ചൂഷണം: സ്വകാര്യ ഹജ്ജ് തീര്‍ഥാടകര്‍ ജാഗ്രത പാലിക്കണം -ഹജ്ജ് കമ്മിറ്റി
text_fieldsകൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടനത്തിന്‍റെ മറവില്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി. അംഗീകാരമില്ലാത്ത ടൂര്‍ ഓപറേറ്റര്‍മാര്‍ തീര്‍ഥാടകരെ തെറ്റിദ്ധരിപ്പിച്ച് പാസ്‌പോര്‍ട്ടും പണവും വാങ്ങിവെച്ചാണ് ചൂഷണം നടത്തുന്നത്. ഇക്കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും തുടര്‍നടപടി ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
മുന്‍ വര്‍ഷങ്ങളിലും സമാന രീതിയില്‍ തട്ടിപ്പുകള്‍ നടന്നിരുന്നു. പാസ്‌പോര്‍ട്ട് മുന്‍കൂട്ടി വാങ്ങിവെച്ചാണ് തട്ടിപ്പ്. പാസ്‌പോര്‍ട്ട് കൈവശം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ വഴി ഹജ്ജിന് അപേക്ഷിക്കാന്‍ കഴിയാത്തവര്‍ നിരവധിയാണ്. മഹ്‌റമില്ലാതെ ഒറ്റക്ക് അപേക്ഷിക്കാന്‍ ഒരുങ്ങുന്നവരെ സമീപിച്ച് വന്‍ തുക വാങ്ങി ഒരു പരിചയവുമില്ലാത്തവരെ ഒരേ കവറില്‍ അപേക്ഷിപ്പിക്കുകയും അതുവഴി സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്യുന്നുണ്ട്.
തട്ടിപ്പുകള്‍ക്ക് ഇടംനല്‍കാതെ അംഗീകൃത സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ വഴി അപേക്ഷ നല്‍കണം. അംഗീകൃത ഏജന്‍സികളുടെ വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും ലിസ്റ്റ് പത്രമാധ്യമങ്ങള്‍ക്ക് നല്‍കാനും നടപടി സ്വീകരിച്ചുവരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.