ജന്തുതയിൽനിന്ന് മാനവികതയിലേക്ക്
text_fieldsപലരും വീട് കാക്കാൻ നായെ വളർത്താറുണ്ട്. പല നായ്ക്കcdളും യജമാനന്മാരോട് കൂറുപുലർത്തുന്നു. അവ വീട്ടുകാർ നൽകുന്നത് മാത്രമേ തിന്നുകയുള്ളൂ. മറിച്ചാണെങ്കിൽ നായെ വളർത്തുന്നതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല.
കള്ളൻ അർധരാത്രി വിഷം പുരട്ടിയ മാംസ കഷണവുമായി വീട്ടിൽ വരുന്നു. അയാളെ കണ്ട് കുരക്കുന്ന നായ്ക്ക് അതെറിഞ്ഞുകൊടുക്കുന്നു. നായെ തന്റെ യഥാർഥ ദൗത്യം മറന്ന് അത് തിന്നാൽ ചാവുക മാത്രമല്ല; തന്നെ ഏൽപിച്ച വീട് കാക്കുകയെന്ന ഉത്തരവാദിത്തം നിർവഹിക്കാൻ കഴിയാതെവരുകയും ചെയ്യും.
ഓരോ മനുഷ്യന്റെ മുന്നിലും ശാരീരികേച്ഛകളാകുന്ന മാംസക്കഷണങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കും. അതിൽ വിഷം പുരട്ടിയിട്ടുണ്ടോ എന്ന് പലരും പരിശോധിക്കുകപോലുമില്ല. എല്ലാ ഇച്ഛകളും പൂർത്തീകരിക്കാൻ പരമാവധി ശ്രമിക്കും. തിന്നാൻ തോന്നുന്നതൊക്കെയെടുത്ത് തിന്നും. കുടിക്കാൻ കൊതിക്കുന്നതെല്ലാം കുടിക്കും. കണ്ണിന് ഇമ്പം തോന്നുന്നതൊക്കെയും നോക്കിനിൽക്കും.
കാത് കൊതിക്കുന്നതെല്ലാം കേൾക്കും. നാവിൻ തുമ്പിൽ വരുന്നതൊക്കെയും വിളിച്ചുപറയും. തന്നിലെ സമസ്ത നന്മകളെയും നശിപ്പിക്കുന്ന പാപത്തിന്റെ വിഷം അതിൽ കലർന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയില്ല. അതോടെ അവരിലെ മനുഷ്യത്വം മരവിക്കും. പിന്നെ അവശേഷിക്കുക മാനവികത അന്യംനിന്ന ഇരുകാലി ജന്തുവായിരിക്കും.
ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള കരുതലാണ് റമദാനിലെ വ്രതാനുഷ്ഠാനം. അത് വിശ്വാസികളെ പാപവൃത്തികളിൽനിന്ന് അകന്നുനിൽക്കാൻ പ്രേരിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നു.താൻ ചിന്തിക്കുന്നതും പറയുന്നതും ചെയ്യുന്നതും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു അറിയുമെന്നും മരണശേഷം തന്റെ കർമങ്ങളുടെ ഫലം അനുഭവിക്കേണ്ടിവരുമെന്നുമുള്ള വിശ്വാസവും ബോധവുമാണല്ലോ മനുഷ്യരെ പാപവൃത്തികളിൽ നിന്ന് മോചിപ്പിക്കുകയും അകറ്റിനിർത്തുകയും ചെയ്യുന്നത്.
ഇക്കാര്യത്തിൽ വിശ്വാസികൾ വ്രത വേളയിൽ പുലർത്തുന്ന ജാഗ്രത ശ്രദ്ധേയമത്രെ. ഒരു മാസക്കാലം ഓരോ ദിവസവും നീണ്ട 14 മണിക്കൂറിലേറെ സമയം ഒരു വറ്റോ ഒരു തുള്ളി വെള്ളമോ വയറ്റിലെത്താതിരിക്കാൻ ഏവരും ഏറെ ശ്രദ്ധ പുലർത്തുന്നു. എന്തെങ്കിലും തിന്നുകയോ കുടിക്കുകയോ ചെയ്താൽ ഈ ലോകത്ത് ആരും അതറിയില്ലെന്ന കാര്യം ഉറപ്പാണ്.
എന്നിട്ടും അങ്ങനെ ചെയ്യാതിരിക്കുന്നത് അല്ലാഹു അറിയുമെന്ന സജീവ ബോധം കൊണ്ട് മാത്രമാണ് . ഈ പരിശീലനത്തിലൂടെ നേടിയെടുക്കുന്ന ദൈവസാന്നിധ്യത്തെ സംബന്ധിച്ച സജീവ ബോധം സദാ നിലനിർത്തണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ജന്തുതയിൽ നിന്ന് മാനവതയിലേക്ക് മനുഷ്യനെ നയിക്കാൻ കഴിയുന്നതും ദൈവസാന്നിധ്യത്തെ സംബന്ധിച്ച ഈ സജീവ ബോധം തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.