ഹജ്ജ്; പുണ്യസ്ഥലങ്ങളിൽ ജലവിതരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
text_fieldsജിദ്ദ: ഹജ്ജ് സീസണിൽ മക്കയിലും പുണ്യസ്ഥലങ്ങളായ മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലും ആവശ്യമായ ജലം ലഭ്യമാക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായി. ജലവിതരണം കുറ്റമറ്റതാക്കാൻ ആവശ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളും സജ്ജീകരണങ്ങളും ജല, പരിസ്ഥിതി മന്ത്രാലയം പുണ്യസ്ഥലങ്ങളിൽ ഒരുക്കിക്കഴിഞ്ഞു. അറ്റകുറ്റപ്പണികൾ ഏതാണ്ട് പൂർത്തിയായി. മക്കയിലേക്കുള്ള പ്രതിദിന പമ്പിങ് നിരക്ക് ഏഴ് ലക്ഷം ക്യുബിക് മീറ്ററാണ്. പുണ്യസ്ഥലങ്ങളിലെ ജലവിതരണം കൂടുതൽ കാര്യക്ഷമവും എളുപ്പവുമാക്കാൻ 253 ദശലക്ഷം റിയാലിലധികം ചെലവിൽ 10 പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
ഈ വർഷത്തെ ഹജ്ജ് സീസണിനായുള്ള പ്രവർത്തന പദ്ധതി സജ്ജമായതായി ദേശീയ വാട്ടർ കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ എൻജിനീയർ നമിർ ബിൻ മുഹമ്മദ് അൽശിബ്ൽ പറഞ്ഞു. പദ്ധതി നേരത്തേ തന്നെ വികസിപ്പിച്ചെടുക്കുകയും ആവശ്യമായ അളവിൽ വെള്ളം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് ദശലക്ഷം ക്യുബിക് മീറ്ററിലധികം സംഭരണശേഷിയുള്ള ടാങ്കുകളുണ്ട്. ഹജ്ജ് സീസണിൽ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും ജലവിതരണം സുഗമമാക്കുന്നതിനാണ് ഇവ ഒരുക്കിയത്.
253 ദശലക്ഷം റിയാലിലധികം വരുന്ന പദ്ധതികൾ നടപ്പാക്കി. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ജലവിതരണം കുറ്റമറ്റതാക്കുന്നതിനും പുണ്യസ്ഥലങ്ങളിലെ വിതരണ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും മലിനജല ലൈനുകളുടെ ശേഷി വർധിപ്പിക്കുന്നതിനും നിരവധി പദ്ധതികൾ നടപ്പാക്കി. അറഫയിലെ ജലവിതരണത്തെ പിന്തുണക്കുക, വാട്ടർ ടാങ്കുകളും പമ്പുകളും പുനഃസ്ഥാപിക്കുക എന്നിവയും നടപ്പാക്കിയ പദ്ധതികളിലുൾപ്പെടുമെന്നും സി.ഇ.ഒ പറഞ്ഞു.
മിനയിലെ തമ്പുകളിലേക്കുള്ള കൂളിങ് നെറ്റ്വർക് ലൈനുകളുടെ കാര്യക്ഷമത വർധിപ്പിച്ചിട്ടുണ്ട്. ജലത്തിന്റെ ഗുണനിലവാരം തത്സമയം നിരീക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും പ്രവർത്തനങ്ങൾ മോണിറ്ററിങ്, കൺട്രോൾ റൂമുകൾ വഴിയാണ് നിയന്ത്രിക്കുന്നത്.
ഇതിനു മേൽനോട്ടം വഹിക്കുന്നതിന് പരിശീലനം ലഭിച്ച 2000ത്തോളം ആളുകളുണ്ട്. മസ്ജിദുൽ ഹറാം, ഹറം ഏരിയ, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് ദിവസം ഏഴ് ലക്ഷം ക്യുബിക് മീറ്റർ വരെ വെള്ളം പമ്പ് ചെയ്യുന്നതായും ദേശീയ വാട്ടർ കമ്പനിയുടെ സി.ഇ.ഒ സൂചിപ്പിച്ചു.
മക്കയിലേക്ക് പ്രതിദിനം 22 മണിക്കൂർ വെള്ളം പമ്പ് ചെയ്യുന്നുണ്ട്. പൈപ്പ് ലൈനുകളില്ലാത്ത സ്ഥലങ്ങളിലേക്ക് വെള്ളത്തിന് മക്കയിലെ കമ്പനിയുടെ ഫില്ലിങ് സ്റ്റേഷനുകൾ പൂർണ ശേഷിയിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. തീർഥാടകരുടെ വരവ് മുതൽ അവർ മടങ്ങുന്നത് വരെ എല്ലാ സേവനങ്ങളും നൽകാൻ കമ്പനി പ്രവർത്തനം തുടരുമെന്നും വാട്ടർ കമ്പനി സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.