ഹജ്ജ് തീർഥാടകർക്ക് മാർഗനിർദേശങ്ങൾ
text_fieldsകുവൈത്ത് സിറ്റി: ഹജ്ജ് തീർഥാടകർക്കുള്ള മാർഗനിർദേശങ്ങൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഹജ്ജിന് പോകുന്നതിന് 10 ദിവസം മുമ്പെങ്കിലും കോവിഡ്19, മെനിഞ്ചൈറ്റിസ്, ബാക്ടീരിയ ന്യുമോണിയ, സീസണൽ ഇൻഫ്ലുവൻസ എന്നിവക്കെതിരെ വാക്സിനേഷൻ എടുക്കണം.
യാത്രക്കിടെ തീർഥാടകർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കൈവശം വെക്കണം. പ്രമേഹം, ഹൃദ്രോഗം മുതലായ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന തീർഥാടകർ യാത്രക്കുമുമ്പ് ഡോക്ടർമാരുമായി കൂടിയാലോചിച്ച് ആവശ്യമായ അളവിൽ മരുന്നുകൾ കരുതണം.
ആരോഗ്യപ്രശ്നങ്ങൾ, മരുന്നുകൾ, നിർദേശിച്ച ഡോസുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടുകളും കരുതണം. മുഖാവരണം ധരിക്കുക, ചുമക്കുമ്പോഴോ തുമ്മുമ്പോഴോ ടിഷ്യൂകൾ ഉപയോഗിക്കുക, ശ്വാസകോശ അണുബാധ തടയുന്നതിനായി സോപ്പ്, വെള്ളം, അണുനാശിനി എന്നിവ ഉപയോഗിച്ച് കൈ കഴുകുക.
രോഗലക്ഷണങ്ങൾ കാണിക്കുന്നവരുമായി നേരിട്ട് ബന്ധപ്പെടുന്നത് ഒഴിവാക്കുക എന്നീ നിർദേശങ്ങളും ഉണ്ട്. നിർജലീകരണം ഒഴിവാക്കാൻ വലിയ അളവിൽ വെള്ളം, ദ്രാവകങ്ങൾ, ജ്യൂസുകൾ എന്നിവ കുടിക്കാനും പഴങ്ങളും പച്ചക്കറികളും പോലുള്ള ജലസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കാനും മന്ത്രാലയം തീർഥാടകരെ ഉണർത്തി.
വെയിൽ കൊള്ളാതിരിക്കാനും സൂര്യനിൽനിന്ന് രക്ഷ തേടാനും തിരക്ക് ഒഴിവാക്കാനും ശ്രദ്ധിക്കണം. തീർഥാടകർ തങ്ങളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സൗദി അധികാരികൾ നൽകുന്ന മുൻകരുതൽ നടപടികളും നിർദേശങ്ങളും പാലിക്കാനും കുവൈത്ത് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.