പ്രതാപം വീണ്ടെടുത്ത് തീർഥാടനം
text_fieldsമക്കയിലേക്കുള്ള തീർഥാടനചരിത്രത്തിന് പ്രവാചകന് മുമ്പുതന്നെ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. രാത്രയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഇരു ഹറമുകളും വിശ്വാസികളാൽ നിറഞ്ഞ കാഴ്ചയേ ലോകത്തിന് പരിചയമുള്ളൂ. എന്നാൽ, കോവിഡ് മഹാമാരി ലോകത്തെയാകെ നിശ്ചലമാക്കിയപ്പോൾ ഇരു ഹറമുകളും ആളനക്കമില്ലാത്ത ശൂന്യമായ കാഴ്ചയായി. ലോകചരിത്രത്തിൽ അപൂർവമായി ഇരു ഹറമുകളും വിശ്വാസികൾക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടച്ചു. 2020 മാർച്ച് മുതൽ വിദേശ ഉംറ തീർഥാടകർക്ക് താൽക്കാലിക നിരോധനമായി. അതേവർഷം നടന്ന ഹജ്ജിൽ മുഴുവൻ പ്രോട്ടോകോളുകളും പാലിച്ച് 1,000 ആഭ്യന്തര തീർഥാടകർക്ക് മാത്രമാണ് ഹജ്ജിൽ പങ്കെടുക്കാനായത്. 2021ൽ 165 രാജ്യങ്ങളുടെ പ്രതിനിധികളായി 60,000 ആഭ്യന്തര തീർഥാടകർക്കും ഹജ്ജിനു അവസരം ലഭിച്ചു. ഇങ്ങനെ രണ്ടു വർഷം കോവിഡ് സൃഷ്ടിച്ച പരിമിതികളിൽനിന്ന് വിടുതൽ നേടി രാജ്യം പൂർണതോതിലുള്ള ഹജ്ജിന് വാതിൽ തുറന്നത് 2022ലായിരുന്നു.
രണ്ടുവർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം വീണ്ടും ഹജ്ജിനായി ലോകത്തിന്റെ അഷ്ടദിക്കിൽനിന്നുള്ള വിശ്വാസികൾക്ക് അവസരം ഒരുക്കി. ലോകത്ത് കോവിഡ് തുടരുന്ന അവസരത്തിലാണ് സൗദി ഭരണാധികാരികൾ ധീരമായ തീരുമാനവുമായി ലോകത്തെ വിശ്വാസികൾക്ക് ആശ്വാസവാർത്ത സമ്മാനിച്ചത്. 10 ലക്ഷം വിശ്വാസികൾക്ക് അവസരമൊരുക്കി.
ഹജ്ജിനെത്തിയ 32 തീർഥാടകർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. വിജയകരമായി ഹജ്ജ് പൂർത്തീകരിക്കാനായത് സൗദി ചരിത്രത്തിലെ പൊൻതൂവലായി മാറി. ലോകാരോഗ്യ സംഘടന അടക്കം ഈ നേട്ടത്തെ പ്രശംസിച്ചു. ലോകം അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോഴും സുരക്ഷിതമായ ഹജ്ജ് കര്‍മം നടത്താന്‍ സാധിച്ചതില്‍ ലോകരാജ്യങ്ങള്‍ സൗദി ഭരണകൂടത്തെ അഭിനന്ദിച്ചു. ലോക മുസ്ലിംകള്ക്കും ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ക്കും സൗദി നല്കുന്ന സഹായങ്ങളും പിന്തുണയും അവർണനീയമാണെന്ന് അറബ് ലോകത്തെ വിവിധ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. ഒ.ഐ.സി സെക്രട്ടറി ജനറൽ, അറബ് പാർലമെൻറ് സ്പീക്കർ, മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ, സൗദി പണ്ഡിത സഭ, ഈജിപ്ഷ്യൻ പണ്ഡിത സഭ എന്നിവരും പ്രശംസയുമായി എത്തി. വീണ്ടും പഴയ പ്രതാപത്തിലുള്ള ഹജ്ജിനാണ് ഇത്തവണ രാജ്യം സാക്ഷ്യംവഹിച്ചത്.
ഈ വർഷം ആഗസ്റ്റോടെ കോവിഡ് വ്യാപനത്തെ തുടർന്ന് കഅ്ബക്ക് ചുറ്റും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്കൂടി നീക്കിയതോടെ കോവിഡിന്റെ നിയന്ത്രണങ്ങൾ ഹറമിൽ പൂർണമായും ഒഴിവായി. കഅ്ബയെ പ്രദക്ഷിണം ചെയ്യുന്ന വിശ്വാസികൾക്ക് അടുത്തുപോകാനും ഹജറുൽ അസ്വദിനെ സ്പർശിക്കാനും ചുംബിക്കാനും കഅ്ബയുടെ ചുവരിൽ തൊട്ട് പ്രാര്‍ഥിക്കാനും രണ്ടുവർഷത്തിന് ശേഷം കഴിഞ്ഞു. ബാരിക്കേഡുകള്‍ നീക്കാന്‍ രാജാവിന്റെ ഉത്തരവായിരുന്നു. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി സൗദി അറേബ്യ സന്ദർശിക്കുന്ന തീർഥാടകരുടെ അനുഭവം മികച്ചതാക്കാൻ സഹായിക്കുന്ന ഇഅ്തമർന ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ അപ്ഡേറ്റായി നുസ്ക് ആപ് പുറത്തിറക്കി ഹജ്ജ്, ഉംറ സേവനങ്ങൾ എളുപ്പമാക്കി. സന്ദർശന, തീർഥാടന വിസകൾക്ക് അപേക്ഷിക്കുന്നതും ഹോട്ടലുകളും വിമാനങ്ങളും ബുക്കുചെയ്യുന്നതും ഉൾപ്പെടെ നിരവധി ഇ-സേവനങ്ങൾ ആക്സസ് ചെയ്യാൻ കഴിയുന്ന തരത്തിൽ മുഴുവൻ സേവനങ്ങളും ഹൈടെക്ക് ആക്കി. ഹജ്ജ്, ഉംറ എന്നിവ നിർവഹിക്കുന്നതിന് സ്ത്രീകൾക്ക് പുരുഷ രക്ഷാധികാരിയുടെയോ തുണ (മഹ്റം) ആവശ്യമില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പ്രഖ്യാപിച്ചതും ഈ വർഷത്തെ പ്രധാന വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.