വ്യക്തിപരമായി ഹജ്ജിന് അപേക്ഷിക്കാം; സംവിധാനം ഉടൻ
text_fieldsജിദ്ദ: സൗദിക്ക് പുറത്തുള്ള വിദേശികൾക്ക് ഹജ്ജിന് വ്യക്തിപരമായി അപേക്ഷിക്കാനുള്ള അവസരമൊരുങ്ങുന്നു. സൗദി ഹജ്ജ് മന്ത്രാലയമാണ് ‘വ്യക്തിഗത തീർഥാടന’ സേവനമെന്ന പേരിൽ പുതിയ സംവിധാനമൊരുക്കുന്നത്. വിശദാംശങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. നടപ്പായാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് വ്യക്തിപരമായി നേരിട്ട് ഹജ്ജ് വിസക്ക് അപേക്ഷിക്കാൻ കഴിയും.
നിലവിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് സർക്കാർ, സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾക്ക് കീഴിലേ വരാനാവൂ. പുണ്യഭൂമിയിലെത്തിയ ശേഷം ഉംറക്കും മദീന റൗദ സന്ദർശനത്തിനുമുള്ള അനുമതിപത്രം നേടാനും നിർദ്ദിഷ്ട സംവിധാനം വഴി സാധിക്കും. മന്ത്രാലയത്തിെൻറ വെബ് സൈറ്റ്, നുസുക് മൊബൈൽ ആപ്ലിക്കേഷൻ വഴി വിസക്ക് അപേക്ഷിക്കാനാണ് സൗകര്യമൊരുക്കുക എന്നാണ് വിവരം.
സൗദി വിദേശകാര്യ മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത സ്മാർട്ട്ഫോണുകൾ വഴിയാണ് ഈ സേവനം ലഭ്യമാക്കുക. ഹജ്ജ് വിസ നടപടികളും യാത്രകളും കൂടുതൽ എളുപ്പമാക്കുന്നതിന് ഓൺലൈൻ സംവിധാനം വികസിപ്പിക്കുന്നതടക്കമുള്ള നടപടികൾ മന്ത്രാലയത്തിന് കീഴിൽ പുരോഗമിക്കുകയാണ്. ബ്രിട്ടൻ, ടുണീഷ്യ, ബംഗ്ലാദേശ്, മലേഷ്യ, കുവൈത്ത് എന്നീ അഞ്ച് രാജ്യങ്ങളിലുള്ളവർക്ക് ഇലക്ട്രോണിക് രീതിയിൽ ബയോ മെട്രിക് സംവിധാനത്തിലൂടെ വിസ ലഭ്യമാക്കുന്ന സേവനം ആരംഭിക്കുന്നതിനും മന്ത്രാലയം ശ്രമമാരംഭിച്ചു.
ഈ രാജ്യങ്ങളിലെ തീർഥാടകർക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ബയോമെട്രിക് അടയാളങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സേവനമാണ് ആരംഭിച്ചത്. ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിൽ ഇത് ഉടനെ നടപ്പാക്കാനാണ് മന്ത്രാലയത്തിെൻറ നീക്കം. ഇത് ഹജ്ജ് വിസ നടപടികളും യാത്രയും കൂടുതൽ എളുപ്പമാക്കും. കോവിഡ് ചികിത്സയുൾപ്പടെ ഹജ്ജ് ഉംറ തീർഥാടകർക്ക് മെഡിക്കൽ സേവനം നൽകുന്നതിനായി പുതിയ സമഗ്ര ഇൻഷൂറൻസ് പദ്ധതി നടപ്പാക്കാനും മന്ത്രാലയത്തിന് നീക്കമുണ്ട്. തീർഥാടകരുടെ ഹോട്ടൽ റിസർവേഷനുകൾ, ഗതാഗതം തുടങ്ങിയ മുഴുവൻ സേവനങ്ങളും ഇല്ക്ടോണിക് രീതിയിലേക്ക് മാറ്റുവാനുള്ള ശ്രമത്തിലാണ് മന്ത്രാലയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.