ഗുരുവായൂരിൽ ഏകാദശി വിളക്ക് തുടങ്ങി
text_fieldsഗുരുവായൂര്‍: ഏകാദശിയുടെ ഭാഗമായി ക്ഷേത്രത്തിൽ ഒരുമാസം നീളുന്ന വിളക്കാഘോഷം തുടങ്ങി. പാലക്കാട് അലനല്ലൂര്‍ പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലായിരുന്നു ആദ്യദിവസത്തെ വിളക്ക്.
രാത്രി വിളക്കെഴുന്നള്ളിപ്പില്‍ നാലാമത്തെ പ്രദക്ഷിണത്തിന് പതിനായിരത്തോളം ദീപങ്ങള്‍ തെളിച്ചു. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും വഴിപാടായാണ് ഏകാദശിക്ക് മുന്നോടിയായി 30 ദിവസം വിളക്ക് നടത്തുന്നത്.
ചൊവ്വാഴ്ച എഴുത്തച്ഛന് സണ്‍സ് വക നെയ് വിളക്കാണ്. ബുധനാഴ്ച ക്ഷേത്രം 'പത്തുകാരുടെ' വകയാണ്. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഏകാദശി വിളക്ക് ചടങ്ങ് മാത്രമായിരുന്നു.
ഇത്തവണ കാഴ്ചശീവേലിക്കും വിളക്ക് എഴുന്നള്ളിപ്പുകള്‍ക്കും മൂന്ന് ആനകള്‍ അണിനിരക്കും. ഡിസംബര്‍ 14നാണ് ഏകാദശി. ക്ഷേത്രത്തിൽ ബിംബശുദ്ധി ചടങ്ങുകൾ നടന്നു. ശീവേലിക്കുശേഷമാണ് അഭിഷേകങ്ങൾ നടന്നത്. മണ്ഡലകാലം തുടങ്ങുന്ന ചൊവ്വാഴ്ച ഉച്ചപ്പൂജക്ക് 25 കലശം അഭിഷേകം ചെയ്യും.
ഒരുവർഷം മുമ്പ് തീപിടിത്തമുണ്ടായ ഗുരുവായൂർ ക്ഷേത്രത്തിലെ തിടപ്പള്ളിയുടെ പുനരുദ്ധാരണം പൂർത്തിയായി. ചൊവ്വാഴ്ച മുതൽ തിടപ്പള്ളിയിൽ നിവേദ്യങ്ങൾ തയാറാക്കാൻ തുടങ്ങും.
ഗുരുവായൂരിൽ ഇന്നുമുതൽ നാലമ്പലത്തിലേക്ക് പ്രവേശനം
ഗുരുവായൂർ: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഗുരുവായൂരിൽ ചൊവ്വാഴ്ച മുതൽ നാലമ്പലത്തിലേക്ക് പ്രവേശനം അനുവദിക്കും. പ്രസാദ ഊട്ട്, കുട്ടികൾക്ക് ചോറൂണ്, തുലാഭാരം എന്നിവ പുനരാരംഭിക്കും. വിവാഹ മണ്ഡപത്തിന് സമീപത്തേക്ക് 10 പേർക്കും നാല് ഫോട്ടോഗ്രാഫർമാർക്കും കൂടി അനുമതി നൽകും.
നേരത്തെ 10 പേർക്കുള്ള അനുമതിക്ക് പുറമെയാണിത്. ശബരിമല തീർഥാടകർക്ക് ദർശനത്തിന് പ്രത്യേക വരി ഏർപ്പെടുത്തും. മേൽപത്തൂർ ഓഡിറ്റോറിയത്തിൽ ആധ്യാത്മിക പരിപാടികളും കലാപരിപാടികളും പുനരാരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.