മക്ക ഹറമിൽ പ്രാർഥനകൾക്ക് നേതൃത്വം നൽകാൻ അഞ്ച് ഇമാമുമാർ
text_fieldsമക്ക: ഇനി കൂടുതൽ പ്രാർഥനനിരതമാവും മക്കയിലെ വിശുദ്ധ ഗേഹം. റമദാനിലാണ് ഏറ്റവും കൂടുതൽ വിശ്വാസികൾ ഒരേസമയം മസ്ജിദുൽ ഹറാമിൽ നമസ്കാരത്തിനും പ്രാർഥനക്കും എത്തുന്നത്. 10 ലക്ഷത്തിനു മുകളിൽ വിശ്വാസികൾ രാത്രിനമസ്കാരങ്ങളിൽ പങ്കെടുക്കാറുണ്ട്. ഇരട്ടി പ്രതിഫലം ലഭിക്കുമെന്നതാണ് ഇതിന് വിശ്വാസികളെ പ്രേരിപ്പിക്കുന്നത്.
മണിക്കൂറുകൾ നീളുന്ന നമസ്കാരവും ഖുർആൻ പാരായണവും പ്രാർഥനയുമാണ് ഇവിടത്തെ പ്രത്യേകത. മഗ്രിബ്, ഇശാഅ്, തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങൾക്കും പ്രാർഥനകള്‍ക്കും നേതൃത്വം നൽകുന്ന ഇമാമുമാരുടെ വശ്യതയാർന്ന ഖുർആൻ പാരായണമാണ് റമദാനിലെ രാത്രികളെ ഏറെ ആകർഷകമാക്കുന്നത്. സ്വരമാധുര്യം നിറഞ്ഞ ഖുർആൻ പാരായണം ഓരോ വിശ്വാസിയെയും ആത്മീയതയുടെ ഉച്ചസ്ഥായിയിലെത്തിക്കും.
അതിലൂടെ വിശ്വാസികളെയുംകൊണ്ട് ദൈവസന്നിധിയിലേക്കുള്ള യാത്രക്കാണ് ഈ ഇമാമുമാർ നേതൃത്വം നല്‍കുന്നത്. നമസ്കാരം ദൈവത്തിലേക്കുള്ള തീർഥയാത്രയായാണ് വിശ്വസിക്കപ്പെടുന്നത്. ഇത്തവണ മസ്ജിദുൽ ഹറാമിലെ നമസ്കാരങ്ങൾക്കും പ്രാർഥനകൾക്കും നേതൃത്വം നൽകുന്നത് സൗദിയിലെ മുതിർന്ന പണ്ഡിതരും മനോഹരമായി ഖുർആൻ പാരായണം ചെയ്യുന്നതിൽ പ്രശസ്തരുമായ ഹറമിലെ അഞ്ച് പ്രധാന ഇമാമുമാരാണ്.
ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്
മക്ക, മദീന വിശുദ്ധ ഗേഹങ്ങളുടെയും ഹറം വികസനകാര്യ പകുപ്പിന്റെയും തലവനുമായ ഡോ. അബ്ദുറഹ്മാന് അല്‍സുദൈസ് ആണ് മക്ക മസ്ജിദുല്‍ ഹറാമിലെ പ്രധാന ഇമാം. 12 വയസ്സു മുതൽ ഖുർആൻ മനഃപാഠമാക്കിയ അദ്ദേഹം 1984ൽ 22ാം വയസ്സിൽ ഹറമില്‍ നമസ്കാരത്തിനും വെള്ളിയാഴ്ച ജുമുഅക്കും നേതൃത്വം നൽകിത്തുടങ്ങി.
ഖസീം പ്രവിശ്യയിലെ ബുഖൈരിയ്യയിൽ ജനിച്ച അദ്ദേഹം പിന്നീട് റിയാദ് നഗരത്തിലേക്ക് താമസം മാറ്റി. ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ മക്കയിലെ ഉമ്മുല്‍ ഖുറ യൂനിവേഴ്സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടി. സ്വരഭംഗിയും പാരായണ ഗാംഭീര്യവുംകൊണ്ട് ലോകത്ത് ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഖുർആൻ പാരായണങ്ങള്‍. അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽസുദൈസ് എന്നാണ് മുഴുവൻ പേര്.
ഡോ. മാഹിർ അൽ മുഅയ്കിലി
മദീനയിൽ ജനിച്ച മാഹിർ അൽ മുഅയ്കിലി മക്കയിലെയും മദീനയിലെയും ഹറമുകളിൽ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഖുർആൻ മനഃപാഠമാക്കിയത് മദീനയിൽ വെച്ച്. ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഉമ്മുൽ ഖുറ സർവകലാശാലയിൽനിന്ന് ഇസ്ലാമിക കർമശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും സ്വന്തമാക്കി. 2006ൽ മദീനയിലെ മസ്ജിദുന്നബവിയിൽ റമദാനിലെ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകിത്തുടങ്ങി. 2007 മുതൽ മക്ക മസ്ജിദുൽ ഹറാമിലെ ഇമാമായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഖുർആൻ പാരായണവും ലോകത്ത് ഏറെ പ്രശസ്തമാണ്.
