ്രയമായ കൈകളോട് കടപ്പാട് എന്നും മനുഷ്യപ്രകൃതമായതിനാൽ ഇവർ ഇപ്പോഴും ബന്ധപ്പെടാറുണ്ടെന്നും ഷംസീർ പറഞ്ഞു. ജീവിതംതന്നെ സേവനമാക്കി ട്രോമാകെയറിലെ സലീമടക്കം നിരവധി പേരുണ്ട് ‘മാലാഖ’മാരായി ഇവിടെ.

43 വാർഡുകളിലായി പ്രധാന ആശുപ​ത്രിയിൽ മാത്രം രോഗികൾ ശരാശരി 3,000ത്തിലേറെയുണ്ടാകും ചിലപ്പോൾ. 1510 ബെഡാണ് ഇവിടെ ശേഷി. 1100 ബെഡുള്ള ഐ.എം.സി.എച്ച്, 240 ബെഡുള്ള സൂപ്പർ സ്​പെഷാലിറ്റി എന്നിവയും 100 ബെഡുള്ള ഐ.സി.ഡി അടക്കം മറ്റു ഉപവിഭാഗങ്ങളും ചേരുമ്പോൾ രോഗികളുടെ എണ്ണം കുത്തനെ ഉയരും. ഒ.പി രോഗികളുമുണ്ടാകും ഒരു ദിവസം ശരാശരി 3,000മോ അതിലധികമോ പേർ. ഇത്രയും വിശാലമായ ആതുര പരിചരണ ലോകത്ത് ഔദ്യോഗികമായി ഏർപ്പെടുത്താനാകുന്ന സംവിധാനങ്ങൾക്ക് തീർച്ചയായും പരിമിതികളുണ്ട്. ഇവിടെയാണ് എന്തിനും തയാറായി രാത്രിയും പകലുമില്ലാതെ ആശുപത്രിക്കകത്തും പുറത്തും പ്രവർത്തിക്കുന്ന ഈ വലിയ മനുഷ്യർ.

12 സംഘടനകൾക്കായി 12 വീതമാണ് വളന്റിയർമാരെ അനുവദിച്ചിട്ടുള്ളത്. സി.എച്ച് സെന്റർ, കനിവ്, ഐ.എസ്.എം, കെയർഹോം, ട്രോമാകെയർ, ഇ.എം.എസ്, സഹായി, വാദീസലാം, സഹചാരി, എം.എം.സി.ടി, പ്രിയദർശിനി, സേവാഭാരതി തുടങ്ങിയവയാണ് സംഘടനകൾ. കാഷ്വാലിറ്റിയിലാണ് പ്രധാനമായും വളന്റിയർമാരുടെ സേവനം. പാഞ്ഞെത്തുന്ന ആംബുലൻസിൽനിന്ന് രോഗിയെ ഇറക്കാൻ സഹായിച്ചാകും തുടക്കം. ട്രയാജിൽ ഡോക്ടറെ കാണിച്ച് ടെസ്റ്റുകൾ ചെയ്യാൻ സഹായിക്കും. എക്സ്റേ, സ്കാനിങ്, യു.എസ്.ജി, ഇ.സി.ജി എന്നിങ്ങനെ എല്ലാം. അപകടങ്ങളാകുമ്പോൾ ചിലരുടെത് ബന്ധുക്കളറിഞ്ഞ് വരാൻ സമയമെടുക്കും. അതിനിടെ നിർബന്ധമായി നൽകേണ്ട സേവനങ്ങൾ പലതുണ്ടാകും. കാത്തുനിൽക്കാതെ അവ ചെയ്തുകൊടുക്കും. ഉത്തരവാദപ്പെട്ടവർ എത്തുംവരെ അവരോടൊപ്പമുണ്ടാകും.

ഉച്ചക്കു ശേഷം ഒ.പി അവസാനിക്കുന്നതോടെയാണ് കാഷ്വാലിറ്റിയിൽ തിരക്ക് കൂടുക. അപകടങ്ങളും അപ്പോഴാണ് കൂടുന്ന​തെന്ന് അനുഭവം പറയുന്നു, വളന്റിയർമാർ. ​ഏറ്റവും തിരക്കനുഭവപ്പെട്ട സമയങ്ങൾ പലതുണ്ടായിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ കോവിഡ് കാലത്ത് വിമാനം റൺവേ തെറ്റി താഴോട്ട് പതിച്ചുണ്ടായ ദുരന്തത്തിനു പിറകെ അനുഭവപ്പെട്ട തിരക്ക് സമീപകാലത്ത് ഏറ്റവും വലിയതായിരുന്നുവെന്നും ഇവർ പറയുന്നു. ഓരോ വളന്റിയറുടെയും സേവനത്തിന് വലിയ വില അനുഭവപ്പെട്ട മണിക്കൂറുകളായിരുന്നു അന്ന്. കോവിഡ് കാലത്ത് രോഗികളെ ഡിസ്ചാർജ് ചെയ്ത് വിടുകയും പലപ്പോഴും ആശുപത്രി ആളൊഴിഞ്ഞ് നിൽക്കുകയും ചെയ്തപ്പോഴും അപകടത്തിലുൾപ്പെടെ എത്തിയവർക്ക് ആശ്രയമായി ഉണ്ടായിരുന്നത് ഈ വളന്റിയർമാർ.

