ബന്ദർസിന്ധ്രിയിലെ ഈദോർമകൾ
text_fieldsരാജസ്ഥാനിലെ പെരുന്നാൾ ആഘോഷങ്ങളെപ്പറ്റിയോർക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്നത് ബന്ദർസിന്ധ്രി എന്ന ചെറിയ ഗ്രാമവും അവിടെയുള്ള സാദിഖ് ഭായിയുടെ വീടുമാണ്. യൂനിവേഴ്സിറ്റിക്ക് പുറത്ത് ചെറിയൊരു ബിരിയാണിക്കട നടത്തിവരുന്നവരാണ് സാദിഖ് ഭായിയും മൂന്ന് മക്കളും. അവർക്കെല്ലാം മലയാളികളുമായി നല്ല ആത്മബന്ധമാണ്. അതുകൊണ്ടുതന്നെ നാടും വീടും വിട്ടുനിൽക്കുന്ന നമ്മളെയെല്ലാം സംബന്ധിച്ചിടത്തോളം അവരുടെ വീട്, നമ്മുടെയെല്ലാം വീടായി മാറുന്ന സന്തോഷമാണ് ഓരോ പെരുന്നാളും. നാട്ടിലെ പോലെത്തെന്നെ, പെരുന്നാൾ നമസ്കാരം കഴിഞ്ഞാൽ നമ്മളെല്ലാം അവരുടെ വീട്ടിലേക്കാണ് ഓടുക. അവിടെ നമുക്ക് വേണ്ടി നല്ല ബിരിയാണിയും പായസവും മധുരങ്ങളുമെല്ലാം കാത്തിരിക്കുന്നുണ്ടാവും.
പള്ളിയിൽനിന്ന് വന്നവർ മാത്രമല്ല, യൂനിവേഴ്സിറ്റിയിലെ സഹോദര മതസ്ഥരായ മുഴുവൻ മലയാളികളെയും ആ കുടുംബം അന്ന് അവരുടെ വീട്ടിലേക്ക് ക്ഷണിക്കാറുണ്ട്. പിന്നെ ഭക്ഷണം കഴിക്കുന്നതും കഥകൾ പറഞ്ഞിരിക്കുന്നതുമെല്ലാം എല്ലാവരും ഒരുമിച്ചാണ്. ഈദ് എന്നാൽ പുതിയ വസ്ത്രത്തിന്റെ മണവും ബിരിയാണിയുടെ രുചിയും മാത്രമല്ല, ഓരോ കുടുംബങ്ങളും ഒത്തുചേരുന്നതിന്റെ സന്തോഷം കൂടിയാണല്ലോ. 2100 കിലോമീറ്ററുകൾക്കിപ്പുറവും അങ്ങനെ ഞങ്ങളെല്ലാം ഒരു കുടുംബമായി ആഘോഷിച്ചുതീർത്ത പെരുന്നാളുകളെല്ലാം ഒരായുഷ്കാലത്തേക്ക് ഹൃദയത്തിൽ സൂക്ഷിക്കുന്ന ഓർമകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.