അലീഗഢിലെ പെരുന്നാൾ രാവ്
text_fieldsപെരുന്നാൾ തലേന്ന് രാവ് കാണാനായി എല്ലാവരും പുറത്തിറങ്ങുന്നത് അലീഗഢിലെ ഒരു പ്രത്യേക കാഴ്ചയാണ്. പെരുന്നാളിന്റെ തലേരാത്രിയും ഇവിടെ ഒരു പെരുന്നാൾ തന്നെയാണ്
ഉമ്മ പിന്നേം വിളിക്കുന്നുണ്ട് നാട്ടിലേക്ക് വരാൻ പറഞ്ഞിട്ട്. എങ്ങനെയാണ് ഇല്ലെന്നു പറയുക. എങ്ങനെയൊക്കെയോ പറയാതെ പറഞ്ഞൊപ്പിച്ചു വരുന്നില്ലെന്ന്. ഈ പെരുന്നാൾ അലീഗഢിൽ കൂടണമെന്ന് ആദ്യമേ മനസ്സിലുറപ്പിച്ചു ചേർത്ത് ചൊല്ലിയതാണ്. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിൽനിന്ന് 140 കി.മീ മാറി അങ്ങ് യു.പിയിലാണ് അലീഗഢ് യൂനിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്. 1500ഓളം ഏക്കറിലായി പടർന്നുകിടക്കുന്ന യൂനിവേഴ്‌സിറ്റിയിൽ മുപ്പതിനായിരത്തോളം വിദ്യാർഥികളാണ് ഉള്ളത്. ചായക്കട മുതൽ മെഡിക്കൽ കോളജ് വരെ ഇതിനുള്ളിൽ തന്നെയാണ്.
പെരുന്നാൾ തലേന്ന് രാവ് കാണാനായി എല്ലാവരും പുറത്തിറങ്ങുന്നത് അലീഗഢിലെ ഒരു പ്രത്യേക കാഴ്ചയാണ്. പെരുന്നാളിന്റെ തലേരാത്രിയും ഇവിടെ ഒരു പെരുന്നാൾ തന്നെയാണ്. രാത്രി വൈകി വരെ നീണ്ടുനിൽക്കുന്ന, ആൾക്കാരെ കൊണ്ടും വർണാഭമായ ലൈറ്റുകൾകൊണ്ടും അലംകൃതമായ കച്ചവടത്തെരുവുകൾ. പിറ്റേന്ന് രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി ഞാനും സുഹൃത്തും കൂടി പെരുന്നാൾ നമസ്കാരത്തിനായി നടന്നുനീങ്ങി. ഉത്തരേന്ത്യൻ മുസ്‍ലിംകൾ ധരിക്കുന്ന നീളൻ കുപ്പായമാണ് നമ്മളുടെ പെരുന്നാൾ കോടി. ആ വഴിയിൽ കുർത്തയണിഞ്ഞ് പരസ്പരം കുശലം പറഞ്ഞു നടന്നുനീങ്ങുന്ന കശ്മീരി യുവാക്കളെ കണ്ടു. അങ്ങനെ ഞങ്ങളുടെ നടത്തം ഏഷ്യയിലെതന്നെ വലിയ ലൈബ്രറികളിലൊന്നായ മൗലാനാ ആസാദ് ലൈബ്രറിയുടെ അടുത്തെത്തി. വണ്ടികൾ അതിലൂടെ പോകുന്നുണ്ട്. ചെറിയവരും വലിയവരും എല്ലാം പുതുവസ്ത്രത്താൽ സുന്ദരമായിരിക്കുന്നു.
ചെറിയ കുട്ടികൾവരെ കുർത്തയണിഞ്ഞത് കണ്ണിന് കുളിർമ നൽകുന്നതായിരുന്നു. അവിടെ നിന്ന് അലീഗഢിലെ ജമാ മസ്ജിദ് ലക്ഷ്യമാക്കി ഞങ്ങൾ മുന്നോട്ടുനടന്നു. അലീഗഢിലെ ജമാ മസ്ജിദ് ഡൽഹി ജമാ മസ്ജിദിനോട് വളരെ സാദൃശ്യപ്പെടുന്ന രീതിയിലാണ് തീർത്തിരിക്കുന്നത്. പള്ളിയോട് അടുക്കുംതോറും ജനത്തിരക്ക് കൂടിക്കൂടി വന്നു. പതിയെ ഞാൻ ആ ജനസാഗരത്തിലേക്ക് എറിയപ്പെട്ടു. എല്ലാവരും ധരിച്ചിരിക്കുന്നത് ഒരേപോലെയുള്ള വസ്ത്രങ്ങൾ. ആ സാഗരത്തിൽ അലിഞ്ഞുചേർന്ന് ‘ഞാൻ’ എന്നുള്ളതില്ലാതായി. എല്ലാവരും നടക്കുന്നത് ഒറ്റ ലക്ഷ്യത്തിൽ അല്ലാഹുവിനെ ലക്ഷ്യമാക്കി.
