ഹജ്ജിനു ശേഷം മദീന സന്ദർശനത്തിന് തീർഥാടകരുടെ ഒഴുക്ക്
text_fieldsമദീന: ഹജ്ജ് കർമങ്ങൾക്ക് പരിസമാപ്തി കുറിച്ചപ്പോൾ തീർഥാടകർ മദീന സന്ദർശനത്തിനായി ഒഴക്കുതുടരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനുമുമ്പ് പ്രവാചകന്റെ പള്ളിയും പ്രധാന ചരിത്രപ്രദേശങ്ങളും കൂടി സന്ദർശിക്കാൻ തീർഥാടകർ എത്തിയതോടെ മദീന നഗരം ജനത്തിരക്കിലമർന്നു.
ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്കുകീഴിൽ ഹജ്ജിനെത്തിയ തീർഥാടകർ നേരത്തേ മദീന സന്ദർശനം പൂർത്തിയാക്കി നാട്ടിലേക്കുള്ള മടക്കത്തിലാണ്. പല സംഘങ്ങളും ഇതിനകം നാടണഞ്ഞുകഴിഞ്ഞു. വിദേശ രാജ്യങ്ങളിലെ പല ഹജ്ജ് സംഘങ്ങളും ഹജ്ജിനുശേഷമാണ് മദീന സന്ദർശന പദ്ധതികൾ നടപ്പാക്കുന്നത്. മദീനയിലെത്തുന്നവർക്ക് സുഗമമായ സന്ദർശനം പൂർത്തിയാക്കാൻ ആരോഗ്യ-സേവന മേഖലയിൽ പ്രവർത്തിക്കുന്നവർ തീർഥാടകരുടെ കൂടെ സേവനത്തിനായി രംഗത്തുണ്ട്.
പ്രവാചകന്റെ പള്ളിയിലേക്ക് തീർഥാടകരെ കൊണ്ടുപോകുന്നതിനും ഹിജ്റ ഹൈവേയിലെ മദീന ഗേറ്റിലൂടെ പുണ്യനഗരത്തിലേക്ക് പ്രവേശിക്കുന്നതിനും രാജ്യത്തിന്റെ വടക്കൻ അതിർത്തി പോയന്റുകളിലേക്കുള്ള ബസുകൾ നിയുക്ത വഴികളിലൂടെ നയിക്കുന്നതിനും ബസുകൾ സുഗമമായ രീതിയിൽ യാത്ര ചെയ്യാനും എല്ലാ നടപടികളും പൂർത്തിയാക്കി. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെയും മറ്റ് ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെയും മേൽനോട്ടത്തിൽ തിരക്കുകൾ കുറക്കാനും ചുരുങ്ങിയ സമയത്തിനുള്ളിൽ മദീന സന്ദർശനം പൂർത്തിയാക്കാനും സംവിധാനമൊരുക്കി.
മദീനയിലെ അമീർ മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീർഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 3,90,000 വിദേശ തീർഥാടകർ ഹജ്ജിനുമുമ്പ് മദീന സന്ദർശനം പൂർത്തിയാക്കിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.