Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഞങ്ങളുടെ നോമ്പ്...

ഞങ്ങളുടെ നോമ്പ് ഇങ്ങനൊക്കെയാണ്

text_fields
bookmark_border
Ramadan 2022, Fasting
cancel

2020 മാർച്ച് 29, സമയം രാവിലെ 11. കോവിഡിനെത്തുടർന്ന് പൂട്ടിട്ട കേരളത്തിൽ എല്ലാ പൂട്ടും പൊളിച്ച് പുറത്തിറങ്ങിയ ആയിരക്കണക്കിനു ഇതരസംസ്​ഥാന തൊഴിലാളികൾ തിരുവല്ലാ പായിപ്പാട് കവലയിൽ ഒത്തുചേരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസിെന്റ വലയം ഭേദിച്ച് മുന്നോട്ടു നീങ്ങിയ അവരുടെ നാവിൽനിന്നും 'ഹംലോഗ്കോ ഫൂക്ക് ലകേത... ഹംകോ മുലൂക്ക് ജാനാ ചാഹിയേ... (ഞങ്ങൾക്കു വിശക്കുന്നു. ഞങ്ങൾക്കു നാട്ടിൽ പോകണം)' എന്ന് ഉച്ചത്തിൽ കേൾക്കുന്നുണ്ടായിരുന്നു. 2021 മാർച്ച് 29. കൃത്യം ഒരുവർഷം പിന്നിട്ടപ്പോഴേക്കും ജനതയെയാകെ ഭീതിപ്പെടുത്തി കോവിഡിെന്റ രണ്ടാം വരവ്.


ആദ്യ ലോക്ഡൗണിനെത്തുടർന്ന് നാട്ടിൽപോയ ഇതര സംസ്​ഥാന തൊഴിലാളികളിൽ പലരും പിന്നീട് മടങ്ങി വന്നില്ല. എന്നാൽ, ജീവിക്കാൻവേണ്ടി ഇവിടെതന്നെ കഴിഞ്ഞുകൂടിയവരും പിന്നീട് മടങ്ങി വന്നവരും ഇപ്പോഴും കേരളത്തിലുണ്ട്. അവരിൽ ഏറിയ കൂട്ടരും പട്ടിണിപ്പാവങ്ങളും. 'ആപ്കോ റോസാ ഹേ...' (താങ്കൾക്കു നോമ്പുണ്ടോ ?) ഇഷ്ടികക്കുമുകളിൽ ​െവച്ചിരിക്കുന്ന മൊബൈൽ ഫോണിൽനിന്നും പുറത്തേക്കൊഴുകുന്ന ഖുർആൻ പാരായണങ്ങൾ ഭക്തിപുരസരം ആസ്വദിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ജഹാംഗീറിനോടായി ചോദിച്ചു. ജോലി തുടരുന്നതിനിടയിൽ മുഖത്തേക്കു നോക്കാതെ അയാൾ പറഞ്ഞു..'നഹി..'(ഇല്ല)

'ക്യോം?'(എന്തുകൊണ്ട്)

'ഹംലോഗ് കാം കർനേവാല ആദ്മീഹേ..കൈസേ റോസാ പകടേഗാ''...(ഞങ്ങൾ ജോലി ചെയ്യുന്നവരാണ്. എങ്ങനെ നോമ്പ് പിടിക്കാനാകും). കേരളത്തിൽ ഏറ്റവും അധികം ഇതരസംസ്​ഥാന തൊഴിലാളികൾ താമസിക്കുന്ന പെരുമ്പാവൂരും തിരുവല്ലാ പായിപ്പാട് പ്രദേശങ്ങളിലും ഖുർആൻ പാരായണം മാത്രമല്ല, പ്രഭാഷണങ്ങൾപോലും പണിയിടങ്ങളിൽ ഇവർ നിരന്തരം ശ്രവിച്ചുകൊണ്ടിരിക്കുന്നു. അവരുടെ വർത്തമാനങ്ങളാണിനി...

