ഇക്കുറിയും നോമ്പുകഞ്ഞി മുടക്കാതെ ഗീത കാർത്തികേയൻ
text_fieldsആറാട്ടുപുഴ: ഇക്കുറിയും റമദാനിലെ പുണ്യദിനത്തിലെ കഞ്ഞി മുടക്കാതെ ഗീത കാർത്തികേയൻ. 27ാം രാവിൽ ആറാട്ടുപുഴ മസ്ജിദുൽ അമാനിൽനിന്ന് വിതരണം ചെയ്യുന്ന കഞ്ഞിക്കുള്ള ചെലവ് കാൽനൂറ്റാണ്ടായി വഹിക്കുന്നത് ആറാട്ടുപുഴ കള്ളിക്കാട് സാധു പുരത്തുവീട്ടിൽ ഗീത കാർത്തികേയനാണ്. 1999ലാണ് ആദ്യമായി സംഭാവന നൽകുന്നത്. ഭർത്താവ് കാർത്തികേയൻ ഗൾഫിൽ പോയി ആദ്യശമ്പളം എത്തുന്നത് റമദാൻ മാസമായിരുന്നു.
കുറച്ച് തുക മുസ്‌ലിം സ്ഥാപനങ്ങൾക്ക് നൽകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ മുസ്ലിം സുഹൃത്താണ് നോമ്പുകാർക്ക് കഞ്ഞികൊടുക്കുന്നതിന് പള്ളിയിൽ സംഭാവന നൽകുന്ന കാര്യം പറഞ്ഞത്. 27ാം രാവിന്‍റെ പുണ്യമറിഞ്ഞ് ആദിവസം തന്നെ എന്‍റെ വക കഞ്ഞി വിതരണം നടത്തണമെന്ന് പറഞ്ഞ് പണം പള്ളി ഭാരവാഹികൾക്ക് നൽകി. അവരത് സന്തോഷത്തോടെ സ്വീകരിച്ചു. 750 രൂപയാണ് അന്ന് ഈടാക്കിയത്. തുടർന്നുള്ള റമദാനിലും ഇതിന് മുടക്കം വരുത്തിയില്ല.
2004ൽ ഭർത്താവ് കാർത്തികേയൻ ഗൾഫ് ജീവിതം അവസാനിപ്പിച്ച് മടങ്ങിയെത്തി. അതിനുശേഷവും പള്ളിയിൽ കഞ്ഞികൊടുക്കുന്ന ശീലത്തിന് മാറ്റമുണ്ടായില്ല. കോവിഡ് കാലത്ത് മാത്രമാണ് ഇതിന് മുടക്കം വന്നത്. സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടത്തിൽപോലും ഇത് മുടക്കാൻ മനസ്സ് വന്നില്ല. തുടർന്നും കൊടുക്കണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു.
ഇന്ന് 3500 രൂപയാണ് ഒരു ദിവസത്തെ കഞ്ഞിക്ക് ചെലവാകുന്നത്. ആദ്യത്തെ മൂന്ന് നോമ്പും പ്രധാനപ്പെട്ട മറ്റ് നോമ്പുകളും പിടിക്കാറുണ്ട്. മനുഷ്യർക്കിടയിൽ സൗഹൃദത്തിനും സഹവർത്തിത്വത്തിനും മതങ്ങൾ തടസ്സമല്ലെന്ന് ഗീത പറഞ്ഞു. മക്കൾക്ക് അമർഖാനെന്നും അബിൽഖാനെന്നുമാണ് പേരിട്ടിരിക്കുന്നത്.
എന്തിനാണ് അങ്ങനെ പേരിട്ടതെന്ന് ചോദിക്കുന്നവരോട് ആ പേരിന് എന്താണ് കുഴപ്പമെന്ന് തിരികെ ചോദിക്കും. പേരും മതവും നോക്കി മനുഷ്യരെ പരസ്പരം അകറ്റാനുള്ള ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത് സൗഹൃദം കൂടുതൽ മെച്ചപ്പെടുത്തുക മാത്രമാണ് പരിഹാരമെന്ന് ഗീത പറഞ്ഞു. പൊതുപ്രവർത്തകനായ ഭർത്താവ് കാർത്തികേയന്‍റെ പൂർണ പിന്തുണയും ഇക്കാര്യങ്ങൾക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.