പുണ്യസ്ഥലങ്ങളിൽ കൊടും ചൂടിനെതിരെ തണലിട്ട് ‘ഹരിതവത്കരണം’
text_fieldsമക്ക: ഹജ്ജിനെത്തുന്ന തീർഥാടകർക്ക് കൊടുംചൂടിൽ നിന്ന് ആശ്വാസമേകി പുണ്യസ്ഥലങ്ങളിൽ നടപ്പാക്കിയ ഹരിതവത്കരണം ഏറെ ഫലം ചെയ്തതായി വിലയിരുത്തൽ. തീർഥാടകരെ സൂര്യാഘാതത്തിൽനിന്ന് സംരക്ഷിക്കാൻ സൗദി അറേബ്യ വളരെയധികം ശ്രദ്ധിക്കുന്ന പ്രധാനപ്പെട്ട പരിസ്ഥിതി പദ്ധതികളിലൊന്നാണ് വനവത്കരണം. ഈ വർഷത്തെ ഹജ്ജ് കൊടും വേനൽ കാലത്താണ്. ദേശീയ കാലാവസ്ഥ കേന്ദ്ര റിപ്പോർട്ട് അനുസരിച്ച് ചൊവ്വാഴ്ച സൗദിയിലെ ഏറ്റവും ഉയർന്ന താപനിലയായ 48 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അറഫയിൽ റിപ്പോർട്ട്ചെയ്തിരുന്നത്.
അറഫയിലെ ചൂടുള്ള കാലാവസ്ഥക്ക് കുളിരു പകരുന്നതാണ് പന്തലിച്ച് നിൽക്കുന്ന ആര്യവേപ്പ് മരങ്ങൾ. വിശാലമായ അറഫ മൈതാനത്ത് തണൽ പകരുന്ന ആര്യവേപ്പ് മരങ്ങളുടെ ഹരിതാഭമായ കാഴ്ച ഹജ്ജിനെത്തിയവർക്ക് മറക്കാനാവില്ല. സുഡാൻ മുൻ പ്രസിഡന്റ് ജഅ്ഫർ നുമൈരി മൂന്നരപ്പതിറ്റാണ്ട് മുമ്പ് ആയിരത്തോളം ആര്യവേപ്പ് ചെടികൾ അറഫ മൈതാനത്ത് നട്ടുപിടിപ്പിക്കാൻ നൽകിയിരുന്നു. ഇത് വലിയ പരിഗണനയോടെ സൗദി ഗവൺമെന്റ് നട്ടുപിടിപ്പിച്ച് വലുതാക്കി.
തുടക്കത്തിൽ ജബലുറഹ്മ, മസ്ജിദുന്നമിറ എന്നിവക്കടുത്ത് മാത്രമായിരുന്നു ആര്യവേപ്പ് മരങ്ങൾ. ഇന്നിപ്പോൾ അറഫയുടെ മുഴുവൻ ഭാഗങ്ങളിലും മരങ്ങൾ നിറഞ്ഞിരിക്കുന്നു. അഞ്ചു ലക്ഷത്തിലധികം ആര്യവേപ്പ് മരങ്ങൾ അറഫയിൽ മാത്രം ഉണ്ടെന്നാണ് കണക്ക്. സൂര്യാസ്തമനം വരെ ലക്ഷക്കണക്കിന് തീർഥാടകർക്കാണ് ഈ വേപ്പ് മരങ്ങൾ തണലേകുന്നത്.
കൊടും ചൂടിൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള സൗദി ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി 1,30,000 മരങ്ങൾ വനവത്കരണ പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിച്ചതായി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു. കദാന ഡെവലപ്മെന്റ് കമ്പനി പ്രഖ്യാപിച്ച ജബൽ അൽ റഹ്മയോട് ചേർന്നുള്ള 20,000 ചതുരശ്ര മീറ്റർ പ്രദേശം വികസിപ്പിക്കാനുള്ള പദ്ധതിയും ഹരിതവത്കരണത്തിന്റെ ഭാഗമായി പുരോഗതി പ്രാപിച്ചുവരുകയാണ്.
റോയൽ കമീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റിന്റെ (ആർ.സി.എം.സി) ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് ‘മക്ക ഗ്രീൻ’ സംരംഭം. ലോകത്തിലെ ഏറ്റവും വലിയ വനവത്കരണ പരിപാടിയായി കണക്കാക്കപ്പെടുന്ന 50 ലക്ഷം കോടി മരങ്ങൾ നട്ടുപിടിപ്പിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച സൗദി ഗ്രീൻ ഇനിഷ്യേറ്റിവ്, മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവ് എന്നിവയുടെ ഭാഗമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.