ഹജ്ജ്: പ്രവാസികൾക്കുള്ള പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചു
text_fieldsദോഹ: ഈ വർഷം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർക്കുള്ള പുതിയ നിർദേശങ്ങൾ എൻഡോവ്മെന്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് (ഔഖാഫ്) മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വകുപ്പ് ഡയറക്ടർ അലി ബിൻ സുൽത്താൻ അൽ മിസിഫ്രി വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഹജ്ജ് പെർമിറ്റിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും രണ്ട് ഡോസ് കോവിഡ് -19 വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണം. ഒന്നാമത്തെയും രണ്ടാമത്തെയും കുത്തിവെപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതോടൊപ്പം വാക്സിനേഷൻ എടുത്തതിന്റെ തെളിവും തീർഥാടകർ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തേണ്ടത് നിർബന്ധമാണ്.
ഖത്തറിൽനിന്ന് ഹജ്ജിന് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ പ്രായം 40 വയസ്സിൽ കുറയരുത്. ഖത്തറിൽ 10 വർഷത്തെ താമസം പൂർത്തിയിരിക്കണമെന്നും വകുപ്പിന്റെ വ്യവസ്ഥയിൽ ഉൾപ്പെടുന്നു. ഖത്തർ പൗരന്മാർക്കും ഖത്തറിൽ താമസിക്കുന്ന ജി.സി.സി നിവാസികൾക്കും കുറഞ്ഞ പ്രായം 18 ആണ്.
അപേക്ഷകൻ അവരുടെ Hajj.gov.qa വെബ്സൈറ്റിൽ ഐ.ഡി കാർഡിന്റെ നമ്പർ നൽകണം. കാർഡിന്റെ എക്സ്പയറി ഡേറ്റും ഫോൺ നമ്പറും ഇതോടൊപ്പം നൽകണം. തുടർന്ന് അപേക്ഷ അന്തിമമാക്കാൻ കഴിയുന്ന പേജിലേക്ക് റീഡയറക്ട് ചെയ്യുന്ന ഒരു ലിങ്ക് അടങ്ങിയ സന്ദേശം അപേക്ഷകന്റെ ഫോണിൽ ലഭ്യമാകും. അതിൽ പാസ്പോർട്ടും ഇമെയിലും ഉൾപ്പെടെ ആവശ്യമായ മറ്റു വിശദാംശങ്ങളും നൽകണം. അപേക്ഷയിൽ ചേർക്കാനുള്ള മറ്റേതെങ്കിലും വ്യക്തികൾ ഒപ്പമുണ്ടോ എന്ന് അന്തിമമായി സേവ് ചെയ്യുന്നതിനും സബ്മിറ്റ് ചെയ്യുന്നതിനും മുമ്പ് അപേക്ഷകനോട് ചോദിക്കും. സബ്മിറ്റ് ചെയ്താൽ, അപേക്ഷകന് ലഭിക്കുന്ന നമ്പർ ഓൺലൈനിൽ അപേക്ഷയുടെ നില ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാം.
2023 ഫെബ്രുവരി 12 രാവിലെ എട്ടിന് വെബ്സൈറ്റിൽ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങും. 2023 മാർച്ച് 12 വരെ ഒരു മാസം മുഴുവനും അപേക്ഷ നൽകാം. അവസാന തീയതിക്കുശേഷം ഒരാഴ്ച മുതൽ പത്തു ദിവസം വരെയുള്ള കാലയളവിനുള്ളിൽ ഫലങ്ങൾ പ്രഖ്യാപിക്കും.
ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിന് അംഗീകൃത ഹജ്ജ് ട്രാവൽ ഏജൻസികൾ വാഗ്ദാനം ചെയ്യുന്ന ഹജ്ജ് പാക്കേജ് തുക നിരീക്ഷിക്കാൻ പരമാവധി ശ്രമിക്കുമെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.
അപേക്ഷ കഴിയുന്നിടത്തോളം ആളുകൾക്ക് ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. മൊത്തം ഹജ്ജ് യാത്രക്കാരുടെ അന്തിമ എണ്ണം സൗദി അറേബ്യൻ സർക്കാർ അനുവദിച്ച ഔദ്യോഗിക ക്വോട്ടക്ക് വിധേയമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.