ഹജ്ജ് 2022: അപേക്ഷ സമർപ്പണം തുടങ്ങി; വാക്സിൻ നിർബന്ധം, യാത്ര 36 മുതൽ 42 ദിവസം വരെ
text_fieldsകരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന 2022ലെ ഹജ്ജിനുള്ള അപേക്ഷ സമർപ്പണം തുടങ്ങി. തിങ്കളാഴ്ച മുതലാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി വെബ്സൈറ്റ് മുഖേന അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയത്. ജനുവരി 31വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി. പൂർണമായി ഒാൺലൈൻ മുഖേനയാണ് അപേക്ഷ. കേരളത്തിൽ നിന്നുള്ളവരുടെ യാത്ര കൊച്ചി വഴിയാണ്. കോവിഡിനെ തുടർന്ന് 2020ലും 2021ലും ഇന്ത്യയിൽനിന്നുള്ള തീർഥാടകർക്ക് അവസരം ലഭിച്ചിരുന്നില്ല. ഇൗ വർഷം കോവിഡ് മാനദണ്ഡങ്ങളടക്കം ഉൾപ്പെടുത്തിയായിരുന്നു അപേക്ഷ സ്വീകരിച്ചത്. സൗദി ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും നടപടികളെന്നും മാർഗനിർദേശത്തിൽ പറയുന്നു.
പ്രധാന നിർദേശങ്ങൾ
•www.hajcommittee.gov.in, www.keralahajcommittee.org വെബ്സൈറ്റ് മുഖേനയും ഹജ്ജ് കമ്മിറ്റിയുടെ HCOI എന്ന മൊബൈൽ ആപ് മുഖേനയും അപേക്ഷിക്കാം.
•65 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
•ലേഡീഡ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ 2022 ജൂലൈ 10ന് 45 വയസ്സ് പൂർത്തിയായവരും 65 വയസ്സ് കഴിയാത്തവരുമായവർക്ക് അപേക്ഷിക്കാം.
•അപേക്ഷ ഫീസ് 300 രൂപ, ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിന് അപേക്ഷ ഫീസ് വേണ്ട.
•കോവിഡ് വാക്സിനേഷൻ നിർബന്ധം. അവസരം ലഭിക്കുന്നവർ അംഗീകൃത വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചിരിക്കണം. ഇത് യാത്ര പുറപ്പെടുന്നതിന് ഒരു മാസം മുമ്പ് എങ്കിലും എടുത്തിരിക്കുകയും വേണം.
•ഒരു കവറിൽ കുടുംബ ബന്ധമുള്ള പരമാവധി അഞ്ച് മുതിർന്നവർക്ക് അപേക്ഷിക്കാം. ലേഡീസ് വിത്തൗട്ട് മെഹ്റം വിഭാഗത്തിൽ നാലുമുതൽ അഞ്ചുപേർക്ക് വരെ നൽകാം.
•2022 ജനുവരി 31ന് മുമ്പ് അനുവദിച്ചതും ഡിസംബർ 31 വരെ എങ്കിലും കാലാവധിയുള്ളതുമായ മെഷീൻ റീഡബിൾ പാസ്പോർട്ട് വേണം.
•പ്രതീക്ഷിത ചെലവ് 3.35 ലക്ഷം മുതൽ 4.07 ലക്ഷം വരെ.
•കോവിഡ് സാഹചര്യത്തിൽ എൻ.ആർ.െഎ അപേക്ഷകർക്ക് പ്രത്യേക പരിഗണനയില്ല.
•ഹജ്ജ് യാത്ര 36 മുതൽ 42 ദിവസം വരെ
പുറപ്പെടൽ കേന്ദ്രം: ഇക്കുറിയും കരിപ്പൂർ പുറത്ത്
കരിപ്പൂർ: ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽനിന്ന് ഇക്കുറിയും കോഴിക്കോട് വിമാനത്താവളം പുറത്ത്. കരിപ്പൂരിനുപകരം തുടർച്ചയായി രണ്ടാംവർഷവും കൊച്ചിയെയാണ് കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിനുപുറമെ തമിഴ്നാട്, മാഹി, അന്തമാൻ നിക്കോബാർ എന്നിവിടങ്ങളിൽനിന്നുള്ളവർക്കും കൊച്ചിയാണ് കേന്ദ്രം.
കോവിഡ് പശ്ചാത്തലത്തിലാണ് ഇക്കുറിയും ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങൾ 21ൽനിന്ന് പത്തായി കുറച്ചതെന്നാണ് കേന്ദ്രത്തിെൻറ വിശദീകരണം. നേരത്തേ, കേരളത്തിൽനിന്ന് കരിപ്പൂരും കൊച്ചിയും ഉൾപ്പെെട 21 കേന്ദ്രങ്ങളുണ്ടായിരുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, കൊച്ചി, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളൂരു, ഗുവാഹത്തി, ലഖ്നൗ, ശ്രീനഗർ എന്നിവയാണ് പുതിയ പുറപ്പെടൽ കേന്ദ്രങ്ങൾ. ഇതിൽ അഹമ്മദാബാദ്, ബംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ മാത്രമാണ് അതത് സംസ്ഥാനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. മറ്റ് എല്ലായിടത്തും ഒന്നിലധികം സംസ്ഥാനങ്ങളിൽനിന്നുള്ളവർ യാത്രയാകും.
