ആസിഫ് ഖാൻ മടങ്ങി: മറക്കാനാവാത്ത ഹജ്ജ് യാത്രയുടെ അനുഭവങ്ങളുമായി
text_fieldsദമ്മാം: ആദ്യമായി സൗദിയിലേക്കുള്ള യാത്രയിൽതന്നെ ദുരിതപൂർണമായ അനുഭവങ്ങൾ നേരിട്ട മധ്യപ്രദേശ് സ്വദേശി ആസിഫ് ഖാൻ (61) അധികൃതരുടെ കാരുണ്യത്തിൽ നാട്ടിലേക്കു മടങ്ങി. നാട്ടിൽനിന്നുള്ള ഹജ്ജ് സംഘത്തിലെത്തിയ ഇദ്ദേഹത്തിന് മറ്റൊരു കേസിലെ പ്രതിയുമായി സാമ്യം കണ്ടെത്തിയതാണ് വിനയായത്. ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും നിരന്തരമായ ഇടപെടലുകളും സൗദി അധികൃതരുടെ കരുണയുള്ള സമീപനവുമാണ് ഇദ്ദേഹത്തിന് തുണയായത്.
നാട്ടിലെ സർക്കാർ കോളജിൽ സീനിയർ ക്ലർക്കായി ജോലി ചെയ്യുന്ന ആസിഫ് ഖാൻ ഹജ്ജിനായാണ് ആദ്യമായി സൗദിയിൽ എത്തിയത്. എന്നാൽ, വിരലടയാളം പതിച്ചപ്പോൾ തെളിഞ്ഞ വിവരങ്ങളിൽ മറ്റൊരു കേസിൽ സൗദി അന്വേഷിക്കുന്ന ഷക്കീൽ ഖാൻ എന്നയാളുമായി സാമ്യം തോന്നിയതാണ് പ്രശ്നമായത്.
പേരിലെ സാമ്യവും ജനനത്തീയതി ഒന്നായതും സംശയം ശക്തമാക്കി. പഴയ കേസിലെ പ്രതി പുതിയ പാസ്പോർട്ടിൽ എത്തിയതാകുമെന്നായിരുന്നു അധികൃതരുടെ നിഗമനം.
സൗദിയിലെ അൽ അഹ്സയിലെ പൊലീസ് സ്റ്റേഷനിൽ ഒരു കേസുണ്ടെന്നും അത് വാറൻറ് (മത്ലൂബ്) ആയെന്നും കണ്ടെത്തിയതിനെ തുടർന്ന് ആസിഫ് ഖാനെ അൽ അഹ്സയിലേക്ക് അയച്ചു. അവിടത്തെ ജീവകാരുണ്യപ്രവർത്തകനും നവോദയ രക്ഷാധികാരിയുമായ ഹനീഫ മൂവാറ്റുപുഴയുടെ ഇടപെടലാണ് ആശ്വാസമായത്.
എംബസി ഉൾപ്പെടെയുള്ളവരുടെ അന്വേഷണത്തിൽ ഇദ്ദേഹം ഇതിനുമുമ്പ് സൗദിയിൽ എത്തിയിട്ടില്ലെന്ന് ബോധ്യമായെങ്കിലും കമ്പ്യൂട്ടറിലെ വിവരങ്ങൾ ഇദ്ദേഹത്തെ കുറ്റമുക്തമാക്കാൻ പര്യാപ്തമായിരുന്നില്ല.
ഒടുവിൽ ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം ഹനീഫ മൂവാറ്റുപുഴ സ്വന്തം ജാമ്യത്തിൽ ഇദ്ദേഹത്തെ പുറത്തിറക്കി ഹജ്ജിനായി തിരികെ അയച്ചു. ഹജ്ജ് കഴിഞ്ഞാൽ ഉടനെതന്നെ തിരികെ എത്തണമെന്നായിരുന്നു നിർദേശം. പുലർച്ചെ രണ്ടോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. അതുവരെ ഇദ്ദേഹത്തോടൊപ്പം ഹനീഫയും പൊലീസ് സ്റ്റേഷനിൽ ചെലവഴിച്ചു.
എംബസിയുടെ അന്വേഷണ റിപ്പോർട്ട് ഉൾപ്പെടെ പൊലീസ് സ്റ്റേഷനിൽ നൽകുകയും വിശദമായ അന്വേഷണത്തിനൊടുവിൽ ഇദ്ദേഹത്തെ ജിദ്ദയിൽനിന്നുതന്നെ നാട്ടിലയക്കാമെന്ന് പൊലീസ് സമ്മതിക്കുകയുമായിരുന്നു.
ആദ്യ യാത്രയിൽതന്നെ ചെയ്യാത്ത കുറ്റത്തിന് സൗദിയിൽ വിചാരണക്കു വിധേയമായ ആസിഫ് ഖാന് ഇത് മറക്കാനാവാത്ത ഹജ്ജനുഭവമാണ്. കൂടെയുള്ളവരെല്ലാം മടങ്ങിയിട്ടും ഇദ്ദേഹത്തിന് ജിദ്ദയിൽ തുടരേണ്ടിവരുകയായിരുന്നു. കഴിഞ്ഞ ദിവസം അധികൃതരുടെ പ്രത്യേക അനുമതിയോടെ ഇദ്ദേഹം ജിദ്ദയിൽനിന്ന് ലഖ്നോവിലേക്ക് പറന്നു.
വിമാനം പുറപ്പെട്ടതിനുശേഷം മാത്രമാണ് ഇക്കാര്യത്തിൽ വിശ്വാസം വന്നതെന്ന് ഹനീഫ മൂവാറ്റുപുഴ പറഞ്ഞു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി മോയിൻ അക്തർ എല്ലാ പിന്തുണയുമായി ഒപ്പം നിന്നത് വലിയ കരുത്തായി എന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് സംഘങ്ങൾ ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.