ജാമിഅയിലെ ‘പട്ടിണി’ പെരുന്നാൾ
text_fieldsഡൽഹിയിൽ നിന്ന് തന്നെ വിവാഹം ചെയ്ത ഒരാളെന്ന നിലക്കുള്ള ആദ്യ പെരുന്നാളാണ് ഇത്തവണത്തേത്. പഠനകാലയളവിൽ ആകെ രണ്ട് പെരുന്നാളുകളേ എനിക്ക് ജാമിഅ നഗറിൽ കൂടാൻ കഴിഞ്ഞിട്ടുള്ളൂ. ഡൽഹിയിലെ മുസ്ലിം ഭൂരിപക്ഷ ഗെറ്റോകളിലൊന്ന് മാത്രമാണ് ജാമിഅ നഗർ. 1920ലെ ജാമിഅ മില്ലിയ കേന്ദ്ര സർവകലാശാലയുടെ സ്ഥാപനത്തെ തുടർന്ന് വളർന്നുവന്നതാണ് ഈ പ്രദേശത്തെ ഭൂരിഭാഗം അധിവാസങ്ങളും. വിദ്യാഭ്യാസ-തൊഴിലാവശ്യാർഥം പലഭാഗങ്ങളിൽ നിന്നും കുടിയേറിയവരായവരുടെ മനോഹരമായ പെരുന്നാളു കാഴ്ചകളാണ് ഈ സർവകലാശാലക്കു ചുറ്റും. മലയാളി വിദ്യാർഥികളും മലയാളി കുടുംബങ്ങളും ഈ ആഘോഷത്തിനുള്ള മാറ്റുകൂട്ടുന്ന ഘടകമാണ്. മൂന്നോ നാലോ അതിലധികമോ അടങ്ങുന്ന സംഘങ്ങളായി വാടക റൂമുകളിലായാണ് മിക്ക വിദ്യാർഥികളുടെയും താമസം. ഈദും നോമ്പും ഇഫ്ത്താറുമൊക്കെ സുഹൃദ്ബന്ധങ്ങളുടെ തെളിച്ചം കൂടിയാണ്.
നാട്ടിലെ ബലിപെരുന്നാളിൽ നിന്ന് വ്യത്യസ്തമായി ജാമിഅ നഗറിലെ ബലിപെരുന്നാളാഘോഷങ്ങളിൽ ചില സവിശേഷതകളുണ്ട്. കേരളത്തിൽ ഭൂരിഭാഗം ഇടങ്ങളിലും ബലികർമം സംഘടിതമായാണ്. ഡൽഹിയിൽ ഓരോ വീടുകളും കുടുംബങ്ങളും കേന്ദ്രീകരിച്ചാണ് സാധാരണയായി ബലികർമം. ബലിയറുക്കാനുള്ള ആടിന്റെ ചൂരും, അതിനെ തീറ്റി പരിപാലിക്കുന്ന കുട്ടികളുടെ സന്തോഷങ്ങളും നിറഞ്ഞ ബലിപെരുന്നാൾ വൈബ് ജാമിഅയിൽ പെരുന്നാളിന് കുറഞ്ഞത് ഒരാഴ്ച മുമ്പേ കാണാം. ഒന്നോ രണ്ടോ ആടുകൾ ഒരു വീട്ടിൽ നിന്നുണ്ടാകും.
വീടുകൾ കേന്ദ്രീകരിച്ചാണ് ബലികർമം എന്നതിനാൽ മലയാളി കുടിയേറ്റ വിദ്യാർഥികൾക്ക് ബലിയനുഭവങ്ങൾ കുറവാണ്. എങ്കിലും, ബലി മാംസം മലയാളി വിദ്യാർഥികൾക്ക് പ്രത്യേകമായി എത്തിക്കുന്ന പ്രദശേവാസികളുമുണ്ട്. ഫ്രിഡ്ജ് സൗകര്യമില്ലാത്തതിനാൽ പെട്ടെന്ന് കിട്ടിയ മാംസം വിദ്യാർഥികളായ ഞങ്ങൾ പാചകം ചെയ്യാറാണ് പതിവ്.
നാട്ടിലെ പെരുന്നാൾ ദിനങ്ങൾ ഭക്ഷണത്തിന്റെ ആഘോഷം കൂടിയാണെങ്കിലും ജാമിഅ നഗറിലെ വിദ്യാർഥികൾക്ക് നേരെ തിരിച്ചാണ്. പെരുന്നാളല്ലാത്ത ദിനത്തിൽ രുചികരമായ നിരവധി ഭക്ഷണവിഭവങ്ങളുടെ കലവറയാണ് ജാമിഅ നഗർ. പ്രത്യേകിച്ച് ശഹീൻ ബാഗ്, സാക്കിർ നഗർ എന്നീ സ്ഥലങ്ങൾ. പലതരം കബാബുകളും ടിക്കയും നഹാരിയും പായയും ഉൾപ്പെടുന്ന മുഗൾ വിഭവങ്ങളും, ചങ്കേസിയും ചൗമീനും മോമോസും പോലുള്ള ഏഷ്യൻ വിഭവങ്ങളും, ബർഗർ, പിസ്സ, ഫ്രൈഡ് ചിക്കൻ തുടങ്ങിയ വിഭവങ്ങളും, കേരളത്തിലെയത്ര സജീവമല്ലെങ്കിലും അത്യാവശ്യം മന്തിക്കടകളും ഒക്കെയാണ് ഭക്ഷണത്തിന്റെ കാര്യത്തിൽ ഈ പ്രദേശം. പെരുന്നാൾ ദിനത്തിൽ ജാമിഅ നഗറിലെ എല്ലാ ഹോട്ടലുകളും അടഞ്ഞുകിടക്കും. ഒഴിഞ്ഞ വയറുമായാണ് പെരുന്നാൾ ദിനത്തിൽ മിക്കവാറും വിദ്യാർഥികളും നമസ്കാരത്തിനായി പള്ളിയിലേക്ക് പുറപ്പെടുക. നമസ്കാരാനന്തരം കൂട്ടായ്മകളും സംഘടനകളുമൊരുക്കുന്ന സംഗമങ്ങളും ഭക്ഷണവുമാണ് ഏക പ്രതീക്ഷ. പെരുന്നാൾ ദിനം പട്ടിണിയാവുന്ന അവസ്ഥയും വിരളമല്ല.
പലവർണങ്ങളിലുള്ള കുർത്തയും പൈജാമയും ധരിച്ച മുതിർന്നവരും കുട്ടികളുമടങ്ങുന്ന ആയിരങ്ങൾ, വിശാലമായ പള്ളിയുടെ ഉൾഭാഗവും കവിഞ്ഞ് പുറത്തെ ലോണുകളിൽ അണിനിരന്നുകൊണ്ടുള്ള പെരുന്നാൾ നമസ്കാരം രസകരമായ ഒരനുഭവം തന്നെയാണ്. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ വേനലാണ് ഇത്തവണ ഡൽഹിയിലേത്. കഴിഞ്ഞ വർഷത്തെ തണുപ്പുകാലം താരതമ്യേന നീണ്ടതായിരുന്നുവെങ്കിലും, ഇപ്രാവശ്യത്തെ ചൂട് 53 ഡിഗ്രി വരെയെത്തിയിരുന്നു. കഠിന കാലാവസ്ഥയിലാണ് ഇക്കുറി ഡൽഹിയിലെ ബലിപെരുന്നാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.