ഹജ്ജ്: നെടുമ്പാശ്ശേരിയിൽനിന്ന് ആദ്യ തീർഥാടകസംഘം യാത്രയായി
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ ഹജ്ജ് വിമാനം ജിദ്ദയിലേക്ക് യാത്രയായി. 209 പുരുഷന്മാരും 196 വനിതകളുമായി 405 തീർഥാടകരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മന്ത്രി വി. അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, എം.എൽ.എമാരായ അൻവർ സാദത്ത്, മുഹമ്മദ് മുഹ്സിൻ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ സഫർ എ. ഖയാൽ, പി.പി. മുഹമ്മദ് റാഫി, പി.ടി. അക്ബർ, കെ. മുഹമ്മദ് കാസിം കോയ, എക്സി. ഓഫിസർ പി.എം. ഹമീദ്, ക്യാമ്പ് കോഓഡിനേറ്റർ ടി.കെ. സലിം, സിയാൽ ഡയറക്ടർ ജി. മനു, സൗദി എയർലൈൻസ് പ്രതിനിധി ഹസൻ പൈങ്ങോട്ടൂർ, എസ്. സ്മിത്ത്, ഹജ്ജ് സെൽ ഓഫിസർ ഡിവൈ.എസ്.പി എം.ഐ ഷാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മുൻ ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ നേതൃത്വത്തിൽ രാവിലെ 6.45ന് ഹജ്ജ് ക്യാമ്പിൽ പ്രാർഥനാസംഗമം നടന്നു. ഒമ്പതോടെ മുഴുവൻ തീർഥാടകരെയും വിമാനത്താവളത്തിൽ എത്തിച്ചു. 11.30നാണ് എസ്.വി 3783 നമ്പർ സൗദി എയർലൈൻസ് വിമാനം പറന്നുയർന്നത്.
ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പെരുമ്പാവൂർ വെങ്ങോല സ്വദേശി തൽഹത്താണ് ഈ വിമാനത്തിലെ ഹജ്ജ് വളന്റിയർ. സൗദി എയർലൈൻസാണ് കൊച്ചിയിൽനിന്ന് ഹജ്ജ് സർവിസ് നടത്തുന്നത്. മൊത്തം ആറ് സർവിസുകളാണുള്ളത്.
കേരളത്തിൽനിന്ന് 2145 തീർഥാടകർ മക്കയിലെത്തി
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന മൂന്ന് എംബാർക്കേഷൻ പോയന്റുകളിൽനിന്ന് 13 വിമാനങ്ങളിലായി 2145 തീർഥാടകർ മക്കയിലെത്തി. 1099 പേർ പുരുഷന്മാരും 1046 പേർ സ്ത്രീകളുമാണ്. കരിപ്പൂരിൽനിന്ന് ഒമ്പത്, കണ്ണൂരിൽനിന്ന് മൂന്ന്, കൊച്ചിയിൽനിന്ന് ഒന്ന് വീതം വിമാനങ്ങളാണ് സർവിസ് നടത്തിയത്. മക്കയിലെത്തിയ തീർഥാടകർ വിവിധ സംഘങ്ങളായി ഉംറ നിർവഹിച്ചു.
തീർഥാടകരെല്ലാം സംതൃപ്തരാണെന്ന് മക്കയിലെ വളന്റിയർമാരും ഉദ്യോഗസ്ഥരും അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് കരിപ്പൂരിൽനിന്ന് പുറപ്പെടുന്ന ഐ.എക്സ് 3021 നമ്പർ വിമാനത്തിൽ 69 പുരുഷന്മാരും 76 സ്ത്രീകളും യാത്രയാവും. വൈകുന്നേരം 6.35ന് പുറപ്പെടുന്ന വിമാനത്തിൽ പൂർണമായും സ്ത്രീകളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.