അമിത ഹജ്ജ് യാത്രാനിരക്ക്; കോഴിക്കോട് വിമാനത്താവളത്തെ തകർക്കാൻ- എം.പിമാർ
text_fieldsന്യൂഡൽഹി: സംസ്ഥാനത്തെ ഏക പൊതുമേഖലാ വിമാനത്താവളമായ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെടുന്ന ഹജ്ജ് തീർഥാടകർക്ക് സ്വകാര്യ വിമാനത്താവളങ്ങളായ കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളേക്കാൾ ഹജ്ജ് വിമാന നിരക്കിൽ 40,000രൂപ അധികം ഈടാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ സമീപനം ക്രൂരവും നീതീകരിക്കാനാകാത്തതുമാണെന്ന് എം.പിമാർ.
കോഴിക്കോട് നിന്നുള്ള അമിത വിമാന നിരക്കിനുപിന്നിൽ കോഴിക്കോട് വിമാനത്താവളത്തെ തളർത്താനും എംബാർക്കേഷൻ പോയന്റ് അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായും എം.പിമാരായ എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ സംയുക്ത വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
എയർ ഇന്ത്യ എക്സ്പ്രസ് ഹജ്ജ് യാത്രാ സർവിസ് നടത്തുന്ന കോഴിക്കോടുനിന്നും കണ്ണൂരിൽനിന്നും സൗദിയിലക്ക് ഒരേ ദൂരവും ഒരേ മോഡൽ വിമാനവുമാണുള്ളത്. എന്നാൽ, കോഴിക്കോട് നിന്നും 3,70,250രൂപയും കണ്ണൂരിൽ നിന്ന് 3,29,900 രൂപയുമാണ് ഈടാക്കുന്നത്. സൗദി എയർലൈൻസ് സർവിസ് നടത്തുന്ന കൊച്ചിയിൽ നിന്ന് 3.26.650 രൂപയുമാണ് ഈ വർഷത്തെ ഹജ്ജിനുള്ള ആകെ തുക.
കോഴിക്കോട് നിന്നുള്ള അമിത നിരക്ക് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ സർക്കുലറിലെയും വ്യോമയാന സെക്രട്ടറിയുടെ വിശദീകരണത്തിനും ശേഷം എം.പിമാരുടെ സംഘം കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു, സിവിൽ വ്യോമയാന സെക്രട്ടറി എന്നിവരുമായി ചർച്ച നടത്തി. എയർ ഇന്ത്യയുടെ നടപടി തെറ്റാണെന്ന് സമ്മതിക്കുന്ന കേന്ദ്രം വിഷയത്തിൽ നടപടിയെടുക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി.
ഹാജിമാരെ കൊള്ളയടിക്കുന്ന വിഷയത്തിൽ കേരള സർക്കാറും മൗനം പാലിക്കുകയാണ്. കോഴിക്കോടുള്ള ഹാജിമാരെ കണ്ണൂരിലേക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നത്. ഇതിനുപിന്നിലെ സ്നേഹം എന്താണെന്ന് എല്ലാവർക്കും മനസ്സിലാകുമെന്നും എം.കെ. രാഘവൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.