ഹജ്ജ്: ആഭ്യന്തര തീർഥാടകർക്ക് ഇന്ന് മുതൽ പെർമിറ്റ് നൽകിത്തുടങ്ങും
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകർക്കുള്ള അനുമതിപത്രം (തസ്രീഹ്) വെള്ളിയാഴ്ച മുതൽ നൽകിത്തുടങ്ങുമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.ആഭ്യന്തര ഹജ്ജ് സേവന സ്ഥാപനങ്ങളിൽ ബുക്കിങ് നടപടികളും ഫീസും അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർണമായും പൂർത്തിയാക്കിയവർക്കാണ് അനുമതിപത്രം നൽകുകയെന്നും ഹജ്ജ് ഉംറ മന്ത്രാലയം പറഞ്ഞു.
ആഭ്യന്തര തീർഥാടകർക്കായി നിശ്ചയിച്ചിട്ടുള്ള പാക്കേജുകളിൽ സീറ്റുകൾ ലഭ്യമാണെങ്കിൽ ദുൽഹജ്ജ് ഏഴാം തീയതിവരെ ഹജ്ജ് രജിസ്ട്രേഷൻ ഉണ്ടായിരിക്കും. രാജ്യത്തെ പൗരന്മാരും താമസക്കാരും ഫീസുകൾ അടക്കാത്തതിനാലോ ബുക്കിങ് റദ്ദാക്കിയതിനാലോ ഉണ്ടാകുന്ന ഒഴിവുകൾ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ‘നുസ്ക്’ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയോ ബുക്കിങ്ങിനായി വീണ്ടും പരസ്യപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ആരോഗ്യകരവും സുരക്ഷിതവുമായ തീർഥാടനം ഉറപ്പാക്കാൻ എല്ലാ നിർബന്ധിത പ്രതിരോധ കുത്തിവെപ്പുകളും എടുക്കേണ്ടതിന്റെ ആവശ്യകത തീർഥാടകരെ ആരോഗ്യ മന്ത്രാലയം ഉണർത്തി. ‘മൈ ഹെൽത്ത്’ ആപ്പ് വഴി ഇതിനായുള്ള ബുക്കിങ് നടത്താം.
പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തിയാക്കുന്നത് ഹജ്ജ് അനുമതിപത്രം ലഭിക്കുന്നതിനുള്ള ഒരു വ്യവസ്ഥയാണ്. ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് പത്ത് ദിവസം മുമ്പാണ് വാക്സിനേഷൻ എടുക്കുന്നതിനുള്ള അവസാന തീയതിയെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.