നിനവിലെ പെരുന്നാൾ അമ്പിളി
text_fieldsഓരോ പെരുന്നാൾ ദിനവും കടന്നുവരുമ്പോഴും തൃശൂർ നെടുമ്പറമ്പ് കൂളിമുട്ടം സ്വദേശി ശംസുവിന്‍റെ മനസ്സിൽ ആ ഉമ്മയുടെ കരുണാർദ്രമായ ഓർമകൾ നിറയും. അണമുറിയാത്ത സ്നേഹംകൊണ്ട് തന്നെ ചേർത്തുപിടിച്ച ആ ഇമാറാത്തി ഉമ്മയെ ഓർക്കാതെ ഒരു പെരുന്നാളും ശംസുവിന്‍റെ ജീവിതത്തിലൂടെ കടന്നുപോകില്ല. കാരണം, ഇന്ന് ജീവിതത്തിൽ കാണുന്ന എല്ലാ സൗഭാഗ്യത്തിനും പിന്നിൽ അവരുടെ ചേർത്തുപിടിക്കലുണ്ട്. 40 വർഷം ആ ഉമ്മയുടെ തണലിലാണ് ജീവിതം കരുപ്പിടിപ്പിച്ചത്. 18ാം വയസ്സിൽ ദുബൈയിലേക്ക് വിമാനം കയറുമ്പോൾ ആശങ്കയുടെ കാർമേഘം മുഖത്ത് ഇരുണ്ടുകൂടിയിരുന്നു. കാരണം ഡ്രൈവിങ് അറിയാത്ത താൻ അറബി വീട്ടിൽ ഡ്രൈവറായി ജോലിക്ക് പോകുകയാണ്. ചിന്തകൾ പലവഴിയെ പോകുമ്പോഴും കൂടപ്പിറപ്പ് നൽകിയ വിസയാണെന്നതായിരുന്നു ഏക ആശ്വാസം.
നാല് പതിറ്റാണ്ടു മുമ്പ് അൽ ഖവാനിജിലെ മരുഭൂമിയോട് ചേർന്നുള്ള ആ കൊച്ചുവീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ഉള്ളിൽ നിറയെ ഭയമായിരുന്നു. പത്ത് കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു വീടില്ല. മുറ്റത്ത് ഒരു വലിയ ആട്ടിൻപറ്റം കലപില ശബ്ദമുണ്ടാക്കുന്നുണ്ട്. അൽപനേരം വീടിന് മുന്നിൽ നിന്നു. ശേഷമാണ് അകത്തുനിന്ന് ഒരു സ്ത്രീ പുറത്തേക്ക് വന്നത്. പ്രായം 60 കടന്നിട്ടുണ്ടാവും. അകത്തോട്ട് ക്ഷണിച്ചപ്പോൾ തെല്ലൊരു ആശ്വാസമായി. വീടിനകത്ത് മറ്റൊരു മനുഷ്യജീവിയെയും കണ്ടില്ല. കൂട്ടിന് കുറെ ആടുകൾമാത്രം. കണ്ണെത്താ ദൂരത്ത് പരന്നു കിടക്കുന്ന ഈ മരുഭൂമിയിൽ ‘ആടുജീവിതം’ നയിക്കേണ്ടി വരുമോയെന്ന പേടി ഉള്ളിൽ നിറഞ്ഞിരുന്നു. മുറ്റത്തെ കാർ കണ്ടപ്പോൾ വീണ്ടും ആശങ്ക. ദൈവമേ ഡ്രൈവിങ് അറിയാത്ത ഞാനെങ്ങനെ ഈ വണ്ടി ഓടിക്കും. സത്യം പറഞ്ഞ് തിരികെ പോയാലോ എന്നാലോചിച്ചു. പക്ഷേ, ആ ഇമാറാത്തിയുടെ സ്നേഹവായ്പിൽ മനസ്സിന് ധൈര്യം കൈവന്നു. അങ്ങനെ ഡ്രൈവിങ് അറിയാത്ത ശംസു ആ വീട്ടിൽ ‘ഡ്രൈവറായി’. പക്ഷേ, വണ്ടി ഓടിച്ചത് പിന്നെയും കാലങ്ങൾ ഏറെ കടന്നുപോയ ശേഷമായിരുന്നുവെന്ന് മാത്രം.
