കമ്പരാമായണ ശീലുകളിൽ സജീവമായി ദേവീക്ഷേത്രങ്ങൾ
text_fieldsഒറ്റപ്പാലം: തമിഴ് മണക്കുന്ന ശീലുകളുമായി കമ്പരാമായണം തോൽപ്പാവക്കൂത്തിന് വള്ളുവനാടൻ ദേവീക്ഷേത്രങ്ങളിലെ കൂത്തുമാടങ്ങളിൽ തിരി തെളിഞ്ഞു. തമിഴ് കവി കമ്പർ രചിച്ച കമ്പരാമായണം അടിസ്ഥാനമാക്കിയുള്ള തോൽപ്പാവക്കൂത്ത് ‘അമ്മ ദൈവങ്ങളുടെ നാടാ’യ ജില്ലയിൽ ഒഴിച്ചുകൂടാനാവാത്ത അനുഷ്ഠാനമാണ്. തൃശൂർ, മലപ്പുറം ജില്ലകളിലും ഇതിന് വേദിയാകുന്ന ക്ഷേത്രങ്ങളുണ്ട്. ആസ്വാദനത്തിന്റെ ഇതര സംവിധാനങ്ങൾക്കിടയിലും മാടങ്ങളെ മറച്ചുകെട്ടിയ തിരശ്ശീലയിൽ പതിയുന്ന നിഴൽരൂപങ്ങളുടെ കാഴ്ചവട്ടങ്ങൾ ഭക്തിയുടെ അന്തരീക്ഷം സമ്മാനിക്കുന്നതാണ്.
ക്ഷേത്രങ്ങളിലെ പൂരോത്സവങ്ങൾക്ക് തുടക്കമിടുന്ന വേനൽ കാലത്താണ് ഈ കലാരൂപത്തിനും ക്ഷേത്രങ്ങളിൽ വേദി ലഭിക്കുന്നത്. ജനുവരിയിൽ ആരംഭിക്കുന്ന പുലവർമാരുടെ തിരക്ക് അവസാനിക്കുന്നത് മേയ് അന്ത്യത്തോടെയാണ്. പുലവർ എന്നത് തമിഴിൽ കവിയെന്ന് സാരം. കൂത്ത് അവതരിപ്പിക്കുന്നവരും അറിയപ്പെടുന്നത് പുലവർ എന്ന വിശേഷണത്തിലാണ്. മൂന്ന് ജില്ലകളിലായി 85ഓളം ദേവി ക്ഷേത്രങ്ങളിലെ പൂരത്തോടനുബന്ധിച്ചാണ് കൂത്തുമാടങ്ങൾ ഉണരുന്നത്.
50 ലേറെ കൂത്ത് കലാകാരന്മാർക്ക് ഉപജീവന മാർഗം തെളിയുന്ന കാലം കൂടിയാണ് ഈ അഞ്ച് മാസം. മലപ്പുറം ജില്ലയിലെ എടപ്പാൾ കുളങ്ങര ദേവി ക്ഷേത്രത്തിലാണ് വർഷത്തിൽ ആദ്യകൂത്തിന് തുടക്കം കുറിക്കുന്നത്. പട്ടാമ്പി പന്തക്കൽ, കണയം, ചെർപ്പുളശ്ശേരി, മുക്കാരത്തി, മണ്ണൂർ, ചിനക്കത്തൂർ, ആര്യങ്കാവ്.... പട്ടിക നീണ്ടതാണ്. മാത്തൂരിലെ ക്ഷേത്രവും കൂനത്തറയിലെ മാരിയമ്മൻ കോവിലുമാണ് അവസാനത്തേത്. ശ്രീരാമ ജനനം മുതൽ പട്ടാഭിഷേകം വരെ 21 ദിവസം നീളുന്ന വിധത്തിലും പഞ്ചവടി മുതൽ പട്ടാഭിഷേകം വരെ 14 ദിവസം നീളുന്ന വിധത്തിലും കൂത്ത് അരങ്ങേറാറുണ്ട്. ഒറ്റപ്പാലം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിൽ സേതുബന്ധനം മുതൽ പട്ടാഭിഷേകം വരെയാണ് അവതരിപ്പിക്കുക.
ഏറ്റവും കൂടുതൽ ദിവസം കൂത്ത് അവതരിപ്പിച്ചുവരുന്നത് മണ്ണൂരിലെ കൈമംകുന്നത്ത് കാവ് ഭഗവതി ക്ഷേത്രത്തിലാണ്. 7, 14, 21, 41, 71 എന്നീ ദിവസ ക്രമത്തിലാണ് തോൽപ്പാവക്കൂത്ത് അവതരണം നടന്നുവരുന്നത്. യുദ്ധകാണ്ഡമാണ് കൂടുതൽ ക്ഷേത്രങ്ങളിലും വ്യാപകമായി അവതരിപ്പിച്ചുവരുന്നത്. ദേവന്മാർക്ക് ഉൾപ്പെടെ ശല്യക്കാരനായ ദാരികനെ നിഗ്രഹിക്കാനായി പരമശിവന്റെ കണ്ഠത്തിലെ കാളകൂടവിഷം കൊണ്ട് ഭദ്രകാളിയെ സൃഷ്ടിച്ചതായാണ് പുരാണം. ദാരികനും ഭദ്രകാളിയുമായി നടന്ന യുദ്ധത്തിൽ ദാരികൻ കൊല്ലപ്പെട്ടു.
സമാന കാലത്താണ് രാമ-രാവണ യുദ്ധം നടന്നതെന്നും രാമൻ രാവണനെ നിഗ്രഹിക്കുന്നത് നേരിൽ കാണാൻ കഴിയാതിരുന്ന കാളിയുടെ ആഗ്രഹം നിറവേറ്റാനാണ് കൊല്ലം തോറും ദേവീ ക്ഷേത്രങ്ങളിൽ തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചുവരുന്നതെന്നുമാണ് ഐതിഹ്യം. ഇതോടനുബന്ധിച്ച് ഭക്തരുടെ നേർച്ചയായി വഴിപാട് കൂത്തും കൂത്തുമാടങ്ങളിൽ നടക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ ഇതിനകം ശ്രദ്ധ നേടിയ ഒരു കലാരൂപം കൂടിയാണ് തോൽപ്പാവക്കൂത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.