ഹജ്ജ് യാത്രക്ക് ചെലവേറും; 2022ൽ 3.35 മുതൽ 4.07 ലക്ഷം വരെ
text_fieldsകരിപ്പൂർ: കോവിഡ് പശ്ചാത്തലത്തിൽ ഹജ്ജ് യാത്രക്ക് ചെലവേറും. അടുത്ത വർഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവർക്ക് ചെലവായി പ്രതീക്ഷിക്കുന്നത് 3.35 മുതൽ 4.07 ലക്ഷം വരെയാണ്. ഇന്ത്യയിൽനിന്ന് ഒടുവിൽ ഹജ്ജ് സർവിസ് നടന്ന 2019ൽ അസീസിയ വിഭാഗത്തിൽ 2.36 ലക്ഷമായിരുന്നു നിരക്കായി നിശ്ചയിച്ചത്. നേരേത്ത ഗ്രീൻ കാറ്റഗറി എന്ന പേരിൽ അറിയപ്പെട്ടിരുന്ന നോ കുക്കിങ് നോ ട്രാൻസ്പോർട്ട് (എൻ.സി.എൻ.ടി) വിഭാഗത്തിൽ 3.22 ലക്ഷമായിരുന്നു പരമാവധി ഇൗടാക്കിയത്.
ഹജ്ജ് സർവിസില്ലാത്ത 2020ൽ 2.5 മുതൽ 3.5 ലക്ഷമായിരുന്നു പ്രതീക്ഷിച്ച ചെലവ്. 2021ലാണ് കോവിഡ് സാഹചര്യത്തിൽ ചെലവിൽ വൻ വർധന ഉണ്ടായത്. 3.3 ലക്ഷം മുതൽ നാല് ലക്ഷം വരെയായിരുന്നു യാത്ര ചെലവായി കണക്കുകൂട്ടിയത്.
കോവിഡ് പശ്ചാത്തലത്തിൽ യാത്ര, താമസ ഇനത്തിലുണ്ടായ വർധനയാണ് കാരണമായി പറയുന്നത്. വാറ്റ് അഞ്ച് ശതമാനത്തിൽനിന്ന് 15 ആയും വിസ നിരക്ക് ഇനത്തിൽ 300 റിയാലും കഴിഞ്ഞ വർഷം മുതൽ ഇൗടാക്കാൻ തീരുമാനിച്ചത് ഇക്കുറിയും തുടരും. മുമ്പ് വാറ്റ് അഞ്ച് ശതമാനവും വിസ നിരക്ക് സൗജന്യവുമായിരുന്നു.
കൂടാതെ, ഇക്കുറി ആരോഗ്യ ഇൻഷുറൻസ് എന്ന പേരിൽ 100 റിയാൽ പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. മെട്രോ ട്രെയിൻ യാത്രനിരക്കിലും വർധനയുണ്ടാവും. കോവിഡ് സാഹചര്യത്തിൽ യാത്രക്കാരുടെ എണ്ണം വാഹനങ്ങളിൽ പരിമിതിപ്പെടുത്തിയതിനാൽ ഇൗ ഇനത്തിലും വർധനയുണ്ടായതാണ് ഹജ്ജ് യാത്ര ചെലവ് കൂടാൻ കാരണമായി പറയുന്നത്. സൗദിയുടെ പുതിയ നിർദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ നിരക്ക് നിശ്ചയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.