ഫിത്ർ സകാത്തും വ്രതവും
text_fieldsവ്രതാനുഷ്ഠാനത്തിന്റെ പൂർണതയാണ് ഫിത്ർ സകാത്ത്. റമദാനിൽ വിശപ്പ്, സഹനം, ആസ്വാദന നിയന്ത്രണം എന്നിവ സാമൂഹികബോധവും സഹജീവി സ്നേഹവും അവനിൽ ജനിപ്പിക്കുന്നു. അതിന്റെ പ്രകടരൂപമാണ് ഫിത്ർ സകാത്തിലൂടെ വ്യക്തമാകുന്നത്. ധനത്തിന്റെ സകാത്തിന് ഉള്ളതുപോലെ ദാരിദ്ര്യനിർമാർജനത്തിൽ ഏറിയ പങ്കില്ലെങ്കിലും സാമൂഹികബന്ധത്തിൽ പ്രധാനമാണ് ഫിത്ർ സകാത്ത്. സാഹോദര്യവും സ്നേഹവും ഫിത്ർ സകാത്തിൽ കാണാം. ആഘോഷദിവസമായ ചെറിയ പെരുന്നാളിൽ ഒരു വിശ്വാസിയും വിശന്നിരിക്കരുത് എന്നാണ് അതിലെ തത്ത്വം. ഫിത്ർ എന്ന അറബി പദത്തിന് വിരാമം എന്നും ഫിത്വ്റത് എന്നതിന് ശരീരപ്രകൃതിയെന്നും അർഥമുണ്ട്. നോമ്പിൽനിന്നുള്ള വിരാമം കൊണ്ട് നിർബന്ധമാവുന്നതു കാരണം സകാത്തുൽ ഫിത്ർ എന്നും ശരീരത്തിനുവേണ്ടിയുള്ള സകാത്തായതുകൊണ്ട് ഇതിന് സകാതുൽ ഫിത്റ എന്നും പറയുന്നു.
തനിക്കും ദൈനംദിന ചെലവിൽ തന്‍റെ ബാധ്യതയിലുള്ളവർക്കും പെരുന്നാൾ ദിവസത്തിനാവശ്യമായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ കഴിച്ച് സകാത്ത് നൽകാനുള്ള വിഭവം ശേഷിപ്പുള്ളവർ ഫിത്ർ സകാത്ത് നൽകൽ നിർബന്ധമാണ്. അഥവാ ഫിത്ർ സകാത്ത് നിർബന്ധമാവാൻ ഇതര സകാത്തുകളിൽ എന്ന പോലെ വരുമാനപരിധി ബാധകമല്ല. ഭാര്യ, സ്വയം ചെലവു വഹിക്കാൻ ശേഷിയില്ലാത്ത മാതാപിതാക്കൾ, സന്താനങ്ങൾ എന്നിവരാണ് ചെലവുവഹിക്കേണ്ടവരായി ഒരാളുടെ ബാധ്യതാവൃത്തത്തിലുള്ളത്. കടബാധ്യത ഉള്ളവർ ഫിത്ർ സകാത്ത് നൽകൽ നിർബന്ധമില്ലെന്നാണ് പ്രബലാഭിപ്രായം.
പെരുന്നാൾ രാവ് അണഞ്ഞാൽ ഫിത്ർ സകാത്ത് നിർബന്ധമായി. ഈ സമയം മുതൽ പെരുന്നാൾ ദിനം അവസാനിക്കുന്നതുവരെയാണ് നൽകാനുള്ള സമയം. പെരുന്നാൾ നമസ്കാരത്തിനുമുമ്പേ നൽകലാണ് സുന്നത്ത്. നാട്ടിലെ മുഖ്യഭക്ഷണമാണ് നൽകേണ്ടത്. ഓരോരുത്തർക്കുവേണ്ടിയും ഒരു സ്വാഅ് (രണ്ടു നാരായം) ആണ് നൽകേണ്ടത്. അത് ഏകദേശം രണ്ടര കിലോയിലധികം തൂക്കം വരുന്നുണ്ട്. അതതു പ്രദേശത്തെ മുഖ്യഭക്ഷണം അല്ലാത്തത് നൽകിയാൽ മതിയാകില്ല. അവൻ ഭക്ഷിക്കുന്നതിനെക്കാൾ മോശമായതും നൽകിക്കൂടാ. ധാന്യത്തിന് പകരം സംഖ്യ നൽകിയാൽ പോരാ.
എന്നാൽ വില നൽകിയാൽ മതിയാകുമെന്ന് ഇമാം അബൂ ഹനീഫ പറഞ്ഞിട്ടുണ്ട്. മുൻ വിവരിച്ച ആവശ്യം കഴിഞ്ഞ് മിച്ചംവന്നത് അവർ സകാത്ത് നൽകൽ നിർബന്ധമായ എല്ലാവർക്കുവേണ്ടിയും മതിയാകുന്നില്ലെങ്കിൽ ഉള്ളതുകൊടുക്കണം. ധനത്തിന്റെ സകാത്തിന്റെ അവകാശികൾ തന്നെയാണ് ഫിത്ർ സകാത്തിന്റെയും അവകാശികൾ. സ്വന്തം നാട്ടിൽ അവകാശികൾ ഉണ്ടായിരിക്കെ മറ്റു നാട്ടിലേക്ക് സകാത്ത് നീക്കരുത് എന്നാണ് നിയമം. ഓരോ നാട്ടിലേയും ദരിദ്രരെ സംരക്ഷിക്കൽ ആ നാട്ടിൽ കഴിവുള്ളവരുടെ ബാധ്യതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.