ഹജ്ജിന് ശേഷമുള്ള ആദ്യ ജുമുഅ, നിറഞ്ഞു കവിഞ്ഞ് മസ്ജിദുൽ ഹറം
text_fieldsമക്ക: ഹജ്ജിനു ശേഷമുള്ള ആദ്യ ജുമുഅയിലും പ്രാർഥനയിലും പങ്കെടുക്കാൻ മസ്ജിദുൽ ഹറമിൽ എത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ. ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയ ഹാജിമാരെ ഹറമിൽ എത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും നാട്ടിൽ നിന്നെത്തിയ ഹജ്ജ് ഉദ്യോഗസ്ഥരും സന്നദ്ധ സംഘടന വളൻറിയർമാരും ചേർന്നാണ് പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. ഇന്ത്യൻ ഹജ്ജ് മിഷന് കീഴിലുള്ള തീർത്ഥാടകരെ ജുമുഅയിലും പ്രാർഥനയിലും പങ്കെടുക്കാനായി ബസ് മാർഗം താമസകേന്ദ്രമായ അസീസിയയിൽ നിന്നും മസ്ജിദുൽ ഹറാമിൽ എത്തിച്ചത്.
തിരക്ക് ഒഴിവാക്കാൻ രാവിലെ ആറ് മുതൽ തന്നെ ഹറമിലേക്കുള്ള ബസ് സർവിസ് നിർത്തിവച്ചിരുന്നു. ഇത് കാരണം നിരവധി ഹാജിമാർക്ക് ഇന്ന് ഹറമിൽ എത്താൻ സാധിച്ചില്ല. പലരും ടാക്സിയെ ആശ്രയിച്ചാണ് ഹറമിൽ എത്തിയത്. പുലർച്ചെ മുതലേ ഹാജിമാർ ഹറമുകളിലേക്ക് എത്തിത്തുടങ്ങി. ജുമാ കഴിഞ്ഞ് കൂട്ടമായി പുറത്തിറങ്ങിയതോടെ വലിയ തിരക്കാണ് ഹറം മുറ്റത്ത് അനുഭവപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥർ ബാരിക്കേഡുകൾ വച്ച് തിരക്ക് നിയന്ത്രിച്ചു.
ശക്തമായ ചൂട് ആണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ഹാജിമാർക്ക് ചികിത്സ നൽകാൻ ആവശ്യമായ മെഡിക്കൽ സംഘങ്ങളെ വഴിയിൽ ഇന്ത്യൻ ഹജ്ജ് മിഷൻ സജ്ജമാക്കിയിരുന്നു. ഉച്ച കഴിഞ്ഞ് മൂന്നോടെ മുഴുവൻ തീർഥാടകരെയും താമസസ്ഥലങ്ങളിലേക്ക് തിരിച്ചെത്തിക്കാനായി. ഹാജിമാരെ സഹായിക്കാനായി വളൻറിയർമാരും സജീവമായി. ഇന്ത്യയിലേക്കുള്ള ഹാജിമാരുടെ മടക്കം തുടരുകയാണ്.
ഇതുവരെ 10,000 ത്തോളം തീർഥാടകർ ജിദ്ദ വഴി നാട്ടിലെത്തിയിട്ടുണ്ട്. ഹജ്ജിന് മുന്നേ മദീന സന്ദർശനം പൂർത്തിയാക്കാത്ത ഹാജിമാരുടെ മദീന സന്ദർശനം പുരോഗമിക്കുന്നുണ്ട്. ആറായിരത്തോളം തീർഥാടകർ മദീന സന്ദർശനത്തിലാണ്. ഇവരുടെ മടക്കം മദീന വിമാനത്താവളം വഴിയാണ് ക്രമീകരിച്ചിട്ടുള്ളത്. ജൂലൈ 13 മുതൽ മദീനയിൽ നിന്നും ഹാജിമാർ നാട്ടിലേക്ക് യാത്ര തിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.