കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പ് ജൂണിൽ
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പ് ജൂണ്‍ ആദ്യം പ്രവര്‍ത്തനം തുടങ്ങും. നാലിനു പുലര്‍ച്ചെ 1.45നാണ് കണ്ണൂരില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യത്തെ ഹജ്ജ് തീര്‍ഥാടനം വിജയിപ്പിക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ സംഘാടക സമിതി രൂപവത്കരിച്ചു.
ജില്ലയില്‍ നിന്ന് 1122 പേര്‍ക്കാണ് ഹജ്ജ് തീര്‍ഥാടനത്തിന് അവസരം ലഭിച്ചത്. വളന്റിയര്‍മാരും ഉദ്യോഗസ്ഥരുമടക്കം 2000ത്തോളം പേര്‍ക്കുള്ള സൗകര്യങ്ങളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കേണ്ടി വരിക. പുതുതായി നിര്‍മിച്ച അന്താരാഷ്ട്ര കാര്‍ഗോ ടെര്‍മിനലാണ് ഹജ്ജ് ക്യാമ്പായി സജ്ജീകരിക്കുന്നത്. ഇവിടെ താല്‍ക്കാലികമായി വേണ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകളും മുഴുവന്‍ സമയ ആരോഗ്യസേവനവും ക്യാമ്പില്‍ ലഭ്യമാക്കും. തീര്‍ഥാടകര്‍ക്കായി ഗതാഗത ക്രമീകരണങ്ങളും ഒരുക്കും. ഒരുക്കങ്ങള്‍ക്ക് വേണ്ട വിവിധ കമ്മിറ്റികള്‍ക്ക് സംഘാടക സമിതി യോഗത്തില്‍ രൂപം നല്കി.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഇത്തവണ ആദ്യമായി ഹജ്ജിന് നോഡല്‍ ഓഫീസറെ നിയമിച്ചത് സര്‍ക്കാര്‍ ഹജ്ജ് തീര്‍ഥാടനത്തിന് നല്കുന്ന പ്രാധാന്യത്തിന്റെ തെളിവാണ്. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഹജ്ജിന് പോകുന്നത് എന്നതും കേരളത്തിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച ഹജ്ജ് ക്യാമ്പാക്കി കണ്ണൂരിനെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്മാന് എന്‍.ഷാജിത്ത് അധ്യക്ഷത വഹിച്ചു.
ഹജ്ജ് കമ്മിറ്റിയംഗങ്ങളായ പി.പി.മുഹമ്മദ് റാഫി, പി.ടി.അക്ബര്‍, എ.ഡി.എം. കെ.കെ.ദിവാകരന്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി.മിനി, കെ.പി.ലോഹിതാക്ഷന്, ഡെപ്യൂട്ടി മേയര്‍ കെ.ഷബീന, കെ.അനില്‍കുമാര്‍, എം.രതീഷ്,ഒ.പ്രീത,വി.എന്‍.മുഹമ്മദ്, എക്സിക്യൂട്ടിവ് ഓഫിസര്‍ പി.എം.ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: മന്ത്രി വി.അബ്ദുറഹ്മാന് (മുഖ്യ രക്ഷാ.), പി.ടി.എ.റഹീം എം.എല്‍.എ.(ചെയര്‍.), എന്‍.ഷാജിത്ത്(വൈസ് ചെയര്‍.), പി.പി.മുഹമ്മദ് റാഫി(ജന. കണ്.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.