കണ്ണൂർ വഴി 1796 ഹാജിമാർ
text_fieldsകണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലൂടെ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഈ വർഷം 1796 പേർക്ക് ഹജ്ജ് തീർഥാടനത്തിന് അവസരം. കേരളത്തിൽ ആകെയുള്ള 9270 പേരിൽ നിന്നാണ് കണ്ണൂർ വിമാനത്താവളം വഴി 1796 പേരെ തിരഞ്ഞെടുത്തത്. കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോകാൻ 3458 പേരാണ് ഇത്തവണ അപേക്ഷ നൽകിയത്. കണ്ണൂരിന് പുറമേ കാസർകോട്, വയനാട് ജില്ലയിൽ നിന്നുള്ളവരാണ് അപേക്ഷ നൽകിയത്. ഇതിൽ നിന്നാണ് 1796 പേർക്ക് അവസരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഡൽഹിയിൽ കേന്ദ്രീകൃത രീതിയിലൂടെയാണ് ഡിജിറ്റൽ നറുക്കെടുപ്പ് നടത്തിയത്. കണ്ണൂർ ജില്ലയിൽ നിന്ന് 1122, കാസർകോട് 527, വയനാട് 189 പേർക്കാണ് ഇത്തവണ ഹജ്ജിന് പോകാൻ അവസരം ലഭിച്ചിരിക്കുന്നത്. ഇതിൽ 42 പേർ കരിപ്പൂർ വിമാനത്താവളമാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി നൽകിയത്. ബാക്കിയുള്ളവർ കണ്ണൂരിൽ നിന്നും ഹജ്ജിനായി യാത്ര തിരിക്കും. കണ്ണൂരിനു പുറമേ കോഴിക്കോട് കരിപ്പൂർ വിമാനത്താവളം വഴി 6322 പേർക്കും നെടുമ്പാശ്ശേരി വിമാനത്താവളം വഴി 2213 പേർക്കുമാണ് ഇത്തവണ അവസരംലഭിച്ചിരിക്കുന്നത്.
കണ്ണൂരിന് ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി അനുമതി ലഭിച്ചതിനാൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ നേരത്തേ ആരംഭിച്ചിരുന്നു.
ഹജ്ജ് തീർഥാടന ക്യാമ്പിന്റെ പൂർണ വിജയത്തിന് എല്ലാ വകുപ്പുകളും സജ്ജമാകാൻ എ.ഡി.എം കെ.കെ. ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശം നൽകിയിരുന്നു. വിമാനത്താവളത്തിൽ ഹാജിമാർക്ക് തങ്ങാനാവശ്യമായ പന്തൽ, 24 മണിക്കൂറും ആരോഗ്യ സേവനം എന്നിവക്കുള്ള ക്രമീകരണങ്ങളടക്കം സജ്ജമാക്കാൻ സംസ്ഥാന സർക്കാർ ഒരു കോടി അനുവദിച്ചിട്ടുണ്ട്. ഹജ്ജിന് സെലക്ഷൻ ലഭിച്ചവർ ഏപ്രിൽ ഏഴിനകം ഒന്നാംഘഡു തുക അടക്കുകയും 10നകം രേഖകൾ സമർപ്പിക്കുകയും ചെയ്യണം. അല്ലാത്തപക്ഷം നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് അവസരം നഷ്ടപ്പെടും.
തിരഞ്ഞെടുക്കപ്പെട്ടവർ ശ്രദ്ധിക്കാൻ
• ആദ്യഗഡുവായ പ്രോസസിങ് ഫീസ് ഉൾപ്പെടെ ഒരാൾക്ക് 81,800 രൂപ ഏപ്രിൽ ഏഴിനകം അടക്കണം.
• ഓൺലൈനായോ അല്ലെങ്കിൽ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റിൽ നിന്നും ഓരോ കവറിനും പ്രത്യേകം ഡൗൺലോഡ് ചെയ്ത പേയ്മെന്റ് സ്ലിപ് ഉപയോഗിച്ചോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ആണ് അടക്കേണ്ടത്.
• ഹജ്ജിന് ആകെ അടക്കേണ്ട സംഖ്യ വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം പിന്നീട് അറിയിക്കും.
• ഹജ്ജ് വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്ന നിർദിഷ്ട മാതൃകയിലുള്ള മെഡിക്കൽ സ്ക്രീനിങ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഗവ. അലോപ്പതി ഡോക്ടർ പരിശോധിച്ചു തയാറാക്കണം.
• പണമടച്ച രസീത്, ഒറിജിനൽ പാസ്പോർട്ട്, ഹജ്ജ് അപേക്ഷ ഫോം(നിർദിഷ്ട സ്ഥലങ്ങളിൽ ഒപ്പിടണം), ബാക്ക് ഗ്രൗണ്ട് വെള്ള നിറത്തിലുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, കവർഹെഡ്ഡിന്റെ ബാങ്ക് അക്കൗണ്ട് പ്രൂഫ് എന്നിവ ഏപ്രിൽ 10നു വൈകീട്ട് അഞ്ചിനകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസിൽ എത്തിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.