നോമ്പും നോമ്പുതുറയും

''ഇതു പഠിക്കേണ്ടപ്പോൾ പഠിക്കാനും കേൾക്കേണ്ടപ്പോൾ കേൾക്കാനും ഞങ്ങൾക്കായില്ല. ഇവിടെ കൊച്ചുകുഞ്ഞുങ്ങൾപോലും മദ്റസയിലും സ്​കൂളുകളിലും പോകുന്നതുകാണുമ്പോൾ ഞങ്ങൾക്കു ഇതു കഴിഞ്ഞില്ലല്ലോ എന്ന തോന്നൽ. അവിടെ ഞങ്ങൾ പാർട്ടി പ്രവർത്തകരായിരുന്നു. അതിനിടയിൽ മതപരമായി ഒന്നും പഠിച്ചില്ല. സ്​കൂളിലും പോകാനായില്ല. കേരളക്കാരെപ്പോലെ വേണ്ടത്ര ചിന്താശീലവും ഞങ്ങൾക്കില്ലായിരുന്നു'' ജഹാംഗീർ പറഞ്ഞുകൊണ്ടിരുന്നു.


ഇതരസംസ്​ഥാനങ്ങളിൽനിന്നും തൊഴിൽതേടി കേരളത്തിൽ എത്തിയ പത്തു ശതമാനംപേർക്കുപോലും നോമ്പ് അനുഷ്ഠിക്കാൻ കഴിയാറില്ല. അതേസമയം കേരളം വിട്ടു നാട്ടിലെത്തിയാൽ തങ്ങൾ നോമ്പ് മുടക്കാറില്ലെന്നും അവർ പറയുന്നു. ഇടയത്താഴത്തിനു പലഹാരങ്ങളേക്കാൾ കൂടുതൽ ചോറും ചപ്പാത്തിയും മീൻകറിയുമാണ് ഇവർക്ക് ഏറെ ഇഷ്ടം. സുഭിക്ഷമായി മറ്റുപലതും കഴിക്കണമെന്ന് ആഗ്രഹിച്ചാലും സാമ്പത്തിക സ്​ഥിതി അതിന് അനുവദിക്കില്ലെന്ന് അവർ പറയുന്നു. അതേസമയം പുലർച്ചെ പള്ളിയിൽപോയി നമസ്​കരിക്കണമെന്ന് ഇവർക്കു നിർബന്ധമുണ്ട്.

കേരളത്തിലെപ്പോലെ പള്ളി കമ്മിറ്റികൾ നടത്തുന്ന നോമ്പുതുറ ഭക്ഷണം അവിടെയില്ല. ചില വ്യക്തികളോ സാമ്പത്തിക ഭദ്രതയുള്ളവരോ ഭക്ഷണം നൽകാൻ മുന്നിട്ടിറങ്ങും. വലിയ പരന്നപാത്രങ്ങളിൽ നോമ്പുതുറക്കാനുള്ള വിഭവങ്ങൾ ഒന്നായി ​െവച്ച് അതിനുചുറ്റും ആളുകൾ ഒന്നിച്ചിരുന്നാകും നോമ്പുതുറക്കുക. പള്ളികളിൽ നമസ്​കരിക്കാൻ എത്തുന്നവർ മറ്റുള്ളവർക്കുകൂടി നോമ്പുതുറക്കാനായി എന്തെങ്കിലുമൊക്കെ കൊണ്ടുവരും. ഇഫ്താർ സംഗമം എന്ന പേരിൽ നോമ്പുതുറപ്പിക്കുന്ന പരിപാടിയും അവിടെ കാണാറില്ലത്രെ.


വ്യത്യാസങ്ങളില്ലാതെ...