ഡോ. ബന്ദർ ബലില
മക്കയിലാണ് ഇമാം ബന്ദർ അബ്ദുൽ അസീസ് ബലില ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അദ്ദേഹം ഖുർആൻ മനഃപാഠമാക്കി. ഉമ്മുൽ ഖുറ സർവകലാശാലയിലെ ശരീഅ കോളജിൽനിന്ന് ഇസ്ലാമിക കർമശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. മദീനയിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്.ഡിയും പൂർത്തിയാക്കി. 2013ൽ മക്കയിലെ മസ്ജിദുൽ ഹറാമിൽ ഇമാമായി നിയമിതനായി.
പിന്നീട് ഹജ്ജ് വേളയിൽ അറഫാദിനത്തിൽ പ്രഭാഷണം നടത്താൻ ബലിലയെ ചുമതലപ്പെടുത്തി സൽമാൻ രാജാവ് രാജകൽപന പുറപ്പെടുവിച്ചു. മക്കയിലെ നിരവധി പള്ളികളിൽ ഇമാമായും ഖതീബായും പ്രവർത്തിച്ചു. 2019ൽ രാജകൽപന പ്രകാരം മക്ക ഹറമിൽ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ നടത്താൻ തുടങ്ങി. 2020ൽ സൗദിയിലെ മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിലിൽ അംഗമായി അദ്ദേഹം നിയമിതനായി. നിരവധി പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.
ഡോ. അബ്ദുല്ല അൽജുഹനി
മദീനയിൽ ജനിച്ച അബ്ദുല്ല അൽജുഹനി ചെറുപ്പത്തിൽ തന്നെ ഖുർആൻ മനഃപാഠമാക്കി. 21ാം വയസ്സിൽ മസ്ജിദുന്നബവിയിൽ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകാൻ തുടങ്ങി. മദീനയിലെ പ്രധാന പള്ളികളായ ഖുബാഅ് മസ്ജിദ്, മസ്ജിദു ഖിബ്ലതൈൻ എന്നിവിടങ്ങളിൽ പ്രധാന ഇമാമായി സേവനം അനുഷ്ഠിച്ചു. പിന്നീട് മദീന, മക്ക ഹറമുകളിൽ ഇമാമായി. ചെറുപ്പത്തിൽ ഒന്നിലധികം തവണ അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ഖുർആനിൽനിന്ന് ബിരുദം നേടി.
തുടർന്ന് മക്കയിലെ ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിൽനിന്ന് ഖുർആൻ വ്യാഖ്യാനത്തിൽ പിഎച്ച്.ഡിയും നേടി. ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിലെ ദഅ്വ കോളജിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. 2005 മുതൽ മക്ക ഹറമിൽ റമദാനിൽ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകിത്തുടങ്ങി. 2007 മുതൽ ഹറമിലെ ഇമാമുമാരിൽ ഒരാളായി നിശ്ചയിക്കപ്പെട്ടു. അബ്ദുല്ല ബിൻ അവാദ് ബിൻ ഫഹദ് അൽദുബിയാനി അൽജുഹാനി എന്നാണ് അദ്ദേഹത്തിന്റെ പൂർണമായ പേര്.
യാസർ അൽ ദോസരി
മസ്ജിദുൽ ഹറാമിലെ ഏറ്റവും പ്രായം കുറഞ്ഞ ഇമാമാണ് 43കാരനായ യാസർ അൽദോസരി. റിയാദിനു സമീപം അൽഖർജിൽ ജനിച്ച അദ്ദേഹം ആറാം വയസ്സിൽ ഖുർആൻ പാരായണത്തിൽ പരിശീലനം ആരംഭിച്ചു. 16ാം വയസ്സിൽ മസ്ജിദുകളിൽ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകാൻ ആരംഭിച്ചു. പിന്നീട് റിയാദിലെ പ്രമുഖ മസ്ജിദുകളിൽ ഇമാമായി. 2015 മുതൽ മക്കയിലെ മസ്ജിദുൽ ഹറാമിൽ റമദാനിലെ നമസ്കാരങ്ങൾക്ക് നേതൃത്വം നൽകിത്തുടങ്ങി.
2019 ഒക്ടോബറിലാണ് മസ്ജിദുൽ ഹറാമിൽ ഇമാം എന്ന നിലയിൽ ഔദ്യോഗികമായി നിയമിതനായത്. ഇമാം മുഹമ്മദ് ബിൻ സഊദ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ ശരീഅ കോളജിൽനിന്ന് ഇസ്ലാമിക കർമശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഇസ്ലാമിക കർമശാസ്ത്ര താരതമ്യ പഠനത്തിൽ ഡോക്ടറേറ്റും നേടി. ഖുർആനിലെ ശാസ്ത്രം, ഇസ്ലാമിക കർമശാസ്ത്ര താരതമ്യ൦, ഇസ്ലാമിക സാമ്പത്തിക ശാസ്ത്രം എന്നിവയിൽ ഗ്രന്ഥങ്ങളും പഠനങ്ങളും ഗവേഷണങ്ങളുമായി 33ലധികം പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇരുഹറം കാര്യാലയ ഉപദേശക സമിതി അംഗമായ അദ്ദേഹം നിലവിൽ ഉമ്മുൽ ഖുറ യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ശരീഅ ആൻഡ് ഇസ്ലാമിക് സ്റ്റഡീസിൽ അസോസിയറ്റ് പ്രഫസറായും യൂനിവേഴ്സിറ്റി പ്രസിഡന്റിന്റെ ഉപദേശകനായും സേവനമനുഷ്ഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.