വ്യത്യസ്താനുഭവത്തിന്റെ പെരുന്നാൾ രാഗം
text_fieldsജമയിലെ പെരുന്നാളിന്റെ വലിയ പ്രത്യേകത അവിടത്തെ ജനസാഗരംതന്നെയാണ്. ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നുള്ളവർ, മറ്റു രാജ്യക്കാർ, ദേശീയ-അന്തർദേശീയ മീഡിയക്കാർ എല്ലാവരും ഉണ്ടാകും
ഡൽഹി യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവരുടെ ഈദ്ഗാഹ് പുരാന ദില്ലിയിലെ ജമാ മസ്ജിദാണ്. വേറെയും പള്ളികളും ഈദ്ഗാഹുകളും ഉണ്ടെങ്കിലും ഒട്ടുമിക്ക പേരും ഒരുമിച്ചുകൂടാറുള്ളത് ജമയിൽതന്നെയാണ്. ഡൽഹിയിൽ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം ആറു മുതൽ ഒമ്പതു വരെയുള്ള സമയത്തിനിടക്കാണ്. അതുകൊണ്ടുതന്നെ ഒരു പള്ളിയിൽനിന്ന് നമസ്കാരം കിട്ടിയില്ലെങ്കിൽ അടുത്ത പള്ളിയിലേക്ക് പോകാം. ജമയിലാണ് ആദ്യം നമസ്കാരം തുടങ്ങുന്നത്. അവിടെ ആറു മണിക്കുതന്നെ തുടങ്ങും. അതുകൊണ്ടുതന്നെ അഞ്ചുമണിക്ക് എത്തണം. സുബ്ഹി നമസ്കാരത്തിന് പള്ളിയിലെത്തുംവിധം റൂമിൽനിന്നും പുറപ്പെടണം. നമസ്കാരം കഴിയുമ്പോഴേക്ക് പള്ളിയും ചുറ്റുവട്ടവുമെല്ലാം നിറഞ്ഞിട്ടുണ്ടാകും. ജമയിലെ പെരുന്നാളിന്റെ വലിയ പ്രത്യേകത അവിടത്തെ ജനസാഗരംതന്നെയാണ്. ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നുള്ളവർ, മറ്റു രാജ്യക്കാർ, ദേശീയ-അന്തർദേശീയ മീഡിയക്കാർ എല്ലാവരും ഉണ്ടാകും. നമസ്കാരം കഴിഞ്ഞാൽ ആശംസകൾ കൈമാറലും സൗഹൃദം പങ്കിടലും ഫോട്ടോ എടുക്കലുമെല്ലാമായി അവിടെ തന്നെ കൂടും. ഈ ഒരുമിച്ചുകൂടലിൽ മത, രാഷ്ട്ര ഭേദമെന്യേ എല്ലാവരും പങ്കെടുക്കാറുണ്ട്. ഇത്രയും ജനസാഗരം ഒരുമിച്ചുകൂടുന്ന ഒരു സംഗമം ഒരു വട്ടമെങ്കിലും നേരിട്ടനുഭവിക്കണം എന്ന് വിചാരിച്ചു പങ്കെടുക്കുന്നവരും പുറമെ ഡൽഹിയിലെ വ്യത്യസ്ത സർവകലാശാലകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഒട്ടുമിക്ക വിദ്യാർഥികളും ഇവിടെയെത്തും. നാട്ടിലേതിൽനിന്ന് തികച്ചും വ്യത്യസ്തമായൊരനുഭവമാണ് ഇവിടത്തെ പെരുന്നാൾ സംഗമത്തിന്.
പെരുന്നാൾ നമസ്കാരത്തിന് ശേഷം എല്ലാവരും പ്രഭാത ഭക്ഷണം കഴിക്കാൻ ജമയുടെ ചുറ്റുവട്ടം തന്നെയുള്ള ഫുഡ് സ്ട്രീറ്റുകളിലേക്ക് പോകാറാണ് പതിവ്. നമസ്കാരവും ഖുതുബയും കഴിഞ്ഞ ഉടനെതന്നെ ആ ഫുഡ് സ്ട്രീറ്റുകളെല്ലാം തുറന്നു പ്രവർത്തിക്കാൻ തുടങ്ങും. ബലിപെരുന്നാളിന് ജമയുടെ ചുറ്റുവട്ടം മുഴുവനായി ആടുകളെക്കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. പെരുന്നാൾ നമസ്കാരത്തിന് മുമ്പും ശേഷവും കച്ചവടം നല്ല തകൃതിയിൽതന്നെ നടക്കും.
പ്രഭാതഭക്ഷണത്തിനു ശേഷം വ്യത്യസ്ത റൂമുകളിലായി ഒരുമിച്ചുകൂടി ഭക്ഷണം ഉണ്ടാക്കി മറ്റു നോർത്ത് ഇന്ത്യൻ സുഹൃത്തുക്കളെ ക്ഷണിച്ച് ഭക്ഷണം ഒരുക്കി സഹൃദം പങ്കിടും. സംഘടനകളുടെ കീഴിലും വിദ്യാർഥികളുടെ സംഘാടനത്തിലും കൾച്ചറൽ പ്രോഗ്രാമുകൾ, ഇശൽരാവുകൾ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. കുടുംബത്തോടൊപ്പമല്ല എന്നതൊഴിച്ചാൽ ഏറെ സന്തോഷം നിറഞ്ഞതാണ് ഡൽഹിയിലെ പെരുന്നാളുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.