രാത്രിപ്രാർഥനകൾക്ക് ഗ്രാൻഡ് മസ്ജിദ് വീണ്ടും തുറന്നു
text_fieldsഗ്രാൻഡ് മസ്ജിദിന്റെ ഉൾഭാഗം
കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന പള്ളിയായ ഗ്രാൻഡ് മസ്ജിദ് വീണ്ടും തുറന്നു. അറ്റകുറ്റപ്പണികളും കോവിഡും കാരണം മൂന്നുവർഷത്തെ അടച്ചുപൂട്ടലിനുശേഷമാണ് ഈ റമദാനിലെ തറാവീഹ്, രാത്രിനമസ്കാരങ്ങൾക്കായി മസ്ജിദ് വീണ്ടും തുറന്നത്. രാജ്യത്തെ ഇസ്ലാമിക സംസ്കാരത്തിന്റെ അടയാളമായി കണക്കാക്കുന്ന ഗ്രാൻഡ് മസ്ജിദിന് 45,000 ചതുരശ്ര മീറ്റർ വിസ്തീർണവും 60,000ലധികം ആരാധകരെ ഉൾക്കൊള്ളാൻ ശേഷിയുമുണ്ട്. പള്ളിയിലും പരിസരത്തും വിശ്വാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തിരക്ക് കണക്കിലെടുത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക ഇടം നിശ്ചയിച്ചിട്ടുണ്ട്.
റമദാനിൽ തറാവീഹ് നമസ്കാരത്തിന് നേതൃത്വം നൽകാൻ ഖുർആൻ ഹൃദിസ്ഥമാക്കിയ 10 ഇമാമുകളെ നിയമിച്ചിട്ടുണ്ട്. ഖുർആൻ മനഃപാഠമാക്കൽ മത്സരം അടക്കം നിരവധി പ്രവർത്തനങ്ങളും പരിപാടികളും റമദാനിൽ ഉണ്ടാകുമെന്ന് ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ സാംസ്കാരികകാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി തറാദ് അൽ എനിസി അറിയിച്ചു.
മസ്ജിദ് റമദാന് സജ്ജമായതായി ഗ്രാൻഡ് മോസ്ക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അലി ഷദ്ദാദ് പറഞ്ഞു. ഇസ്ലാമിക് ആർട്സ് സെന്റർ വികസിപ്പിക്കാനും പ്രവാചകന്റെ ജീവചരിത്രത്തിന്റെ മൂന്നാമത് പ്രദർശനം സംഘടിപ്പിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാൻഡ് മസ്ജിദിന്റെ പ്രവർത്തന മേഖലകൾ നിരവധിയാണെന്നും സാംസ്കാരിക, കലാപരമായ പ്രവർത്തനങ്ങളും മറ്റും റമദാൻ കഴിഞ്ഞാലും തുടരുമെന്നും ഔഖാഫ് മന്ത്രാലയം ഇൻഫർമേഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ. അഹ്മദ് അൽ ഒതൈബി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പള്ളിയാണ് ഗ്രാൻഡ് മോസ്ക്. കുവൈത്ത്, ഗൾഫ് വാസ്തുവിദ്യയുടെ സങ്കലനവും ഇസ്ലാമിക വാസ്തുവിദ്യ പൈതൃകത്തെ പ്രതിനിധീകരിക്കുന്നതുമാണ് മസ്ജിദിന്റെ നിർമിതി. മുൻ അമീർ ശൈഖ് ജാബിർ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ മുൻകൈയിൽ 1979ൽ നിർമാണമാരംഭിച്ച ഗ്രാൻഡ് മസ്ജിദ് 1986ലാണ് തുറന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.