വിശുദ്ധ ഭൂമിയിലൂടെ ഒരു ചരിത്ര തീർഥാടനം
text_fieldsദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 19 ലക്ഷത്തോളം പേർ വിശുദ്ധ കഅ്ബയെ വലംവെച്ച് ഹജ്ജ് കർമവും, ലോകമെങ്ങുമുള്ള വിശ്വാസികൾ ബലിപെരുന്നാളും ആഘോഷിക്കുമ്പോൾ വിശുദ്ധ ഗേഹത്തിന്റെ ചരിത്രവും വികസനവും പറയുന്ന പ്രദർശനവുമായി ഖത്തർ നാഷനൽ ലൈബ്രറി. കഅ്ബയുടെ നിർമാണത്തെയും ചരിത്രത്തെയും കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്കായി ഡിജിറ്റൽ ചിത്രങ്ങളുടെ പ്രദർശനമാണ് നാഷനൽ ലൈബ്രറി ഒരുക്കിയത്. ‘കഅ്ബ: വിശ്വാസത്തിന്റെയും ഭക്തിയുടെയും യാത്ര’ എന്ന തലക്കെട്ടിലാണ് പൊതുജനങ്ങൾക്കായി ഡിജിറ്റൽ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
ലോകത്തിലെ വലിയ തീർഥാടനമായ ഈ വർഷത്തെ ഹജ്ജ് സീസണിനോടനുബന്ധിച്ചാണ് തിങ്കളാഴ്ച മുതൽ കഅ്ബയുടെ നിർമാണം സംബന്ധിച്ച ഡിജിറ്റൽ ഗാലറി ലോഞ്ച് ചെയ്തത്. വിശുദ്ധഗേഹത്തിന്റെ ആത്മീയ പ്രാധാന്യവും വാസ്തുവിദ്യയും കൂടുതൽ അടുത്തറിയുന്നതിന് ഉപയോക്താക്കളെ പ്രാപ്തരാക്കുന്നതാണ് പുതിയ വെർച്വൽ ഗാലറി. ചരിത്രപരമായ കൈയെഴുത്ത് പ്രതികളും പുസ്തകങ്ങളും ചിത്രങ്ങളും സംരക്ഷിക്കുന്ന ക്യു.എൻ.എല്ലിന്റെ ഹെറിറ്റേജ് ലൈബ്രറിയിൽ നിന്നുള്ള 50 പൈതൃക വസ്തുക്കളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇബ്രാഹീം പ്രവാചകനും മകൻ ഇസ്മാഈൽ പ്രവാചകനും കഅ്ബ കെട്ടിപ്പടുത്തതും, പ്രാചീന മക്കയിലെ കവികൾ അഭിമാനത്തിന്റെയും ഉന്നത സ്ഥാനത്തിന്റെയും പ്രതീകമായി തങ്ങളുടെ കവിതകൾ കഅ്ബയുടെ തിരശ്ശീലകളിൽ തൂക്കിയിടാൻ പരസ്പരം മത്സരിച്ചതും പ്രദർശനത്തിൽ വിശദീകരിക്കുന്നുണ്ട്. കഅ്ബയെ കേന്ദ്രീകരിച്ചാണ് മക്കയിലെ മസ്ജിദ് അൽ ഹറം നിലകൊള്ളുന്നത്. ഇസ്ലാമിന്റെയും വിശ്വാസികളുടെയും ഏറ്റവും വിശുദ്ധമായ കേന്ദ്രമായാണ് കഅ്ബ കണക്കാക്കപ്പെടുന്നത്.
ദൈവത്തിന്റെ വീട് എന്ന് വിളിക്കുന്ന കഅ്ബ, നാലായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് ഇബ്രാഹീം പ്രവാചകനും ഇസ്മാഈൽ പ്രവാചകനും ചേർന്നാണ് നിർമിച്ചത്. ഇസ്ലാം മതവിശ്വാസികളുടെ അഞ്ച് നേരത്തെ നിർബന്ധ പ്രാർഥനയുടെ ദിശ (ഖിബ് ല) കൂടിയാണ് കഅ്ബ. പല കാലഘട്ടങ്ങളിലെ ചിത്രങ്ങൾ, ഖുർആനിന്റെ പ്രതികൾ, ഹജ്ജിന്റെ ചിത്രങ്ങൾ എന്നിവയെല്ലാം പ്രദർശനത്തിൽ കാണാം. വെള്ളപ്പൊക്കം ഉൾപ്പെടെ വിവിധ കാലഘട്ടത്തിലൂടെ കടന്നുപോയ മക്കയുടെ ദൃശ്യങ്ങളും പ്രദർശനത്തിലുണ്ട്.https://exhibits.qnl.qa/en/ എന്ന വെബ്സൈറ്റ് ലിങ്ക് വഴി പ്രദർശനത്തിന് സാക്ഷിയാകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.