ഇന്ത്യൻ ഹജ്ജ് തീർഥാടകരിൽ മദീനയിൽ ബാക്കിയുള്ളത് 49,372 പേർ
text_fieldsമക്ക: ജൂലൈ മൂന്നു മുതൽ ഹജ്ജ് കമ്മിറ്റിക്കു കീഴിലെത്തിയ ഇന്ത്യൻ തീർഥാടകരുടെ മടക്കയാത്ര തുടരുന്നു. 90,000 ഹാജിമാർ ഇതുവരെ നാട്ടിൽ തിരിച്ചെത്തി. 49,372 ഹാജിമാർ മദീന സന്ദർശനത്തിലാണ്. ഇവിടെ എട്ടു ദിവസം സന്ദർശനം പൂർത്തിയാക്കി മദീന വിമാനത്താവളം വഴിയാണ് നാടുകളിലേക്കു തിരിക്കുന്നത്. അവശേഷിക്കുന്ന മലയാളി തീർഥാടകർ മുഴുവൻ തിങ്കളാഴ്ച രാത്രിയോടെ മദീനയിലെത്തി. തിങ്കളാഴ്ച നാലു വിമാനങ്ങളിലായി 990 ഹാജിമാർ മദീനയിലെത്തി.
ഉച്ചക്ക് 11നും വൈകീട്ട് ആറിനും രണ്ടു സംഘങ്ങളായി ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ പ്രത്യേക ബസുകളിൽ മക്കയിലുണ്ടായിരുന്ന അവസാന മലയാളി ഹാജിമാർ മദീനയിലെത്തി. ഹാജിമാർക്ക് കെ.എം.സി.സി ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തകർ താമസകേന്ദ്രങ്ങളിലെത്തി ഭക്ഷണവും ആവശ്യമായ സഹായവും നൽകി. ഇതോടെ മക്കയിൽ മലയാളി ഹാജിമാരാരുംതന്നെ അവശേഷിക്കുന്നില്ല. മദീനയിൽ പ്രവാചക പള്ളിക്ക് അരികെ മർകസിയ ഏരിയയിലാണ് തീർഥാടകർക്ക് താമസം ഒരുക്കിയിട്ടുള്ളത്.
ഇതിനാൽ മുഴുസമയവും പ്രാർഥനക്ക് പ്രവാചക പള്ളിയിൽ പങ്കെടുക്കാനാവും. നേരത്തേയുള്ള അറിയിപ്പ് അനുസരിച്ച് മദീനയിൽ താമസകെട്ടിടങ്ങളിൽ പാചകസൗകര്യമില്ല. ഇത് മലയാളികൾ ഉൾപ്പെടെയുള്ള ഹാജിമാർക്ക് പ്രയാസവുമായിട്ടുണ്ട്. അടുത്തുള്ള ഹോട്ടലുകളാണ് ഹാജിമാർക്ക് ആശ്രയം. 4000ത്തോളം മലയാളി ഹാജിമാരാണ് മദീനയിൽ സന്ദർശനത്തിലുള്ളത്. 7632 ഹാജിമാർ കേരളത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. മറ്റ് സംസ്ഥാനക്കാരായ മുഴുവൻ ഹാജിമാരും തിങ്കളാഴ്ചയോടെ മക്കയിൽനിന്ന് യാത്രയായി.
മദീന വഴിയുള്ള തീർഥാടകരാണ് ഇനി അവശേഷിക്കുന്നത്. ഇവർ എട്ടു ദിവസത്തെ സന്ദർശനം പൂർത്തിയാകുന്ന ആഗസ്റ്റ് രണ്ടിന് മുഴുവൻ ഹാജിമാരും മദീനയിൽനിന്നു നാട്ടിൽ തിരിച്ചെത്തും. മലയാളി ഹാജിമാരും ആഗസ്റ്റ് രണ്ടിന് പൂർണമായും നാട്ടിലേക്കു തിരിച്ചെത്തും. അവസാന ദിനം കോഴിക്കോട്ടേക്ക് രണ്ടും കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് ഒരു സർവിസുമാണുള്ളത്. 24 സ്വകാര്യ ഗ്രൂപ്പുകൾക്ക് കീഴിലെത്തിയവർ ഉൾപ്പെടെ 171 തീർഥാടകർ ഹജ്ജിനെത്തി മക്കയിലും മദീനയിലുമായി ഇതുവരെ വിവിധ കാരണങ്ങളാൽ മരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.