അല്ലാഹു അക്ബർ, അല്ലാഹു അക്ബർ. ഹജ്ജിന്റെ പ്രതീതി ഉളവാക്കുന്നതായിരുന്നു ആ നടത്തം. അലി ശരീഅത്തി പറയുന്നപോലെ ആ കൂട്ടത്തിൽ നമ്മൾ നമ്മളെ നഷ്ടപ്പെടുകയും അല്ലാഹുവിനെ തേടുകയും ചെയ്യുന്നു. പള്ളി നിറഞ്ഞ് ജനക്കൂട്ടം പള്ളിക്ക് പുറത്തുള്ള ഹോസ്റ്റൽ മൈതാനത്തിലേക്ക് എത്തിയിരുന്നു. ഒരു ഭായി നീട്ടിത്തന്ന വിരിപ്പിൽ ഞാനുമിരുന്നു. ഇമാമിനെ തുടർന്ന് ഞാനും കൈ കെട്ടി. നമസ്കാരം കഴിഞ്ഞതും പതിവുപോലെ നമ്മൾ മലയാളി സുഹൃത്തുക്കൾ ഒത്തുചേർന്നു. പഠിക്കുന്ന കുട്ടികൾ മാത്രമല്ല, മലയാളി അധ്യാപകരും ഗവേഷണ വിദ്യാർഥികളും ഒത്തുകൂടി പെരുന്നാൾ വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. മധുരം കഴിച്ചു. അങ്ങനെ എല്ലാവരും ചേർന്നുനിന്ന് പെരുന്നാളിന്റെ നിർബന്ധ ഫോട്ടോ സെഷന് തുടക്കമായി. അതൊടുക്കമില്ലാതെ തുടർന്നുപോയി. ഞാൻ പോന്നതിനുശേഷവും അത് തുടർന്നുപോയി. അവിടെനിന്ന് നേരെ പോയത് ഹോസ്റ്റൽ മുറിയിലേക്കാണ്. ഓരോരുത്തരായി മുറിയിലേക്ക് വരുന്നുണ്ടായിരുന്നു. പ്രിയ സുഹൃത്ത് ആദ്യമായി ചിക്കൻ കറി വെച്ചതും വാശിപ്പുറത്ത് കണ്ണൂര് നിന്നുമിറക്കിയ റെസിപ്പിയാൽ നെയ്‌ച്ചോർ വെച്ചതും പെരുന്നാൾ ദിവസത്തെ കൂടുതൽ സുന്ദരമാക്കി. അവിടെനിന്ന് ക്ലാസിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. അവിടെ ചെന മസാലയും ദാഹി വടയും കബാബും മധുരമുള്ള ഖീറുമെല്ലാം ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. മുമ്പ് സിനിമയിൽ പറഞ്ഞതുപോലെ, പലപ്പോഴും ചെന(കടല) കഴിച്ചിട്ടുണ്ടങ്കിലും ചെന ഒരത്ഭുതമായി തോന്നിയത് ആദ്യമായിട്ടായിരുന്നു. അവിടെനിന്ന് നേരെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. സുഹൃത്തിന്റെ ഉമ്മ കഴിഞ്ഞ കുറെയായി അലീഗഢിൽ തന്നെയുണ്ട്. ഉമ്മ അന്ന് പെരുന്നാളിന് ബിരിയാണി എല്ലാം ഒരുക്കി എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. അങ്ങനെ ബിരിയാണി അകത്താക്കി മുറിയിലെത്തിയപ്പോഴേക്ക് രണ്ട് പേർ കസോളിലേക്ക് വണ്ടി കയറിയിരുന്നു.
പെരുന്നാൾ ആണെങ്കിൽ, അതും അലീഗഢിൽ ആണെങ്കിൽ ഒരു യാത്ര നിർബന്ധമാണെന്ന് പറഞ്ഞപോലെ ഇത്തവണ സുഹൃത്തുക്കളുമൊത്ത് പിറ്റേ ദിവസം നൈനിറ്റാളിലേക്ക് ഉള്ള യാത്രയും പ്ലാൻ ചെയ്ത് ഉറക്കത്തിലേക്ക് ഞാൻ വഴുതിവീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.