കുടുംബ സംസ്കരണത്തിന്റെ വ്രത നാളുകൾ
text_fieldsമനുഷ്യകുലത്തിന്റെ സംസ്കരണത്തിനുതകുന്ന വ്യക്തമായ മാർഗ നിർദേശങ്ങളുമായി വിശുദ്ധ ഖുർആൻ അവതരിച്ചതിന്റെ നന്ദി സൂചകമായാണ് വിശ്വാസികളോട് റമദാനിൽ നോമ്പനുഷ്ഠിക്കാൻ കൽപിക്കപ്പെട്ടത്. (ഖുർആൻ 2: 185)
ദിവ്യ ഗ്രന്ഥത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് ജീവിതം കറകളഞ്ഞതാക്കി തീർക്കുക എന്നതാണ് റമദാനിലൂടെ ആർജിച്ചെടുക്കേണ്ട നേട്ടം. ഖുർആനിൻറെ അധ്യാപനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കുടുംബ സംസ്കരണം. വിശ്വാസികളുടെ നിർബന്ധ ബാധ്യതയായാണ് അത് പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.
വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും കാത്തുരക്ഷിക്കുക(66 : 6).
ഖുർആൻ എടുത്തു പറഞ്ഞ പ്രവാചകൻമാർ മക്കൾക്ക് നൽകിയ ഉപദേശനിർദേശങ്ങൾ, മുഹമ്മദ് നബി (സ) ഭാര്യമാർക്കും മക്കൾക്കും നൽകാൻ കൽപിക്കപ്പെട്ട ഉപദേശങ്ങൾ, ലുഖ്മാൻ (അ) മകന് നൽകിയ ഉപദേശം തുടങ്ങിയവയിലെല്ലാം വിശ്വാസികൾക്ക് ഈ വിഷയത്തിൽ മാതൃകയുണ്ട്. ദൈനംദിന ജീവിതത്തിൽ നാമും നമ്മുടെ മക്കളും സമ്പർക്കത്തിൽ ഏർപ്പെടുന്ന ലോകം പൈശാചിക പ്രലോഭനങ്ങളാൽ വലയം ചെയ്യപ്പെട്ടതാണ്. ഇവയ്ക്കിടയിൽ ദീനും ശരീഅത്തും അവയുടെ തേട്ടമായ സദ്സ്വഭാവവും തഖ്വയും സ്വാഭാവികമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു കൊള്ളും എന്ന ചിന്ത പരമ അബദ്ധമാണ്. ബോധപൂർവമായ ശ്രമങ്ങൾ അനിവാര്യമാണ്. നല്ല മാതൃകകൾ കാഴ്ചവെച്ചും സന്ദർഭാനുസൃതം ഉപദേശ നിർദ്ദേശങ്ങൾ നൽകിയും പരസ്പരം ഓർമ്മപ്പെടുത്തിയും മാത്രമേ ഉത്തമ സംസ്കാരം വളർത്തിയെടുക്കുവാൻ സാധിക്കൂ.
അതിന് ഏറ്റവും അനുയോജ്യമായ സന്ദർഭമാണ് വ്രത നാളുകൾ. പൊതുവെ മനസ്സുകൾ നിർമ്മലമാവുന്ന അവസ്ഥയിൽ നന്മയിലേക്കുള്ള സൂചനകൾ പോലും പെട്ടെന്ന് ആഗിരണം ചെയ്യപ്പെടും. നോമ്പനുഭവങ്ങൾ കുട്ടികളിൽ ആത്മനിയന്ത്രണം നേടിയെടുക്കുന്നതിന് സഹായിക്കും. അതിൻറെ പ്രാധാന്യം കൂടി മനസ്സിലാക്കി കൊടുക്കാൻ കുടുംബത്തിലെ മുതിർന്നവർ ശ്രദ്ധിച്ചാൽ മതി.
സാധാരണഗതിയിൽ ഒരുമിച്ച് ഭക്ഷണം കഴിക്കാനോ പ്രാർത്ഥിക്കാനോ ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയിൽ സാധ്യമാവാത്ത കുടുംബങ്ങൾക്ക് റമദാൻ വലിയ അനുഗ്രഹമാണ്. ലോകമൊന്നാകെ ഉറങ്ങികിടക്കുമ്പോൾ കുടുംബാംഗങ്ങളെ വിളിച്ചുണർത്തി ഒരുമിച്ച് അത്താഴം കഴിക്കുമ്പോഴും, പകൽ മുഴുവൻ പട്ടിണികിടന്ന് സന്ധ്യാ വേളയിൽ നോമ്പ് തുറക്കാനായി ബാങ്ക് വിളിയും കാത്ത് തീൻ മേശക്ക് ചുറ്റും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുമ്പോഴും ആത്മസംസ്കരണത്തിന്റെ പുതിയ പാഠങ്ങൾ കൂടി പകർന്നു നൽകാനുള്ള ബോധപൂർവമായ ശ്രമം ഉണ്ടാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.