'മഖാം' ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ വിദേശ തീർഥാടകർക്ക് ഉംറ വിസ നേടാം
text_fieldsറിയാദ്: നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും മികച്ച സേവന നിലവാരം ഉറപ്പ് വരുത്തുന്നതിനുമുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഇനി മുതൽ വിദേശ ഉംറ തീർഥാടകർക്ക് സഹായകമാകും. വിദേശ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്ക് 'മഖാം' ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ ഉംറ യാത്രകൾ ബുക്ക് ചെയ്യാനും ആവശ്യമായ വിസ നേടാനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു.
തീർഥാടകർക്ക് അവരുടെ മാതൃരാജ്യത്തെ അംഗീകൃത ഏജൻസികളിൽനിന്ന് ഉംറ പാക്കേജുകൾ തെരഞ്ഞെടുക്കാനും ആവശ്യമായ വിസ അപേക്ഷാനടപടിക്രമങ്ങൾ പൂർത്തിയാക്കാനും ഓൺലൈൻ സംവിധാനം വഴി സാധിക്കും. അപേക്ഷയിന്മേൽ അംഗീകാരമായാൽ ലഭിക്കുന്ന റഫറൻസ് നമ്പർ ഉപയോഗിച്ച് ഓൺലൈനായി തന്നെ പണവും അടയ്ക്കാം. ഈ നടപടി പൂർത്തിയായാൽ 24 മണിക്കൂറിനുള്ളിൽ ഇതേ പ്ലാറ്റ്‌ഫോം വഴി വിസ ലഭിക്കും. ഇപ്രകാരം അനുവദിക്കുന്ന വിസകൾക്ക് അനുവദിച്ച തീയതി മുതൽ 90 ദിവസത്തെ കാലാവധിയുണ്ടാകും.
തീർഥാടകർക്ക് താമസസൗകര്യം ഉറപ്പാക്കാനും മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ബുക്ക് ചെയ്യാനും സൗദിക്കുള്ളിൽ ആഭ്യന്തര യാത്ര ക്രമീകരിക്കാനും 'മഖാം' പോർട്ടൽ ഉപയോഗിക്കാം. വിസയിലൂടെ രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങൾ മനസിലാക്കാനും ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങൾ സന്ദർശിക്കാനുമുള്ള അവസരം തീർഥാടകർക്ക് ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.