ഹജ്ജ് അപേക്ഷ; അനിശ്ചിതത്വം തുടരുന്നു
text_fieldsകരിപ്പൂർ: ഹജ്ജിന് അപേക്ഷ സ്വീകരിക്കാനുള്ള നടപടിക്രമങ്ങൾ നീളുന്നു. ജനുവരി ഒന്നുമുതൽ അപേക്ഷ സ്വീകരിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചിരുന്നു. എന്നാൽ, ഞായറാഴ്ച അപേക്ഷ സ്വീകരിക്കൽ തുടങ്ങിയില്ല. ഇനിയും വൈകുമെന്നാണ് സൂചന.
അപേക്ഷ നടപടികൾ ആരംഭിക്കണമെങ്കിൽ പുതിയ ഹജ്ജ് നയം തയാറാകണം. 2023 മുതൽ 2028 വരെയുള്ള നയം അന്തിമമായിട്ടില്ല. ഇത് കേന്ദ്രം അംഗീകരിച്ചാൽ മാത്രമേ അപേക്ഷ നടപടിക്രമങ്ങൾ ആരംഭിക്കാൻ സാധിക്കൂ. കൂടാതെ, കോവിഡ് പശ്ചാത്തലത്തിൽ ഹജ്ജിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് സൗദി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രായപരിധി, അനുവദിക്കുന്ന ക്വോട്ട എന്നിവ സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല.
കഴിഞ്ഞ വർഷവും സൗദി പ്രഖ്യാപനം വൈകിയിരുന്നുവെങ്കിലും നേരത്തേതന്നെ ഹജ്ജ് അപേക്ഷകൾ സ്വീകരിച്ചിരുന്നു. 2021 നവംബർ ഒന്നുമുതൽ 2022 ജനുവരി 31 വരെയായിരുന്നു 2022ലെ സമയക്രമം. ഇക്കുറി കുറഞ്ഞ സമയമേ അപേക്ഷ നൽകാൻ ലഭിക്കൂ. ആദ്യമായാണ് ഹജ്ജ് അപേക്ഷ സ്വീകരിക്കാൻ ഇത്രയും വൈകുന്നതെന്ന വിമർശനം ശക്തമാണ്. അഞ്ചുവർഷം കൂടുമ്പോഴാണ് നയം പുതുക്കേണ്ടത്. നിലവിലെ നയം കഴിഞ്ഞ വർഷമാണ് അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.