''വിഭിന്ന ചിന്താഗതിക്കാർ ഉണ്ടെങ്കിലും ഞാനും ഒരു മുസ്‍ലിമാണ് എന്നതിൽക്കവിഞ്ഞ് മറ്റ് വ്യത്യാസങ്ങളൊന്നും അവിടെയില്ല. പിതാവ് ഹജ്ജിനു പോയി ഹാജി എന്ന വിളിപ്പേരു കിട്ടിയതുകൊണ്ടു താനും ഹാജിയാണ് എന്നു വാദിക്കുന്നവർപോലും ഞങ്ങൾക്കിടയിലുണ്ട്'' അവർ പറയുന്നു.

നമസ്കാരത്തിനു ഹാഫിളുകൾ (ഖുർആൻ മനഃപാഠമാക്കിയവർ) നേതൃത്വം നൽകണമെന്ന് ഇവർക്ക് നിർബന്ധമുണ്ട്. അതിനായി മൂന്നുപേരെ റമദാൻ മാസത്തിൽ നിയമിക്കും. ഒരാൾ ഇമാമായി നിൽക്കുകയും രണ്ടുപേർ തൊട്ടുപിന്നിലുമാകും നിൽക്കുക. നമസ്കരിക്കുമ്പോൾ ഖുർആൻ പാരായണത്തിൽ എവിടെയെങ്കിലും തെറ്റുസംഭവിച്ചാൽ അവ തിരുത്താനായിട്ടാണ് ഈ രണ്ടുപേർ പിന്നിൽ നിൽക്കുന്നത്. വ്രതത്തിന്റെ അവസാന പത്തു ദിവസം പള്ളിയിൽ രാപ്പാർക്കാൻ (ഇഅ്തികാഫ്) വലിയ കൂട്ടമാകും പള്ളികളിൽ ഉണ്ടാകുക. ചെറുപ്പക്കാരും പ്രായമുള്ളവരുമെല്ലാം ഇക്കാര്യത്തിൽ ഏറെ തൽപരരാണെന്നു ബംഗാളുകാർ അഭിപ്രായപ്പെടുന്നു. ആ ദിവസങ്ങളിൽ പള്ളികളിൽ ഇരിക്കുന്നതിനു 'ഖാൻകാ മസ്​ജിദ്' എന്നാണ് ഇവർ പറയുക.


പുതുവസ്​ത്രങ്ങളും സുഗന്ധദ്രവ്യങ്ങൾ പൂശുന്നതും തലയിൽ തൊപ്പി​െവക്കുന്നതും പെരുന്നാൾദിനം ഇവർക്കു നിർബന്ധമാണ്. എല്ലാ തിരക്കുകളും മാറ്റി​െവച്ച് ബന്ധുവീടുകളിൽ പോകാനും ഇവർ സമയം കണ്ടെത്തും. ബന്ധുക്കളുടെ ഖബറുകൾ സന്ദർശിക്കണമെന്നതും അവർക്ക് നിർബന്ധമാണ്. വർഷത്തിലൊരിക്കൽ പുതുവസ്​ത്രം ധരിക്കുന്നതിന്റെയും സുഭിക്ഷമായി ആഹാരം കഴിക്കുന്നതിെന്റയും സന്തോഷത്തിലാകും അവരന്ന്. മൈലാഞ്ചിയിട്ട കൈകളിലെ കുപ്പിവളകിലുക്കവുമായി മാപ്പിളപ്പാട്ടിെന്റ ഈരടികൾ ചുണ്ടിൽ മൂളുന്ന വടക്കൻ കേരളത്തിലെ രാജാത്തിമാരെപ്പോലെ ആരെയും തങ്ങളുടെ നാട്ടിൽ എവിടേയും കാണാനാവില്ലെന്നു പറയുമ്പോൾ ഇതരസംസ്​ഥാന തൊഴിലാളികളുടെ വീടുകളിലെ നോമ്പും പെരുന്നാളും നമുക്ക് ഊഹിക്കാനാവുന്നതേയുള്ളൂ. എങ്കിലും അവരുടെ നോമ്പിനും പെരുന്നാളിനും അധ്വാനത്തിന്റെ രുചികൂടിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fastinginter state workersRamadan 2022
News Summary - Fasting of inter state workers
Next Story