റൺവേ നവീകരണത്തിെൻറ പേരിൽ 2015ൽ നിർത്തലാക്കിയ ഹജ്ജ് സർവിസ് 2019ലാണ് കരിപ്പൂരിൽ തിരിച്ചെത്തിയത്. ഇതിനിടയിലാണ് വീണ്ടും പുറപ്പെടൽ കേന്ദ്രം കരിപ്പൂരിൽനിന്ന് മാറ്റിയത്. 2020ലെ വിമാനാപകടത്തിെൻറ പേരിലാണ് നിയന്ത്രണം. പൈലറ്റിെൻറ വീഴ്ചയാണെന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിട്ടും ഇക്കുറിയും കരിപ്പൂരിനെ ഒഴിവാക്കിയിരിക്കുകയാണ്.
കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് നടപടികൾ. ഇവിടെ ഹജ്ജ് ഹൗസും അനുബന്ധ സൗകര്യങ്ങളും ലഭ്യമാണ്. കൂടാതെ, അപേക്ഷിക്കുന്നവരിലും അവസരം ലഭിക്കുന്നവരിലും ഭൂരിഭാഗവും മലബാറിൽ നിന്നുള്ളവരാണ്. അതിൽ കൂടുതലും മലപ്പുറം, കോഴിക്കോട് ജില്ലക്കാരും. ഒടുവിൽ ഹജ്ജ് നടന്ന 2019ൽ 11,472 പേർക്കാണ് അവസരം ലഭിച്ചത്. ഇതിൽ 9,329 പേരും തെരഞ്ഞെടുത്തത് കരിപ്പൂരാണ്. തമിഴ്നാട്ടിൽനിന്ന് മുൻവർഷങ്ങളിൽ ശരാശരി 3,000ത്തോളം തീർഥാടകരാണുണ്ടായിരുന്നത്. അടുത്തവർഷം ഇതിെൻറ പകുതിയോളം മാത്രമാണ് പ്രതീക്ഷിക്കുന്നത്.
ഹജ്ജ് കമ്മിറ്റി ആദ്യയോഗം നാളെ; ഫൈസി വീണ്ടും ചെയർമാനാകും
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യയോഗം ബുധനാഴ്ച ചേരും. ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാെൻറ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പുതിയ ചെയർമാനെ തെരഞ്ഞെടുക്കും. മുൻ കമ്മിറ്റിയുടെ ചെയർമാനായിരുന്ന സി. മുഹമ്മദ് ഫൈസിയാകും വീണ്ടും ഈ പദവിയിലെത്തുക. മൂന്ന് വർഷമാണ് കമ്മിറ്റി കാലാവധി.
മുൻ കമ്മിറ്റിയുടെ കാലാവധി ആഗസ്റ്റിൽ അവസാനിച്ചതിനെ തുടർന്നാണ് സർക്കാർ പുതിയ കമ്മിറ്റിയെ നാമനിർദേശം ചെയ്തത്. പി.വി. അബ്ദുൽ വഹാബ് എം.പി, എം.എൽ.എമാരായ പി.ടി.എ. റഹീം, സി. മുഹമ്മദ് മുഹ്സിൻ, പറവൂർ നഗരസഭ ഉപാധ്യക്ഷൻ എ. സഫർ കായൽ, നീലേശ്വരം നഗരസഭ ഉപാധ്യക്ഷൻ പി.പി. മുഹമ്മദ് റാഫി, താനൂർ നഗരസഭ കൗൺസിലർ പി.ടി. അക്ബർ, സി. മുഹമ്മദ് ഫൈസി, കെ.പി. സുൈലമാൻ ഹാജി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കെ.എം. മുഹമ്മദ് കാസിം കോയ പൊന്നാനി, ഡോ. െഎ.പി. അബ്ദുസലാം, ഡോ. പി.എ. സയ്ദ് മുഹമ്മദ്, മുക്കം ഉമ്മർ െഫെസി, പി. മൊയ്തീൻകുട്ടി പുൽപ്പറ്റ എന്നിവരാണ് അംഗങ്ങൾ. വഖഫ് ബോർഡ് അധ്യക്ഷൻ ടി.കെ. ഹംസയും അംഗമാണ്. മലപ്പുറം കലക്ടർ വി.ആർ. പ്രേംകുമാറാണ് എക്സിക്യൂട്ടിവ് ഒാഫിസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.