ചൂഷണങ്ങളിൽ നിന്ന് മുക്തി നേടാം
text_fieldsമനുഷ്യനെ സംബന്ധിച്ച്, സ്വയം നിയന്ത്രിക്കാൻ സാധിക്കുന്ന ആഗ്രഹങ്ങളും അല്ലാത്തവയും ഉണ്ട്. ഭക്ഷണം കൂടാതെ ജീവിക്കാൻ മനുഷ്യൻ ആഗ്രഹിച്ചാൽ പോലും സാധ്യമല്ല. ആകയാൽ വിശപ്പ് മനുഷ്യനെ സംബന്ധിച്ച് കഠിനമായ ഒരവസ്ഥയാകുന്നു. അടിസ്ഥാനപരമായി അതിജീവനത്തിന് മനുഷ്യൻ ആശ്രയിക്കുന്ന ഭക്ഷണം പ്രഭാതം മുതൽ പ്രദോഷം വരെ ഉപേക്ഷിക്കുന്നതാണ് ഇസ്‍ലാം അനുശാസിക്കുന്ന വ്രതമെന്നത്. ഓരോ മുസ്‍ലിമിന്റെയും നിർബന്ധ ബാധ്യതയായിക്കൊണ്ടാണ് ഇസ്‍ലാം ഈ ഉപവാസം പരിചയപ്പെടുത്തുന്നത്.
സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നതുപോലെ നിങ്ങളിലും നോമ്പ് നിർബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ സൂക്ഷ്മതയുള്ളവരായിരിക്കാൻ വേണ്ടിയത്രെ അത് (വി:ഖുർആൻ 2:183).
ഭക്ഷണം ഉപേക്ഷിക്കുന്നതോടുകൂടി സ്വന്തം ദേഹേച്ഛകളുടെ മേൽ മനുഷ്യന് ആധിപത്യം നേടാൻ കഴിയുന്നു. സർവ ശക്തനായ ദൈവത്തിന് പൂർണമായും സമർപ്പിച്ചതിന്റെ ഫലമായി മനുഷ്യനിൽ സംഭവിക്കുന്ന ആന്തരികമായ സവിശേഷതയാണിത് . അല്ലാഹു ആവശ്യപ്പെടുന്നതുകൊണ്ടുമാത്രം അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്ന വിശ്വാസി ഇതോടു കൂടി സ്വന്തം മനസ്സിന്റെ ചോദനകൾ സൃഷ്ടിക്കുന്ന സകല ചൂഷണങ്ങളിൽ നിന്നും മുക്തമാകുന്നു.
ഏക നാഥനായ അല്ലാഹുവിനെ മാത്രം വണങ്ങി മറ്റൊരു ബാഹ്യശക്തിക്കും ചൂഷണം ചെയ്യാൻ കഴിയാത്ത ആന്തരികമായ കരുത്തും ഉൾക്കാഴ്ചയും നേടുന്നു. വ്രത സമയത്ത് ഉണ്ടാകുന്ന വിശപ്പ് ഒരു വ്യക്തിയെ നിരന്തരമായി സഹജീവികളെ ഓർക്കുന്നതിനും സ്രഷ്ടാവിനെ സ്മരിക്കുന്നതിനും അതുവഴി സൂക്ഷ്മതയും ദീനാനുകമ്പയും പുലർത്തുന്നതിനും കാരണമായിത്തീരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.