പെരുന്നാൾ രാവിലെ ‘ചാന്ദ് രാത്’
text_fieldsകാമ്പസ് പരിസരത്ത് തന്നെയുള്ള പള്ളികളിൽ നിന്ന് പെരുന്നാൾ തലേന്ന് രാത്രി സൈറൺ മുഴങ്ങും. അതാണ് പെരുന്നാൾ ആയതിന്റെ അറിയിപ്പ്. ബലി പെരുന്നാൾ പക്ഷേ വ്യത്യസ്തമാണല്ലോ. ചെറിയ പെരുന്നാളിന്റെ ആകാംക്ഷയും ഉത്സാഹവും അത്ര തന്നെ കാണില്ല ബലിപെരുന്നാളിന് എന്നാണല്ലോ പൊതുവെ പറയാറ്. എന്നാൽ, കാമ്പസിനകത്ത് അങ്ങനെയല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ട് കാമ്പസിൽ ഈദുമായി ബന്ധപ്പെട്ട് കാര്യമായി പരിപാടി ഒന്നുമുണ്ടായിരുന്നില്ല. ഒന്ന് കോവിഡ് സമയത്തെ കാമ്പസ് അന്തരീക്ഷമായിരുന്നു കാരണം. മറ്റൊന്ന് കഴിഞ്ഞ വർഷങ്ങളിൽ പെരുന്നാളും അവധിക്കാലവും ഒരുമിച്ച് വന്നതിനാൽ കാമ്പസിൽ കുറച്ച് ഗവേഷക വിദ്യാർഥികൾ അല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല.
എന്നാൽ, കഴിഞ്ഞ വർഷവും ഈ വർഷവും അതിനൊരു മാറ്റമുണ്ടായി. അതുകൊണ്ട് തന്നെ ഈദ് ആഘോഷങ്ങൾ നല്ല രീതിയിൽ തന്നെ നടത്തണം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. പെരുന്നാളിന്റെ തലേ ദിവസം വിദ്യാർഥികൾ എല്ലാവരും കൂടി ‘ചാന്ദ് രാത്’ സംഘടിപ്പിക്കും. എല്ലാവരും വന്ന് സംസാരിച്ചും പാട്ട് പാടിയും കഥ പറഞ്ഞും പരസ്പരം സന്തോഷം പങ്കിട്ടുകൊണ്ടുള്ള മെഹന്തി നൈറ്റ്. ഭാഷാ ഭേദമന്യേ പാട്ടുപാടി. വിദ്യാർഥികൾ പരസ്പരം മൈലാഞ്ചി ഇട്ടുകൊടുക്കും. മധുര പലഹാരങ്ങൾ വിതരണം ചെയ്യും. ആഘോഷവേളയിൽ എല്ലാവർക്കും സ്വന്തം വീട്ടിൽ നിന്ന് അകന്നു നിൽക്കുന്നതിന്റെ സങ്കടം ഈ കൂടിച്ചേരലിലൂടെ ഇല്ലാതാകും.
ആൺകുട്ടികൾ പൊതുവെ പെരുന്നാളിന് രാവിലെ ഈദ് നമസ്കാരത്തിനായി അടുത്തുള്ള പള്ളികളിലേക്ക് പോകാറാണ് പതിവ്. എന്നാൽ, പെൺകുട്ടികൾക്ക് കൂടി പെരുന്നാൾ നമസ്കാരത്തിന് പങ്കെടുക്കണം എന്ന ആഗ്രഹമുണ്ടായതിനാൽ ഈദ് ഗാഹ് നടത്തുന്നതിനെ കുറിച്ച് ആലോചിച്ചു. അങ്ങനെ കഴിഞ്ഞ വർഷത്തെ ചെറിയ പെരുന്നാളിന് ഞങ്ങൾ വിദ്യാർഥികൾ മുൻകൈയെടുത്ത് അടുത്തുള്ള ഒസ്മാനിയ യൂനിവേഴ്സിറ്റിയുടെ പബ്ലിക്ക് ഗാർഡനിൽ നമസ്കാരം സംഘടിപ്പിച്ചു. 2023-24 യൂനിയൻ തെരഞ്ഞെടുപ്പ് കഴിഞ്ഞ തൊട്ടടുത്ത ആഴ്ചയാണ് ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ വന്നത്. ഇത്തവണ ഞങ്ങൾ കാമ്പസിനകത്തുതന്നെ ഈദ് ഗാഹ് നടത്താനുള്ള ശ്രമം നടത്തി. ഔദ്യോഗികമായി അനുമതി ഒന്നും ലഭിച്ചില്ലെങ്കിലും കാമ്പസിലെ ജോഗേഴ്‌സ് പാർക്കിൽ ഈദ് ഗാഹ് നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞു.
എന്നാൽ, കാമ്പസിൽ തന്നെ എല്ലാവരും കൂടിച്ചേരുന്ന പ്രധാന ഇടമായ സാഗർ സ്ക്വയറിൽ പെരുന്നാൾ സന്ദേശം പങ്കുവെക്കുന്ന പഴയ ഈദ് കൂടിച്ചേരലുകളുടെ ഫോട്ടോസ് ഈ അടുത്ത് ഫേസ്ബുക്കിൽ കാണാനിടയായി. സഹോദര മതസമുദായങ്ങളിൽ നിന്നുള്ള വ്യക്തികൾ പെരുന്നാൾ ഓർമകൾ പങ്കുവെക്കുന്ന, ഖീറും മറ്റ് മധുരങ്ങളും വിതരണം ചെയ്യുന്ന ചിത്രങ്ങൾ. കഴിഞ്ഞ പെരുന്നാൾ ദിവസം ഹോസ്റ്റൽ മെസ്സിൽ വിശേഷ വിഭവങ്ങളും പായസവും ഒക്കെയുണ്ടായിരുന്നു. ചില അധ്യാപകർ ഈദ് ദിനത്തിൽ തങ്ങളുടെ വീടുകളിലേക്ക് വിദ്യാർഥികളെ ക്ഷണിക്കും.
ഹൈദരാബാദി ബിരിയാണിയും ഡബിൾ കാ മീഠയും എല്ലാമുള്ള ധന്യമായ സൽക്കാരം. സന്തോഷം നിറഞ്ഞ ഈ ആഘോഷ വേളകളെ കാലുഷ്യത്തിന്റെയും അക്രമത്തിന്റെയും അവസരമാക്കി മാറ്റുന്ന ഇക്കാലത്ത് കാമ്പസ് ഇടങ്ങളിലെ ഈദ് വേളകളെ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പരസ്പര സഹവർത്തിത്വത്തിന്റെയും സന്ദേശങ്ങൾ പകർന്നുനൽകാനുള്ള അവസരമാക്കി മാറ്റണം എന്നാണ് ആഗ്രഹിക്കുന്നത്. വരും വർഷങ്ങളിൽ അത്തരം കാര്യങ്ങൾക്കുള്ള മുൻകൈയെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.