സനഅ സഈദ് ബിൻ നാസർ സനഅ എന്നായിരുന്നു അവരുടെ മുഴുവൻ പേര്. സ്നേഹത്തോടെ മാമ എന്നായിരുന്നു ശംസു വിളിച്ചിരുന്നത്. വീടിന് തൊട്ടടുത്തുള്ള ഒറ്റമുറിയിലായിരുന്നു ശംസുവിന്‍റെ താമസം. ആദ്യമൊക്കെ ആടുകളെ മേക്കുന്നത് വലിയ പ്രയാസം സൃഷ്ടിച്ചെങ്കിലും ചോക്ലറ്റുകളും മധുര പാനീയങ്ങളുമായി എന്നും സൽക്കരിച്ചിരുന്ന മാമയെ വിട്ടുപോകാൻ മനസ്സ് അനുവദിച്ചില്ല. രണ്ട് പെൺമക്കളാണ് മാമക്ക്. രണ്ടു പേരും ഖത്തറിൽ സ്ഥിരതാമസം. ഒറ്റക്ക് താമസിക്കുന്ന ആ ഉമ്മയുടെ ജനിക്കാത്ത മകനായി അങ്ങനെ ശംസു മാറി. അത്രമേൽ ഇഴുകിച്ചേർന്നിരുന്നു ആ ബന്ധം. ജൂണിലെ ഉഷ്ണത്തിൽ ഉറക്കം നഷ്ടപ്പെടുമ്പോൾ എയർ കണ്ടീഷൻ ചെയ്ത മുറിയിലേക്ക് ആ ഉമ്മ കൂട്ടിക്കൊണ്ടുപോകും.
പെരുന്നാൾ ദിനങ്ങളിൽ ‘മകനായി’ പ്രത്യേക ഭക്ഷണമൊരുക്കും. ഒരു പ്ലേറ്റിൽ ഒരുമിച്ചായിരുന്നു ഉണ്ടിരുന്നത്. പെരുന്നാൾ കോടിയും അവർ വാങ്ങിനൽകും. വീട്ടുജോലിക്കാരനായ ശംസുവിന് ഒടുവിൽ ആ ഉമ്മ മറ്റൊരു വീട്ടുജോലിക്കാരനെ വെച്ചു നൽകി. അങ്ങനെ ശംസു വീട്ടുകാരനായി മാറി. ഇതിനിടെ വിവാഹം കഴിച്ചു. സഹോദരങ്ങളെ ദുബൈയിലെത്തിച്ച് ജോലി തരപ്പെടുത്തി നൽകി. ആ ഉമ്മയുടെ കാരുണ്യത്തിൽ മറ്റനേകം മലയാളി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ജോലി നേടിക്കൊടുത്തു. ചെറു സംരംഭം തുടങ്ങാനുള്ള അനുവാദവും നൽകി. ഖത്തറിലെ മക്കൾ ഉമ്മയെ കുറിച്ചറിഞ്ഞതും ശംസുവിൽനിന്നായിരുന്നു. ഓരോ പെരുന്നാൾ കടന്നുവരുമ്പോഴും അവർ ശംസുവിലൂടെയാണ് ഉമ്മക്ക് ആശംസ അറിയിച്ചിരുന്നത്. ഒടുവിൽ അതിലൊരാൾ മരിച്ചപ്പോൾ ഉമ്മയെ അറിയിക്കാനുള്ള ദൗത്യവും ശംസുവിനായിരുന്നു.
മരുഭൂമിയെ പച്ചപ്പ് നിറച്ചതും ശംസുവിന്‍റെ കഠിനാധ്വാനമാണ്. ആടുകൾ ഏറെയുണ്ടെങ്കിലും ഒരിക്കൽപോലും ശംസുവിന് ‘ആടുജീവിതം’ നയിക്കേണ്ടി വന്നിട്ടില്ല. ഡ്രൈവിങ് പഠിച്ചതോടെ കൂടുതൽ ശമ്പളത്തിൽ പല ഓഫറുകളും വന്നിരുന്നു. പക്ഷേ, മാമയെ പിരിയാൻ മനസ്സനുവദിച്ചില്ല. ഒരു നൂറ്റാണ്ടുകാലം ജീവിച്ച മാമ നാലു വർഷം മുമ്പ് ഈ ലോകത്തോട് വിടപറയുന്നതും ശംസുവിന്‍റെ അടുത്തുവെച്ചായിരുന്നു. ഒറ്റ ഒസ്യത്തെ അവർക്കുണ്ടായിരുന്നുള്ളൂ. ആടുകളെ വിൽക്കരുത്. തുടർന്ന് മാമ മരിച്ചശേഷവും ഒരു വർഷത്തോളം ശംസു ആ വീട്ടിലായിരുന്നു താമസം. ആടുകളെ പരിചരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. പക്ഷേ, ഒരു വർഷത്തിനുശേഷം ബന്ധുക്കൾ വന്ന് ആടുകളെ വിറ്റതോടെ മനസ്സിൽ വല്ലാത്ത വീർപ്പുമുട്ടലായി. അതോടെ, അവിടെനിന്ന് താമസം മാറി. ഇപ്പോൾ സ്വന്തമായ സംരംഭം നോക്കിനടത്തുകയാണ് അദ്ദേഹം. ഓരോ പെരുന്നാൾ അമ്പിളി മാനത്ത് തെളിയുമ്പോഴും ശംസുവും കുടുംബവും മാമയുടെ ഓർമകളിൽ വിതുമ്പും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.