54 വർഷം മുമ്പത്തെ ഹജ്ജ് ഓർമയിൽ അബൂബക്കർ ഹാജി
text_fieldsഓമശ്ശേരി: വീണ്ടുമൊരു ഹജ്ജ്കാലം എത്തിനിൽക്കെ 1969ലെ ഹജ്ജ് ഓർമകൾ ഓർത്തെടുക്കുകയാണ് പൂളപ്പൊയിൽ പാലാട്ടുപറമ്പിൽ അബൂബക്കർ ഹാജി. പടവുകൾ ഇറങ്ങി സംസം കിണറിൽനിന്നും തോൽ പാത്രത്തിൽനിന്നും വെള്ളം ശേഖരിച്ചിരുന്നുവെന്ന് പറഞ്ഞാൽ ഇന്നാരും വിശ്വസിക്കില്ല. യഥേഷ്ടം ഹജറുൽ അസ് വദ് ചുംബിക്കാൻ കഴിഞ്ഞിരുന്ന കാലം. പരിശുദ്ധ കഅ്ബക്ക് ചുറ്റും മാർബിളിനുശേഷം ചരലും മണലും ഉണ്ടായിരുന്നു.
സഫ, മർവ കുന്നുകളിൽ പാറക്കല്ലുകൾ ഉണ്ടായിരുന്നു. അവക്കിടയിലുള്ള സ്ഥലം മിനുത്തതായിരുന്നില്ല. മിനായും അറഫയും മുസ്ദലിഫയിലും ഇന്നത്തെ സൗകര്യങ്ങളില്ല. നടന്നായിരുന്നു വലിയൊരു വിഭാഗം അന്ന് അറഫയിലെത്തുക.. സ്വന്തമായായിരുന്നു ബലി നടത്തിയത്. ആടിനെ സ്വന്തം കൈകൊണ്ടറുക്കും. മാംസം പരിസരത്ത് വിതരണം ചെയ്യും. ബലിയുടെ പണം അടക്കുന്ന സംവിധാനമില്ലായിരുന്നു.
മദീനയിലും സൗകര്യം കുറവായിരുന്നു. പ്രവാചക പള്ളിക്ക് ഇന്നത്തെ വലുപ്പമുണ്ടായിരുന്നില്ല. മുറ്റത്ത് കുറേ ഭാഗങ്ങളിൽ മണലും ചരൽക്കല്ലും ആയിരുന്നെന്നും ഹാജിയാർ ഓർത്തെടുത്തു. മാസങ്ങളോളം നീണ്ടുനിൽക്കുന്ന പ്രയാസം നിറഞ്ഞ യാത്രയായിരുന്നു അന്നത്തെ ഹജ്ജ് തീർഥാടനം. ഇന്ന് ഹജ്ജിന് അഞ്ചുദിവസം മുമ്പ് വരെ യാത്രക്ക് സൗകര്യമുണ്ടെങ്കിൽ അന്ന് മൂന്ന് മാസം മുമ്പായിരുന്നു യാത്ര പുറപ്പെടുന്നത്.
അബൂബക്കർ ഹാജി അന്ന് റമദാൻ 20ന് ഹജ്ജിനായി വീട്ടിൽനിന്നിറങ്ങി. കോഴിക്കോട് നിന്നും ട്രെയിനിൽ മദ്രാസിൽ ഇറങ്ങി. അവിടെനിന്നും മുംബൈയിലെത്തി. മുംബൈയിലെത്തിയപ്പോൾ ചെറിയ പെരുന്നാളായി. ആഘോഷശേഷം കപ്പലിൽ ജിദ്ദയിലേക്ക്. എട്ട് ദിവസത്തെ കപ്പൽയാത്ര മറക്കാത്ത ഓർമയാണ്. വൈകുന്നേരമായാൽ കപ്പലിന്റെ മുകൾതട്ടിൽ കയറും.
ജിദ്ദയിലെത്തിയതോടെ സൗദി ഏജന്റ് യാത്രക്കാരെയെല്ലാം ഏറ്റെടുത്തു. വാഹനം, താമസ സൗകര്യം തുടങ്ങിയവ അവർ നൽകി. അന്ന് ഹജ്ജ് യാത്രക്ക് ചെലവ് 2000 രൂപയായിരുന്നു. ഇന്ന് 3.5 ലക്ഷം മുതൽ ഏഴു ലക്ഷം വരെ ആയി. സൗകര്യങ്ങൾ വർധിച്ചു. ജനം പെരുകി. ആറുപേരടങ്ങിയ അന്നത്തെ യാത്രാസംഘത്തിൽ ഇന്ന് അവശേഷിക്കുന്നത് അബൂബക്കർ ഹാജി മാത്രമാണ്. പിന്നീട് 2008ലും ഹജ്ജ് ചെയ്ത അബൂബക്കർ ഹാജി രണ്ട് സമയങ്ങളിലെയും യാത്ര മാറ്റങ്ങൾ ഓർത്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.