ഏറ്റവും പുണ്യമുള്ള കർമങ്ങളിലൊന്ന് മനുഷ്യരെ ഭക്ഷിപ്പിക്കലാണെന്ന പ്രവാചക വചനം ശിരസ്സാവഹിച്ചാണ് സംഘടനകളിലേറെയും പ്രവർത്തിക്കുന്നത്. രാവിലെയും വൈകീട്ടുമായി രണ്ടുനേരം സമൃദ്ധമായി ഭക്ഷണം നൽകിവരുന്നവ അതിലുണ്ട്. ഒരു നേരം കഞ്ഞി നൽകുന്നവരുമുണ്ട്. നോമ്പുകാലത്ത് നൂറുകണക്കിന് പേർക്കല്ല, ആയിരങ്ങൾക്കുവരെ ഭക്ഷണം നൽകുന്ന സംഘടനകളുമുണ്ട്. വെച്ചുവിളമ്പാൻ മാത്രമല്ല, വാർഡുകളിൽനിന്ന് വരാനാകാത്തവർക്ക് അവിടെയെത്തിച്ചുനൽകാൻ വരെ ഈ വളന്റിയർമാരുണ്ടാകും. ആംബുലൻസ് സേവനമുള്ള സന്നദ്ധ സംഘടനകളുണ്ട്. മരിച്ചവരുടെ ഉറ്റവർ ബന്ധപ്പെട്ടാൽ നാട്ടിൽ അവരെയറിയുന്ന ഔദ്യോഗിക തലങ്ങളിലുള്ളവർ, മഹല്ല്- സംഘടന ഭാരവാഹികൾ തുടങ്ങിയവരെ വിളിച്ച് സാമ്പത്തിക സ്ഥിതി ​അന്വേഷിക്കും. പണം പകുതി വാങ്ങിയോ തീരെ വാങ്ങാതെയോ ​വിട്ടുനൽകേണ്ടവർക്ക് അങ്ങനെ നൽകും. പൂർണമായി ഫീസ് ഈടാക്കിയും ആംബുലൻസ് വിട്ടുനൽകും. കൂടെ പോകാൻ ആളില്ലാത്തവരെങ്കിൽ വീടുവരെ കൂടെ പോകുകയും ചെയ്യും. 108 ആംബുലൻസ്, പൊലീസ് എന്നിവർ ചി​ലപ്പോൾ അശരണരായവരെ പ്രാഥമിക ശുശ്രൂഷക്കായി മെഡിക്കൽ കോളജിലെത്തിക്കുന്ന സംഭവങ്ങളുണ്ട്. ഇവരെ ഏറ്റെടുത്ത് കെയർ ഹോമുകളിലും മറ്റും എത്തിച്ചുനൽകലും ഈ വളന്റിയർമാരാണ്.

വീൽചെയർ, എയർബെഡ്, കട്ടിൽ, ബൈപാപ്, ഓക്സിജൻ കോൺസൻട്രേറ്റർ എന്നിങ്ങനെ നൽകുന്നുണ്ട്. ആശുപത്രി ചികിത്സ ഒരുഘട്ടം കഴിഞ്ഞ് മടങ്ങിയവർ വീണ്ടുമെത്തുമ്പോഴും നൽകും ഈ സേവനങ്ങളെല്ലാം. സി.എച്ച് സെന്റർ, കനിവ്, കെയർ ഹോം, ഐ.എസ്.എം എന്നിവക്കെല്ലാം ആംബുലൻസ് സേവനമുണ്ടാകും. നാലു മണിക്കൂറെങ്കിലും ആശുപത്രിയിലുണ്ടാകുന്നവരാണ് ഏറെ പേരും. ഉറ്റവരില്ലാത്തവർ മരിച്ചാൽ ഖബറടക്കാൻ ആവശ്യമായ സഹായം ചെയ്യുന്നതും ഇതിന്റെ ഭാഗമാണ്. ആശുപത്രിയിൽനിന്ന് നൽകുന്ന രേഖകൾക്കൊപ്പം സന്നദ്ധ സംഘടനകളുടെ കത്ത് കൂടി ചേർത്ത് കണ്ണംപറമ്പ് ശ്മശാനം അധികൃതർക്ക് മൈകാറുന്നതാണ് രീതി. വ്യക്തികൾ നൽകുന്ന സേവനങ്ങൾക്കപ്പുറത്ത് ആശുപത്രിയിലെ വാർഡുകളുടെ നവീകരണമടക്കം ഈ സന്നദ്ധ സംഘടനകൾ നിർവഹിക്കുന്നുവെന്നതുകൂടി ചേർത്തുപറയേണ്ടതാണ്. മതവും ജാതിയുമൊന്നും മനുഷ്യരെ അകറ്റാനുള്ള​തല്ലെന്നും ചേർത്തുനിർത്താനാണെന്നും കർമഗോദയിലിറങ്ങി നമ്മെ പഠിപ്പിക്കുന്നവർ. ഈ നന്മകളെ നാം ഹൃദയംതൊട്ട് വന്ദിച്ചേ പറ്റൂ. ഒരു ബിഗ് സല്യൂട്ട് നൽകി​യേ പറ്റൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid al-Adha
News Summary - Eid al-Adha
Next Story