ഹജ്ജ് ക്വോട്ട: ഇക്കുറി 2019നെക്കാൾ കുറവ്
text_fieldsകരിപ്പൂർ: മൂന്നുവർഷത്തിനുശേഷം ഹജ്ജ് നടപടികൾ സാധാരണ രീതിയിലേക്ക് തിരിച്ചെത്തുമ്പോഴും ഇന്ത്യയുടെ ക്വോട്ടയിൽ വർധനയില്ല. 2018ലെ 1,75,025 ആണ് ഇന്ത്യക്ക് അനുവദിച്ച ക്വോട്ട. ക്വോട്ട സൗദി അറേബ്യ വർധിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ.
രണ്ട് ലക്ഷത്തോളമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഹജ്ജ് ചെയർമാൻ വാർത്തസമ്മേളനത്തിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. 2019ൽ സൗദി കീരിടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനത്തിനിടെ ഇന്ത്യയുടെ ഹജ്ജ് ക്വോട്ട വർധിപ്പിച്ചിരുന്നു. 1,75,025 ആയിരുന്ന ക്വോട്ട രണ്ട് ലക്ഷമായാണ് വർധിപ്പിച്ചത്. എന്നാൽ, 2018ലെ ക്വോട്ട നിലനിർത്തുകയാണ് ചെയ്തിരിക്കുന്നത്. 2022ൽ കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്ന് 79,237 പേർക്കായിരുന്നു പ്രായനിബന്ധനകൾ ഉൾപ്പെടെ കർശന മാനദണ്ഡപ്രകാരം അനുമതി നൽകിയത്. ഇതിൽ 56,601 സീറ്റുകളായിരുന്നു കേന്ദ്ര ഹജജ് കമ്മിറ്റി മുഖേന വിതരണം ചെയ്തത്. അതേസമയം, 2023-28 കാലയളവിലേക്കുളള ഹജ്ജ് നയത്തിന്റെ കരട് നിർദേശപ്രകാരം കൂടുതൽ സീറ്റുകൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന വിതരണം ചെയ്താൽ കൂടുതൽ പേർക്ക് അവസരം ലഭിക്കും. കേന്ദ്ര ഹജ്ജ് കമ്മിറ്റി-സ്വകാര്യ ഗ്രൂപ്പുകളുടെ അനുപാതം 80:20 ആക്കണമെന്നാണ് കരട് നയനിർദേശം. നിലവിൽ 75:25 ആണ് അനുപാതം.
ഒടുവിൽ 2018ലാണ് ഇന്ത്യയുടെ ക്വോട്ട സൗദി വർധിപ്പിച്ചത്. പുതുതായി 5,000 സീറ്റുകളാണ് അനുവദിച്ചത്. ഇതോടെ, ഇന്ത്യയുടെ ക്വോട്ട 1,75,025 ആയി ഉയർന്നു. ആ വർഷം പുതുതായി അനുവദിച്ച ക്വോട്ടയിൽ 1,323 സ്വകാര്യ ഗ്രൂപ്പിനും 3,677 കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയും വിതരണം ചെയ്തു. 2019-23 കാലയളവിൽ സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട്ട 50,000 മായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നിജപ്പെടുത്തി. എന്നാൽ, 2019ൽ അധികസീറ്റ് വന്നതിനാൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി സീറ്റ് 1,40,000 ആയും സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട്ട 50,000 എന്നത് 60,000 ആക്കിയും വർധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.